Connect with us

Malappuram

വ്യാജ നികുതി ചീട്ടുപയോഗിച്ച് തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: വിവിധ കേസുകളിലെ പ്രതികളെ കോടതിയില്‍ നിന്നും വ്യാജ നികുതിശീട്ടുപയോഗിച്ച് ജാമ്യമെടുക്കുന്ന സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി മണ്ണാര്‍ക്കാട് കൈതച്ചിറ സ്വദേശി കൊടക്കാട്ടില്‍ വീട്ടില്‍ അക്ബര്‍ അലി (38), അരക്കുപറമ്പ് പത്തൂര്‍ പുറ്റാണിക്കാട്ടുകളത്തില്‍ യൂസുഫ് (41), പട്ടാമ്പി കീഴായൂര്‍ മാച്ചാം പുള്ളി വീട്ടില്‍ മുസ്തഫ (46), മണ്ണാര്‍ക്കാട് അരയന്‍കോട്ടുള്ള ലക്ഷംവീട് കോളനിയിലെ പ്രേമന്‍ (55) എന്നിവരാണ് പെരിന്തല്‍മണ്ണ ഡി വൈ എസ് പി പി എം പ്രദീപ്, സി ഐ കെ എം ബിജു, എസ് ഐ സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വലയിലായത്.
സംഘത്തിലെ മുഖ്യപ്രതി അരക്കുപറമ്പ് വില്ലേജ് ഓഫീസില്‍ നിന്നും കളവ് ചെയ്ത 200 ഓളം നികുതി രശീതികളില്‍ സംഘങ്ങളുടെ മേല്‍വിലാസവും മറ്റും വ്യാജമായി എഴുതിച്ചേര്‍ത്ത് വിവിധ കോടതികളില്‍ വിവിധ കേസുകളിലുള്‍പ്പെട്ട പ്രതികളെയും കേസുകളിലുള്‍പ്പെട്ട വാഹനങ്ങളും ഇത്തരത്തിലുള്ള നികുതി രശീതി ഉപയോഗിച്ച് ജാമ്യം തരപ്പെടുത്തിയ പ്രതികളെ കുറിച്ചും മറ്റു വാഹനങ്ങളും കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി വൈ എസ് പി പ്രദീപ്, സി ഐ കെ എം ബിജു അറിയിച്ചു.
കളവ് ചെയ്ത നികുതി രശീതികളില്‍ മേല്‍വിലാസവും മറ്റു വിവരങ്ങളും വ്യാജമായി എഴുതിയ നികുതി ചീട്ട് തയ്യാറാക്കി കുറ്റവാളികളെയും, കഞ്ചാവ്, കളവ്, കവര്‍ച്ചാ കേസുകളിലേയും പ്രതികള്‍ക്കും തൊണ്ടി മുതലായുളള കേസുകളിലുള്‍പ്പെട്ട വാഹനങ്ങള്‍ക്കും ജാമ്യം തരപ്പെടുത്തികൊടുക്കുകയാണ് ഇവരുടെ മുഖ്യതൊഴില്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ കോടതികളില്‍ പല കേസുകളിലെ പ്രതികളെയും കസ്റ്റഡി കേസിലെ വാഹനങ്ങളും വ്യാജ നികുതിച്ചീട്ട് ഉപയോഗിച്ച് ജാമ്യമെടുത്തതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.
പല കാലയളവുകളിലായി മോഷണങ്ങള്‍ നടന്നിട്ടുള്ള ഈ ഓഫീസുകളിലെല്ലാം നികുതി റസീപ്റ്റുകള്‍ മാത്രം നഷ്ടപ്പെട്ടതായി കണ്ടെത്തിയ അന്വേഷണ സംഘം പല ജില്ലകളിലായി വിവിധ കോടതികളിലെ പല കേസുകളിലായി നീകുതി ചീട്ടുകളും ഐ ഡി കാര്‍ഡുകളും ഹാജരാക്കി ജാമ്യം എടുത്തുകൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള നിരീക്ഷണത്തിലാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.
2014 നവംബര്‍ 26നാണ് പെരിന്തല്‍മണ്ണക്കടുത്ത് അരക്ക്പറമ്പ് വില്ലേജ് ഓഫീസ് വാതില്‍ പൊളിച്ച് മോഷണം നടത്തിയതും വില്ലേജ് ഓഫീസിന്റെ സീല്‍ ചെയ്ത ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന എസ് എല്‍ നം: 82907, 82908 എന്നീ റസീപ്റ്റ് ബുക്കുകള്‍ (200 റശീതി) കളവ് പോയത്. മുഖ്യപ്രതികള്‍ അക്ബര്‍ അലി യൂസുഫ് എന്നിവരാണ് ഈ മോഷണം നടത്തിയത്. പിന്നീട് ഈ റസീപ്റ്റുകളില്‍ വ്യാജമായ സംഘത്തിലുള്‍പ്പെട്ട അറസ്റ്റ് ചെയ്ത സംഘങ്ങളുടെ പേരിലും ജാമ്യാമെടുക്കുന്ന പ്രതിയുടെ ഭാര്യമാരുടെ പേരിലും വ്യാജമായി കൈവശമുള്ള സ്ഥലത്തിന് നികുതി അടച്ചതായുള്ള രേഖകള്‍ തയ്യാറാക്കി പ്രതികള്‍ക്ക് ജാമ്യം എടുക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡ് സഹിതം വക്കീലിനെ സമീപിക്കുകയാണ് ചെയ്തിരുന്നത്. ഒരു കേസില്‍ ഒരു പ്രതിക്ക് ജാമ്യമെടുത്തു കൊടുത്താല്‍ 10000 രൂപ മുതല്‍ 15000 രൂപ വരെ ഇവര്‍ വാങ്ങിച്ചിരുന്നു.
ചില പ്രതികള്‍ പണം നല്‍കാതെ മുങ്ങിയതായും പോലീസ് പറഞ്ഞു. ഈ സംഘം വിവിധ ജില്ലകളിലെ കോടതികളില്‍ സമര്‍പ്പിച്ച വ്യാജ റസീപ്റ്റുകളെ കുറിച്ച് കോടതിയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണ നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.