പുത്തിരിപ്പാടം മഖാം കമ്മിറ്റിക്കെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണം

Posted on: April 23, 2015 11:58 am | Last updated: April 23, 2015 at 11:58 am

indian moneyവടക്കഞ്ചേരി: പുതുക്കോട് പുത്തിരിപ്പാടം മഖാം കമ്മിറ്റിക്കെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി സംയുക്ത മഹല്ല് കമ്മിറ്റി. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ദിനം പ്രതി നൂറ് കണക്കിന് വിശ്വാസികളെത്തുന്ന മഖാമില്‍ ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ വര്‍ഷവും ലഭിക്കുന്നത്.
വഖഫ് ബോര്‍ഡിന് കീഴിലുള്ള മഖാമില്‍ പ്രതിവര്‍ഷ കണക്കെടുപ്പുകളില്‍ ലക്ഷങ്ങളുടെ തിരിമറിയും അഴിമതിയുമാണ് കമ്മിറ്റി നടത്തുന്നതെന്ന് സംയുക്ത മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പണം, ആട്ട, കോഴി, അരി എന്നിങ്ങിനെയാണ് വിശ്വാസികള്‍ മഖാമിലേക്ക് സംഭാവനയായി നല്‍കുന്നത്. ഇതില്‍ ഹുണ്ടിക പണമായി തന്നെ ഓരോ വര്‍ഷവും ലക്ഷകണക്കിന് രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ മഖാം കമ്മിറ്റി വഖഫ് ബോര്‍ഡിന് സമര്‍പ്പിക്കുന്ന രേഖകളില്‍ ഹുണ്ടിക പിരിവ് മറച്ച് വെക്കുകയാണെന്ന് സംയുക്ത മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വരുമാനത്തിനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ മഖാമില്‍ നടത്തുന്നില്ല. ദിനം പ്രതി മഖാമിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ വരെ നിര്‍വഹിക്കാന്‍ മഖാമില്‍ സൗകര്യമില്ല.
വികസന പ്രവര്‍ത്തനം നടത്തുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ജെ സി ബി ഉപയോഗിച്ച് റോഡ് വെട്ടുകയും മണ്ണ് നികത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മഹല്ലിലെ മുന്‍ കാല കാരണവര്‍ മാരുടെയെല്ലാം ഖബറുകള്‍ മൂടപ്പെടുകയും മുകളിലൂടെ റോഡ് നിര്‍മിക്കുകയും ചെയ്തു. പള്ളിയുടെ മുകളിലൂടെ മരം ഭീഷണിയായി നില്‍ക്കുന്നുവെന്ന പേരില്‍ മുറിച്ച് മാറ്റിയത് 8 ഏക്കര്‍ വരുന്ന മയ്യിത്താങ്കര പറമ്പിലെ ലക്ഷങ്ങള്‍ വില മതിക്കുന്ന മരങ്ങളാണ്. ഇതിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്.
രാത്രിയുടെ മറവില്‍ മരങ്ങള്‍ മുറിച്ച് കടക്കാന്‍ ശ്രമിച്ചത് അറിഞ്ഞെത്തിയ വിശ്വാസികള്‍ തടഞ്ഞതും സംഘര്‍ഷത്തില്‍ കലാശിച്ചതും ഏറെ വിവാദമായിരുന്നു. ഇതില്‍ മഖാം കമ്മിറ്റിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു.
ഇതില്‍ പ്രമുഖ മാധ്യമങ്ങളെയും പോലീസിനെയും മഖാം കമ്മിറ്റി ഭാരവാഹികള്‍ സ്വാധീനിച്ചതായും ഇതിന്റെ ഭാഗമായി പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും സംയുക്ത മഹല്ല് കമ്മിറ്റി ആരോപിക്കുന്നു. 18 മഹല്ല് കമ്മിറ്റികള്‍ക്ക് അവകാശപ്പെട്ട മഖാം കമ്മിറ്റിയില്‍ ആരേയും ഉള്‍പ്പെടുത്താതെ കേവലം ഒരു കുടുംബത്തിന്റെ അവകാശമായി കമ്മിറ്റി നില കൊള്ളുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ കുട്ടികള്‍ക്ക് മത വിദ്യാഭ്യാസം പഠിപ്പിക്കുന്നതിനായി പുതുക്കോട് മഹല്ല് കമ്മിറ്റി കൊണ്ട് വന്ന അധ്യാപകന്റെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ മഖാം കമ്മിറ്റിയില്‍ ഭരണം നടത്തുന്നത്. ബോര്‍ഡിന് കീഴിലുളള എല്ലാ പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലും വികസമമോ മറ്റു പ്രവര്‍ത്തനങ്ങളെ നടത്തണമെങ്കില്‍ ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ മരം മുറിച്ച് കടത്തിയതായി ബോര്‍ഡിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ രേഖാമൂലം സംയുക്ത മഹല്ല് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
മഖാം കമ്മിറ്റിക്കെതിരെ വിശ്വാസികള്‍ നല്‍കിയ പരാതിയില്‍ വഖഫ് ബോര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുകയും അന്വേഷണത്തില്‍ മരം മുറി അനധികൃത മാണെന്നും മഖാം കമ്മിറ്റിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത മഹല്ല് കമ്മിറ്റി നടത്തിയ പ്രക്ഷോഭങ്ങളും സമരങ്ങളും അനിവാര്യമായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടും ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ലീഗിന്റെ കീഴിലുള്ള സമസ്തയുടെ നേതൃത്വം മഖാം കമ്മിറ്റിയുടെ കൂടെ നിലനില്‍ക്കുന്നതിനാല്‍ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ മരവിപ്പിക്കപ്പെടുകയാണ്. ലീഗിന്റെ ഉന്നത നേതാക്കളുമായി മഖാം കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വാധീനവും ഇതിന് തെളിവാണ്. മഖാം കമ്മിറ്റിയുടെ അഴിമതി പുറത്ത് കൊണ്ട് വന്ന് നടപടി സ്വീകരിക്കണമെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 18 മഹല്ല് കമ്മിറ്റിയിലെ വിശ്വാസികളെ ഉള്‍പ്പെടുത്തി സ്്കീം കമ്മിറ്റിയുണ്ടാക്കാന്‍ ബോര്‍്ഡ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തുടങ്ങിയ ഉദ്യോഗസ്ഥ സംഘങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുള്ളതായും സംയുക്ത മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എസ് ഇസ്്മാഈല്‍, സി എ കരീം, എം എ സൈനുല്‍ ആബിദീന്‍, കെ എം കാദര്‍ ഹാജി, എ സൈനുലാബിദീന്‍, വി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു