4999 രൂപക്ക് ലോലിപോപ്പ് ഫോണുമായി മൈക്രോമാക്‌സ്

Posted on: April 23, 2015 7:37 pm | Last updated: April 23, 2015 at 7:37 pm

canvas sparkബജറ്റ് സ്മാര്‍ട് ഫോണുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മൈക്രോമാക്‌സ് പുതിയ സ്മാര്‍ട് ഫോണുമായി എത്തുന്നു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ലോലിപോപ്പുമായാണ് മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക് എത്തുന്നത്. 4999 രൂപയാണ് വില. ലോലിപോപ്പ് റണ്‍ ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ ഫോണാണിത്.

1.3 ജിഗാ ഹേര്‍ട്‌സ് ക്വാഡ് കോര്‍ മീഡിയാടെക് പ്രൊസസര്‍, ഒരു ജി ബി റാം, എട്ട് മെഗാ പിക്‌സല്‍ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, എട്ട് ജി ബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷത.

കഴിഞ്ഞദിവസം ഗുര്‍ഗാവനില്‍ പുറത്തിറക്കിയ ഫോണിന്റെ ആദ്യ വില്‍പന ഏപ്രില്‍ 29ന് ഉച്ചയ്ക്കു 12 മണിമുതല്‍ സ്‌നാപ്ഡീല്‍ വഴി ഫ്‌ളാഷ് സെയില്‍ രീതിയിലായിരിക്കും. അതായത് മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമായിരിക്കും ഫോണ്‍ വാങ്ങാന്‍ അവസരം ലഭിക്കുക.