Connect with us

Malappuram

പള്ളിശ്ശേരി തോടിലെ തടയണ നിര്‍മാണം വീണ്ടും വിവാദത്തില്‍

Published

|

Last Updated

കാളികാവ്: പള്ളിശ്ശേരി തോടിന് കുറുകെ നിര്‍മിക്കുന്ന തടയണ വീണ്ടും വിവാദമായി. രണ്ട് മാസം മുമ്പ് നിര്‍ത്തിയിട്ട തടയണയാണ് വീണ്ടും നിര്‍മാണം തുടങ്ങിയത്. പുതിയതായി നിര്‍മിക്കുന്ന തടയണ ഫണ്ട് വെട്ടിപ്പ് നടത്താന്‍ വേണ്ടി മാത്രമാണ് നിര്‍മിക്കുന്നതെന്നാണ് ആരോപണം.
ഗുണ ഭോക്തൃ കമ്മിറ്റികള്‍ പോലും കൂടാതെയാണ് തടയണ നിര്‍മിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. താഴത്തെ തടയണ ഉള്ളത് കൊണ്ട് തന്നെ സമീപത്തെ കൃഷികള്‍ ചെറിയൊരു മഴപെയ്താല്‍ പോലും വെള്ളം മൂടി നശിക്കാറാണ് പതിവ്. മുകളില്‍ മറ്റൊരു തടയണയും സമീപത്ത് തന്നെ ഉണ്ട്. തടയണ നിര്‍മിക്കുന്നതോടെ വീട് വെള്ളം മൂടാന്‍ കാരണമാകുമെന്ന് സമീപത്ത് താമസിക്കുന്ന മദാരി മുനീര്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് താഴത്തെ തടയണ പൊളിച്ച് വെള്ളം ചോര്‍ത്തി തടയണ നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഹാഡ പദ്ധതിയില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്താണ് തടയണ നിര്‍മിക്കുന്നത്. 30 ലക്ഷം രൂപ ചെലവിലാണ് തടയണ നിര്‍മിക്കുന്നത്. സമീപത്തെ തകര്‍ന്ന നടപ്പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതെ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ടവരും നടത്തുന്ന തട്ടിപ്പാണ് തടയണ നിര്‍മാണത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഈ പദ്ധതിക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഹാഡ പദ്ധതി പ്രകാരം നിര്‍മിക്കുന്ന പദ്ധതികള്‍ക്കെതിരെ വ്യാപകമായ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഭീമമായ തുക എസ്റ്റിമേറ്റില്‍ ചേര്‍ത്തും, വ്യാജമായ പ്ലാനുകള്‍ നിര്‍മിച്ചും, കടലാസ് കമ്മിറ്റികള്‍ ഉണ്ടാക്കിയുമാണ് ഹാഡ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം

Latest