അര്‍ജുനിന്റെ ഒരു വര്‍ഷം നീണ്ടയത്‌നത്തിന് തൊടുപുഴയാറില്‍ സാക്ഷാത്കാരം

Posted on: April 23, 2015 4:43 am | Last updated: April 22, 2015 at 11:46 pm

Boat Arjun thodupuzhaതൊടുപുഴ: അര്‍ജുന്റെ ജലയാനം തൊടുപുഴയാറില്‍ ഒഴുകി തുടങ്ങി. മണക്കാട് കുന്നത്ത് കണ്ണന്‍ (അര്‍ജുന്‍24) നിര്‍മ്മിച്ച ബോട്ടാണിത്. നാല് പേര്‍ക്ക് ഇരിക്കാവുന്നതാണ് തടികൊണ്ട് നിര്‍മ്മിച്ച ബോട്ട്. യമഹാ ബൈക്കിന്റേതാണ് എന്‍ജിന്‍. ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത ചിത്രം താരതമ്യപെടുത്തിയാണ് ബോട്ടിന്റെ പ്രൊപ്പല്ലര്‍ നിര്‍മിച്ചത്. വെല്‍ഡറായ കൂട്ടുകാരന്‍ വാഴയില്‍ രഞ്ജിത്താണ് ബോട്ട് നിര്‍മ്മാണത്തില്‍ സഹായിയായി. ഒരു ലിറ്റര്‍ പെട്രോളില്‍ മുക്കാല്‍ മണിക്കൂര്‍ ഓടിക്കാവുന്ന ബോട്ട് നിര്‍മ്മാണം ഒരു വര്‍ഷം മുമ്പാണ് തുടങ്ങിയത്. പല തവണ പരാജയപ്പെട്ടിട്ടും അര്‍ജുന്‍ പിന്‍വാങ്ങിയില്ല. ആദ്യം ഉണ്ടാക്കിയത് എട്ടു പേര്‍ക്കിരിക്കാവുന്ന നൗക. ഭാരം ക്കൂടുതല്‍ മൂലം ഓടാന്‍ ബുദ്ധിമുട്ടായപ്പോള്‍ നാല് ഇരിപ്പിടമാക്കി. 15000രൂപയാണ് നിര്‍മാണ ചിലവ്. തൊടുപുഴയാറില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി കാത്തിരിക്കുകയാണ് അര്‍ജ്ജുന്‍.

പെരുമ്പിളളിച്ചിറ അല്‍ അസ്ഹര്‍ കോളജില്‍ നിന്നും ബി എസ് എസി ഇലക്ട്രോണിക്‌സ് ബിരുദം നേടിയ അര്‍ജുന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇലക്‌ട്രോണിക്‌സ് രംഗത്ത് കഴിവുതെളിയിച്ചിരുന്നു. കോഴിക്കോട് നടന്ന സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ അര്‍ജുന്റെ കണ്ടുപിടുത്തം എ ഗ്രേഡ് നേടി. ഇലക്ട്രോണിക്‌സ് വീടായിരുന്നു മേളയിലെ സൃഷ്ടി. ഓട്ടോമാറ്റിക് സംവിധാനത്തില്‍ വാഹനം വരുമ്പോള്‍ ഗെയിറ്റ് തുറക്കുന്നതും ടാങ്കിലെ വെള്ളം നിറയുമ്പോള്‍ മോട്ടോര്‍ തനിയെ ഓഫാകുന്നതും വെള്ളം കുറയുമ്പോള്‍ ഓണാകുന്നതുമായ വിദ്യയായിരുന്നു അന്ന് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ജോയ്‌സ് ജോര്‍ജിന്റെ ചലിക്കുന്ന ആള്‍ രൂപം മണക്കാട് ഒരുക്കിയതും അര്‍ജുനായിരുന്നു. അടുത്ത ലക്ഷ്യം വാട്ടര്‍ സ്‌കൂട്ടറാണ്. സര്‍ക്കാരിന്റെ അനുമതിയും സഹായവും ലഭിച്ചെങ്കില്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് പറയുന്നു. ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ വേണുവിന്റെയും ജയയുടെയും മകനാണ് അര്‍ജ്ജുന്‍.