ചരിത്രത്തിലിടം നേടാന്‍ ‘കുട്ടി ബിനാലെ’ ഒരുങ്ങുന്നു

Posted on: April 24, 2015 5:07 am | Last updated: April 24, 2015 at 9:07 am

കൊല്ലം: ചരിത്രത്തില്‍ ആദ്യമായി കുട്ടികള്‍ തയ്യാറാക്കുന്ന കലകളുടെ മാമാങ്കമായ സ്റ്റുഡന്റ്‌സ് ബിനാലെക്ക് കൊല്ലത്തെ പട്ടത്താനം ഗവ. എസ് എന്‍ ഡി പി യു പി സ്‌കൂള്‍ വേദിയാകുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ബിനാലെ കേരളത്തില്‍ രണ്ട് തവണ കൊച്ചിയില്‍ മാത്രമാണ് നടന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് സ്റ്റുഡന്റ്‌സ് ബിനലെക്ക് വേദിയൊരുങ്ങുന്നത്.
വ്രണിതപ്പെട്ട ശൈശവങ്ങളാണ് കൊച്ചു ബിനാലെക്ക് വിഷയമാകുന്നത്. പുതിയകാലം സൃഷ്ടിക്കുന്ന ഭീതിതമായ അവസ്ഥകളെ വര്‍ണങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനുള്ള ഉദ്യമമാണ് കൊച്ചു ബിനാലെയിലൂടെ കുട്ടികള്‍ നടത്തുന്നത്. ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവും തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥിനിയുമായ പാര്‍വതി എസ് നായരാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍. സാമൂഹികനീതി വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് കൂട്ടായി ചിത്രകാരന്മാരായ ആശ്രാമം സന്തോഷ്, ഓയൂര്‍ ഗോപാലകൃഷ്ണന്‍, ഗുരുപ്രസാദ്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി ഫൈന്‍ ആര്‍ട്‌സ് കോളജിലെ എം എഫ് എ വിദ്യാര്‍ഥികളായ ആര്‍ഷ്ടി ഷേണന്‍, എസ് സനോജ്, റീതു, എം നിതീഷ്, എസ് സജിത്, ജിനോ ജോസഫ് എന്നിവരാണ് ഒരു മാസമായി സ്‌കൂളില്‍ താമസിച്ച് സ്റ്റുഡന്റ്‌സ് ബിനാലെ അണിയിച്ചൊരുക്കുന്നത്. ബിനാലെയുടെ പ്രചാരണാര്‍ഥം കുട്ടികള്‍ പോളയത്തോട് ജംഗ്ഷന്‍ മുതല്‍ അമ്മന്‍മട ജംഗ്ഷന്‍ വരെയുള്ള ചുവരുകളില്‍ ബഹുവര്‍ണ ചിത്രങ്ങള്‍ വരച്ച് വര്‍ണാഭമാക്കി.
ഒരു പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാനും നന്മയുടെ കലവറയാക്കാനും അധ്യാപക- രക്ഷാകര്‍ത്തൃ സമിതിയുടെ ദിശാബോധമുള്ള നേതൃത്വത്തിന് കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് പട്ടത്താനം ഗവ. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് ബിനാലെ. 25ന് രാവിലെ 10ന് പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയാണ് സ്റ്റുഡന്റ്‌സ് ബിനാലെ നാടിന് സമര്‍പ്പിക്കുക. സംസ്ഥാന തലത്തില്‍ തന്നെ മികച്ച പൊതുവിദ്യാലയം എന്ന അംഗീകാരം നേടിയതാണ് പട്ടത്താനം ഗവ. എസ് എന്‍ ഡി പി യു പി സ്‌കൂള്‍.