ഫേസ്ബുക്കിലെ ഫോട്ടോ ഹിറ്റ്: യുവാക്കളെ തേടി മന്ത്രിയുടെ അഭിനന്ദനം

Posted on: April 22, 2015 12:40 am | Last updated: April 22, 2015 at 12:40 am

 

yuva kerala yathraമലപ്പുറം: വെറുതെയെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയത്‌പ്പോള്‍ ലോകത്താകമാനം പ്രചരിച്ച സന്തോഷത്തിലാണ് പെരിന്തല്‍മണ്ണ മണ്ണാര്‍മലയിലെ യുവാക്കളും സുഹൃത്തായ സ്വഫ്‌വാന്‍ കൂളത്തും.

വെട്ടത്തൂര്‍ ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഒ ടി അജിത്തും വേങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഒ ടി മണികണ്ഠനും ഷഫിന്‍ കൊളക്കാട്ടുതൊടിയുമാണ് കഥാപാത്രങ്ങള്‍. ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട മണികണ്ഠനും അജിത്തും രാവിലെ കുളിക്കാന്‍ അമ്പലക്കുളത്തില്‍ പോയി വരുമ്പോള്‍ സഫ്‌വാന്‍ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് തിരിച്ച്‌പോരും തുടര്‍ന്ന് പാടവരമ്പില്‍ അല്‍പ്പം കുശലാന്വേഷണം ഇത് പതിവായതോടെ സുഹൃത്തുക്കളിലൊരാളായ ഷഫിന്‍ സംസാരത്തിനിടെ തന്റെ ക്യാമറയില്‍ ഫോട്ടോയെടുത്തു. കൗതുകകരമായി തോന്നിയപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആയിരത്തോളം പേര്‍ ലൈക്കും നൂറ്റമ്പതോളം പേര്‍ ഷെയറും ചെയ്തതോടെ സോഷ്യല്‍നെറ്റുവര്‍ക്കുകളില്‍ ഫോട്ടോ സജീവമായി. സഫ്‌വാന്റെ സഊദിയിലുള്ള സഹോദരന്‍ മന്‍സൂര്‍ പിന്നീട് ഈ ഫോട്ടോ കെ എം സി സി യുടെ നെറ്റ്‌സോണില്‍ പോസ്റ്റ്‌ചെയ്തതോടെ വീണ്ടും ചര്‍ച്ചയായി. പിന്നീട് യൂത്ത്‌ലീഗിന്റെ കേരളയാത്രയുടെ വിഷയത്തിന് അനുയോജ്യമായ പോസ്റ്ററായതിനാല്‍ യൂത്ത്‌ലീഗ് വക സംസ്ഥാനത്തുടനീളം ചിത്രം ഫഌക്‌സുകളിലും ഇന്റര്‍നെറ്റിലും സജീവമാക്കി.
ഇതിനിടക്ക് ഈ ചിത്രം മനപ്പൂര്‍വം എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന പ്രചാരണവും വ്യാപിച്ചു. ഇതിനിടെയാണ് മണ്ണാര്‍മലയിലെ സുഹൃത്തുക്കളുടെ യഥാര്‍ഥ ചിത്രമാണിതെന്ന്് പുറത്ത് വന്നത്.
തുടര്‍ന്ന് മന്ത്രി മഞ്ഞളാംകുഴി അലി നാല് പേരെയും വിളിച്ചുവരുത്തി ഉപഹാരം നല്‍കി. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാകാന്‍ കഴിയുന്ന ചിത്രമാകും എന്ന് തോന്നിയതിനാലാണ് ഫോട്ടോ ഫേസ്ബുക്കിലിട്ടതെന്ന് രാമപുരം ജെംസ് കോളജിലെ ജേര്‍ണലിസം വിദ്യാര്‍ഥിയായ സ്വഫ്‌വാന്‍ പറഞ്ഞു.