Connect with us

Gulf

ദിവ വെറ്റെക്‌സ് 2015 എക്‌സ്ബിഷന് തുടക്കമായി

Published

|

Last Updated

ദുബൈ: ഊര്‍ജ രംഗത്തെ നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന വെറ്റെക്‌സ് 2015(വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എക്‌സിബിഷന്‍)ന് ഇന്നലെ ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്ബിഷന്‍ സെന്ററില്‍ തുക്കമായി. ദുബൈ ഉപഭരണാധികാരിയും യു എ ഇ സാമ്പത്തിക മന്ത്രിയും ദിവ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ദിവയുടെ ആഭിമുഖ്യത്തിലാണ് വെറ്റെക്‌സ് നടക്കുന്നത്.
ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന എക്‌സ്ബിഷന്‍ 23 വരെ തുടരും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിലാണ് വെറ്റെക്‌സ് 2015 നടത്തുന്നത്. വെറ്റെക്‌സ് 2015 എക്‌സ്ബിഷന്റെ 17-ാമത് എഡിഷനാണ് തുടക്കമായിരിക്കുന്നത്. 46 രാജ്യങ്ങളില്‍ നിന്നായി 1,696 പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന എക്‌സ്ബിഷനില്‍ 1,564 പ്രദര്‍ശകരായിരുന്നു പങ്കാളികളായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം പ്രദര്‍ശകരുടെ എണ്ണത്തില്‍ എട്ടു ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വെറ്റെക്‌സ് എക്‌സ്ബിഷനില്‍ 42 രാജ്യങ്ങളായിരുന്നു പങ്കാളികളായത്.
26 നാഷനല്‍ പവലിയനുകളും 27 സര്‍ക്കാര്‍ സംഘടനകളും ഇത്തവണ പങ്കാളികളായിട്ടുണ്ട്. 25,000 സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടാവുമെന്നാണ് ദിവ കണക്കുകൂട്ടുന്നത്. കഴിഞ്ഞവര്‍ഷം 22,602 സന്ദര്‍ശകരായിരുന്നു എത്തിയത്. ഈ വര്‍ഷം എക്‌സിബിഷന്റെ സ്ഥലം 55,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഒമ്പത് ഹാളുകളിലായാണ് വെറ്റെക്‌സ് 2015 പ്രദര്‍ശനം. ഈ വര്‍ഷം 51 സ്‌പോണ്‍സര്‍മാരാണ് വെറ്റക്‌സിന്റെ ഭാഗമാവുന്നത്. ഒരു ടൈറ്റാനിയം, 16 സ്ട്രാറ്റജിക് സ്‌പോണ്‍സര്‍മാരും 11 പ്ലാറ്റിനം സ്‌പോണ്‍സര്‍മാരും 23 ഗോള്‍ഡ് സ്‌പോണ്‍സര്‍മാരുമാണിവര്‍. ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് കാറുകളാവും ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പ്രത്യേകത. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് ഉതകുന്ന ഉപകരണങ്ങള്‍ക്കാണ് പ്രദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുകയെന്നും അല്‍ തായര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ നൂറു കണക്കിന് ആളുകളാണ് വെറ്റെക്‌സിന് സാക്ഷികളാവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ഊര്‍ജ മേഖലയില്‍ സംഭവിക്കുന്ന പുത്തന്‍ പ്രവണതകളും പദ്ധതികളും മനസിലാക്കാനും എക്‌സ്ബിഷന്‍ ഉപകരിക്കും.

Latest