Connect with us

Kerala

കൂട്ടക്കൊല കേസ് പ്രതിയെ തൂക്കിലേറ്റാന്‍ ആരാച്ചാറാകാമെന്ന് ജയില്‍ സൂപ്രണ്ട് !

Published

|

Last Updated

തിരുവനന്തപുരം: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പാക്കാന്‍ പൂജപ്പുര ജയിലില്‍ ആരാച്ചാരാകാന്‍ ജയില്‍ സൂപ്രണ്ട് രംഗത്തെത്തി. ആരാച്ചാരെ അന്വേഷിച്ച് ജയില്‍ വകുപ്പ് പരക്കം പായുന്നതിനിടെയാണ് ജയില്‍ സൂപ്രണ്ട് സാം തങ്കയ്യന്‍ തയ്യാറായി എത്തിയിരിക്കുന്നത്. വധശിക്ഷ നടപ്പാക്കിതില്‍ മുന്‍ പരിചയമില്ലെങ്കിലും ശിക്ഷ നടപ്പാ ക്കുന്നതിന് അദ്ദേഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സൂപ്രണ്ട് സമ്മതം അറിയിച്ചെങ്കിലും വിഷയത്തില്‍ ജയില്‍വകുപ്പ് മറുപടി അറിയിച്ചിട്ടില്ല. അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടങ്ങി. വധശിക്ഷ നടപ്പാക്കണമെങ്കില്‍ കോടതി ഉത്തരവ് ലഭിക്ക ണം. ഇതിന് ശേഷമാണ് ആരാച്ചാരെ നിയമിക്കുന്നത്.
2001 ജനുവരി ആറിനാണ് ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യനേയും കുടുംബത്തേയും ആന്റണി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ആലുവ സെന്റ് മേരീസ് സ്‌കൂളിനു സമീപം പൈപ്പ് ലൈന്‍ റോഡിലെ മാഞ്ഞൂരാന്‍ വീട്ടില്‍ വെച്ചാണ് അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ അമ്മ ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ആന്റണി രാഷ്ട്രപതിക്ക് നല്‍കിയ ദയാഹരജി തള്ളിയതോടെയാണ് വധശിക്ഷ ഉറപ്പായത്.
നിലവില്‍ കേരളത്തില്‍ ആരാച്ചാര്‍ ആരുമില്ല. 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊന്നതാണ് കേരളത്തില്‍ ഏറ്റുവുമൊടുവില്‍ നടപ്പാക്കിയ വധശിക്ഷ. അന്ന് കണ്ണൂരില്‍ അസിസ്റ്റന്റ് ജയിലറായിരുന്നു സാം. ജയില്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അതിന് സാം സാക്ഷ്യം വഹിച്ചിരുന്നു. കണ്ണൂര്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയത് തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയായ ആരാച്ചാരാണ്. രണ്ട് ലക്ഷം രൂപവരെയാണ് ആരാച്ചാര്‍മാര്‍ക്കുള്ള പ്രതിഫലം.
ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ആരാച്ചാരായാല്‍ പ്രതിഫലം ലഭിക്കുമോ എന്ന് വ്യക്തമല്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1978ലാണ് ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്.

Latest