മോഷണ കേസുകളിലെ പ്രതികള്‍ കഞ്ചാവ് സഹിതം അറസ്റ്റില്‍

Posted on: April 24, 2015 11:27 am | Last updated: April 24, 2015 at 11:27 am
SHARE

മഞ്ചേരി: മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടക്കല്‍, നിലമ്പൂര്‍, വണ്ടൂര്‍, കരുവാരക്കുണ്ട് സ്റ്റേഷനുകളിലായി വിവിധ മോഷണ കേസുകളില്‍ പ്രതികളായ രണ്ട് പേരെ മഞ്ചേരി എസ് ഐ പി വിഷ്ണുവും സംഘവും കഞ്ചാവു സഹിതം അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി കുറുവ സ്വദേശികളായ മുരുക്കന്‍കാടന്‍ അസ്‌ക്കറലി (36), പഴമള്ളൂര്‍ കുന്നുമ്മല്‍ മുഹമ്മദ് റഫീഖ് (30) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വിതരണം ചെയ്യുന്ന ഇവരെ ഓട്ടോറിക്ഷ സഹിതം മേലാക്കത്ത് അറസ്റ്റ് ചെയ്തത്. വാഹന മോഷ്ടാവ് ചെമ്പ്രശ്ശേരി ബശീറിന്റെ കൂട്ടാളിയാണ് മുഹമ്മദ് റഫീഖ്. അസ്‌ക്കറലി കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ കരുവാരക്കുണ്ട് ഹസ്സന്‍ ഭായിയുടെ കൂട്ടാളിയുമാണ്. മഞ്ചേരി, പള്ളിപ്പുറം, കൂട്ടിലങ്ങാടി, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ സ്‌കൂളുകളിലും കോളജുകളികലും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പ്രതികള്‍ സമ്മതിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം അവരുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നതായി പോലീസ് പറഞ്ഞു. ഈ നമ്പരുകള്‍ സൈബര്‍ സെല്ലിലേക്ക് കൂടൂതല്‍ അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. പ്രതികള്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കുന്ന മൊത്തക്കച്ചവടക്കാരെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചതായറിയുന്നു.