Connect with us

International

ഇസില്‍ മേധാവി അബൂബക്കര്‍ അല്‍ബഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കെന്ന്‌

Published

|

Last Updated

ലണ്ടന്‍: കഴിഞ്ഞ മാസം നടന്ന വ്യോമാക്രമണത്തിനിടെ ഇസില്‍ തീവ്രവാദി നേതാവ് അബൂബക്കര്‍ ബഗ്ദാദിക്ക് ഗുരുതരമായ പരുക്കേറ്റതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പരുക്കില്‍ നിന്ന് ഇയാള്‍ മോചിതനായിക്കൊണ്ടിരിക്കുകയാണെന്നും പത്രത്തെ ഉദ്ധരിച്ച് വാര്‍ത്താവൃത്തങ്ങള്‍ അറിയിച്ചു.
നിനേവയിലെ അല്‍ബാജ് ജില്ലയില്‍ യു എസ് നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയാണ് അല്‍ബാജ്. ആക്രമണത്തില്‍ ഗുരുതരമായ പരുക്കാണ് ബഗ്ദാദിക്ക് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മെല്ലെ ഇതില്‍ നിന്ന് മോചിതനായി ക്കൊണ്ടിരിക്കുകയാണ്. തീവ്രവാദി ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ ഇനിയും സമയമെടുക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹത്തിന്റെ തലക്ക് യു എസ് കോടിക്കണക്കിന് രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. 2010ലാണ് ഇസില്‍ ഗ്രൂപ്പിന്റെ നേതൃത്വം ഇദ്ദേഹം ഏറ്റെടുത്തത്.
വ്യോമാക്രമണത്തിനിടെ അല്‍ബഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റതായി 2014 നവംബറില്‍ ഇറാഖ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ ഇതിന്റെ വിശ്വാസ്യത ഇനിയും ഉറപ്പാക്കിയിട്ടില്ല. ഇതിന് ശേഷം ഇദ്ദേഹത്തിന്റേതെന്ന് അവകാശപ്പെട്ട് ഇസില്‍ ഒരു ഓഡിയോ റെക്കോര്‍ഡും പുറത്തുവിട്ടിരുന്നു.

Latest