സ്‌നേഹ സാന്ത്വനത്തിന് പൊതു പ്രവര്‍ത്തകര്‍ കൈകോര്‍ക്കണം: മന്ത്രി രമേശ് ചെന്നിത്തല

Posted on: April 24, 2015 11:28 am | Last updated: April 24, 2015 at 11:28 am

ramesh chennithalaഅരീക്കോട്: പാവപ്പെട്ടവരുടെയും കഷ്ടതയനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പേണ്ടത് പൊതുപ്രവര്‍ത്തകരുടെ കടമയാണെന്നും സ്‌നേഹ സാന്ത്വനത്തിനായി അവര്‍ കൈക്കോര്‍ക്കണമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി കെ ബശീര്‍ എം എല്‍ എയുടെ ജനസമ്പര്‍ക്ക പരിപാടി ‘സ്‌നേഹ സാന്ത്വനം’ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി കെ ബശീര്‍ എം എല്‍ എ പരിപാടിയില്‍ അധ്യക്ഷനായി. പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കേണ്ടത് സാമൂഹിക ബാധ്യതയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഏറനാട് മണ്ഡലം കേന്ദ്രീകരിച്ച് പി കെ ബശീര്‍ എം എല്‍ എ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി മാതൃകാപരമാവും ഭാവനാ പൂര്‍ണമവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സഹായത്തിന് കാത്ത് നില്‍ക്കാതെ പൊതുജന- സ്വാകാര്യ പങ്കാളിത്തത്തോടെ സുതാര്യമായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്ടര്‍ കെ ബിജുവിനെ ആഭ്യന്തര മന്ത്രി പൊന്നാടയണിച്ച് ആദരിച്ചു.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത് മീണ, അസി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മുഹമ്മദ് ഹാജി, മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.