വേണം ആശുപത്രി റോഡിന് അടിയന്തര ‘ചികിത്സ’

Posted on: April 22, 2015 9:28 am | Last updated: April 22, 2015 at 9:28 am

കൊണ്ടോട്ടി: കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സ തേടി പോവുകുന്നവര്‍ക്ക് അവിടെ എത്തുമ്പോഴേക്ക് മറ്റൊരു രോഗത്തിനും ചികിത്സ തേടേണ്ട അവസ്ഥ. ചാലു കീറി പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രയില്‍ കുത്തിക്കുലുങ്ങി ആശുപത്രിയിലെത്തുമ്പോഴേക്ക് എല്ലുകളും ഒരു പരുവത്തിലായിരിക്കും. ചീക്കോട് കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ വേണ്ടിയാണ് റോഡ് കീറിയത്.
പൈപ്പിടല്‍ പ്രവൃത്തി കഴിഞ്ഞെങ്കിലും റോഡ് പൊളിച്ചത് ഇനിയും നന്നാക്കിയിട്ടില്ല. ചേപ്പിലിക്കുന്നിലെ കൂറ്റന്‍ ടാങ്കില്‍ നിന്ന് കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായാണ് റോഡ് കീറിയത്. ചേപ്പിലിക്കുന്നില്‍ നിന്ന് തുടങ്ങി ബ്ലോക്ക് ഓഫീസ്, ആശുപത്രി പഴയങ്ങാടി വഴി മെയിന്‍ റോഡിലൂടെ അരീക്കോട് റോഡിലൂടെ കടന്നു പോകുന്നതിനാണ് റോഡ് എസ് കവേറ്റര്‍ ഉപയോഗിച്ച് കീറി പൊളിച്ച് പൈപ്പിട്ടത്. പൈപ്പിടല്‍ കഴിഞ്ഞെങ്കിലും പൊളിച്ച റോഡ് നന്നാക്കിയിട്ടില്ല. മെയിന്‍ റോഡില്‍ നിന്ന് ആശുപത്രി വരെയുള്ള 100 മീറ്റര്‍ ദൂരമെങ്കിലും റോഡ് നന്നാക്കിയിരുന്നെങ്കില്‍ അത് രോഗികളോടുള്ള ഏറ്റവും വലിയ കാരുണ്യമായിരിക്കും. രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കഷ്ടിച്ചു കടന്നു പോകാന്‍ വീതിയുള്ള റോഡാണ് ആശുപത്രി റോഡ്. കൊണ്ടോട്ടി ബ്ലോക്കിനു കീഴിലുള്ള എട്ട് പഞ്ചായത്തുകളിലെ നിര്‍ധന രോഗികള്‍ ആശ്രയിക്കുന്നതാണ് ഈ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍.
ആഴ്ചകള്‍ക്ക് മുമ്പ് ഡയാലിസിസ് സെന്ററും ആശുപത്രിയില്‍ തുടങ്ങിയിട്ടുണ്ട് . റോഡ് പകുതിയിലധികവും വെട്ടി പൊളിച്ചതിനാല്‍ ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ വശത്തു കൂടെ വേണം പോകാന്‍.
ഈ വശത്തു കൂടെ ആശുപത്രിയിലെത്തുമ്പോഴേക്ക് മറ്റൊരു രോഗത്തിനും ചികിത്സ തേടേണ്ട അവസ്ഥയാണുള്ളത്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് ആശുപത്രി വരെയുള്ള ദൂരമെങ്കിലും ഗതാഗത യോഗ്യമാക്കുന്നതിനു അധികൃതര്‍ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.