Connect with us

National

കൊക്കകോള യൂനിറ്റിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞു

Published

|

Last Updated

ചെന്നൈ: കൊക്കകോളയുടെ നിര്‍മാണ യൂനിറ്റിനുള്ള അനുമതി തമിഴ്‌നാട്് സര്‍ക്കാര്‍ തടഞ്ഞു. സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രോമോഷന്‍ കോര്‍പറേഷന്‍ ഓഫ് തമിഴ്‌നാട് ലിമിറ്റഡി (സിപ്‌കോട്ട്)ന്റെ പെരുന്തുരൈയിലെ വ്യവസായ കേന്ദ്രത്തിലെ കൊക്കകോള യൂനിറ്റുകള്‍ക്കുള്ള അനുമതിയാണ് തടഞ്ഞത്. കഴിഞ്ഞ ദിവസം സിപ്‌കോട്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശെല്‍വരാജ് 71.34 ഏക്കറിലെ നിര്‍മാണാനുമതി നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇവിടെ കൊക്കകോളക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് പ്രദേശവാസികളും കര്‍ഷകരും ശക്തമായ സമരം സംഘടിപ്പിച്ചിരുന്നു. ഭൂഗര്‍ഭ ജലം ധാരാളമായി ഊറ്റിയെടുക്കുന്നുവെന്ന് കാണിച്ചായിരുന്നു പെരുന്തുരൈയിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ പ്രക്ഷോഭം നയിച്ചിരുന്നത്. സര്‍ക്കാറിന്റെ നടപടി അപ്രതീക്ഷിതമായിപ്പോയെന്നും സിപ്‌കോട്ടിലെ നിക്ഷേപം നടത്തുന്നതിന് തിരിച്ചടിയാകുമെന്നും കൊക്കകോള അധികൃതര്‍ പ്രതികരിച്ചു. 500 കോടിയോളം രൂപ സിപ്‌കോട്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കമ്പനിക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും കൊക്കകോള അധികൃതര്‍ പറഞ്ഞു. ധാരണാ പത്രത്തിലെ നിയമങ്ങളും വ്യവസ്ഥകളും അംഗീകരിച്ചില്ലെന്ന് കാണിച്ചാണ് ഓര്‍ഡര്‍ പുറത്തിറക്കിയിരിക്കുന്നത്. 2013ലാണ് സിപ്‌കോട്ടില്‍ കൊക്കകോളക്ക് ഭൂമി അനുവദിച്ചിരുന്നത്. പിന്നീട് ഇത് രണ്ട് പ്രാവശ്യം നീട്ടി നല്‍കുകയും ചെയ്തിരുന്നു. 2014 ജനുവരിയോടെ നിര്‍മാണത്തിനുള്ള കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു.