ബൈത് അല്‍ ഖൈര്‍ 9.5 കോടിയുടെ റമസാന്‍ റിലീഫ് നടത്തും

Posted on: April 23, 2015 5:40 pm | Last updated: April 23, 2015 at 5:40 pm
SHARE

alber22422015ദുബൈ: ഈ വര്‍ഷം റമസാനില്‍ 9.5 കോടി ദിര്‍ഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ബൈത് അല്‍ ഖൈര്‍ സൊസൈറ്റി വ്യക്തമാക്കി. സൊസൈറ്റിയുടെ 36 വര്‍ഷത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാവും വരുന്ന വിശുദ്ധ റമസാനില്‍ സംഘടിപ്പിക്കുകയെന്ന് സൊസൈറ്റി ജനറല്‍ മാനേജര്‍ അബ്ദീന്‍ താഹിര്‍ അല്‍ അവാദി വ്യക്തമാക്കി. ‘നമുക്ക് നല്ല കാര്യം ചെയ്യുന്നവരാവാം’ എന്നതാണ് ഈ വര്‍ഷത്തെ ആശയം. പാവപ്പെട്ട 23,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8.4 കോടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നു സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്.

രാജ്യത്തിന്റെ എല്ലാ മേഖലയിലും സൊസൈറ്റിയിലേക്ക് പണം സംഭാവന ചെയ്യാന്‍ ആവശ്യമായ കാമ്പയിന്‍ നടന്നുവരുന്നുണ്ട്. ഇതിനായി ശക്തവും ഫലപ്രദവുമായ പരസ്യ കാമ്പയിനാണ് ബെയ്ത് അല്‍ ഖൈര്‍ സൊസൈറ്റി നടത്തുന്നത്. പണം ശേഖരിക്കാനായി 120 സ്ഥലങ്ങളില്‍ ഈ റമസാനില്‍ സംവിധാനം ഏര്‍പെടുത്തുന്നുണ്ട്.
ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ ഇതില്‍ ഉല്‍പെടും. സൊസൈറ്റി സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള 5,000 ചാരിറ്റി കലക്ഷന്‍ യന്ത്രങ്ങള്‍ക്ക് പുറമെയാണ് ഇതെന്നും അബ്ദീന്‍ പറഞ്ഞു.