അഹ്മദ്, അബ്ദുസ്സലാം കുടുംബ പരമ്പരയുടെ സംഗമം ശ്രദ്ധേയമായി

Posted on: April 23, 2015 11:41 am | Last updated: April 23, 2015 at 11:41 am

മുക്കം: പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ യമനില്‍ നിന്ന് പ്രബോധനത്തിന് പാണക്കാട്ടെത്തിച്ചേര്‍ന്ന അഹ്മദ്, അബ്ദുസ്സലാം കുടുംബ പരമ്പരയിലെ അഞ്ചാം തലമുറക്കാരുടെ കുടുംബ സംഗമം അവിസ്മരണീയമായി. പാണക്കാട്ടെത്തി തങ്ങന്‍മാര്‍ക്ക് സേവനം ചെയ്യുന്നതിനിടെയാണ് ചെറുവാടിയിലെയും കൊടിയത്തൂരിലെയും കാരണവന്‍മാര്‍ മതവിദ്യാഭ്യാസം നല്‍കുന്നതിന് ആളെ വേണമെന്ന ആവശ്യവുമായി പാണക്കാട്ടെത്തുന്നത്. കാരണവന്‍മാരുടെ ആവശ്യം അംഗീകരിച്ച പാണക്കാട്ടെ തങ്ങള്‍ സഹോദരങ്ങളായ അഹ്മദിനെയും അബ്ദുസ്സലാമിനെയും കാരണവന്‍മാരെകൂടെ പറഞ്ഞുവിട്ടു. ചെറുവാടി തോലങ്ങലിലും കൊടിയത്തൂരിലെ മേത്തന വീട്ടിലും താമസമാക്കിയ ഇരുവരുടെയും കുടുംബക്കാരാണ് കഴിഞ്ഞ ദിവസം ദിയാസ് ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നത്. സംഘാടക സമിതി ചെയര്‍മാന്‍ തോലങ്ങല്‍ ലവക്കുട്ടിയുടെ അധ്യക്ഷതയില്‍ തെക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ഡോ. സി എച്ച് അഷ്‌റഫ്, അബ്ദുല്‍ വാരിസ് സഖാഫി, എം കെ അബ്ദുല്ല മൗലവി വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. മജീദ് പുതുക്കുടി, സി എച്ച് സദഖത്തുല്ല, കെ സുബൈര്‍, പി അബ്ദുല്ല മാസ്റ്റര്‍, തറമ്മല്‍ അബ്ദുസ്സലാം, പി ടി അബ്ദുര്‍റഹിം പ്രസംഗിച്ചു. മന്‍സൂര്‍ ഫൈസിയുടെ പ്രാര്‍ഥനയോടെ സംഗമം സമാപിച്ചു.