പാലക്കാട് ജാമിഅ ഹസനിയ്യ സമ്മേളനം 24ന് തുടങ്ങും

Posted on: April 22, 2015 5:36 am | Last updated: April 21, 2015 at 11:37 pm

പാലക്കാട്: ജാമിഅ ഹസനിയ്യ ഇസ്‌ലാമിയ്യ ഇരുപതാം വാര്‍ഷിക, ഒന്‍പതാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ കര്‍മ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ജനറല്‍ സെക്രട്ടറി മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമന്വയ വിദ്യാഭ്യാസത്തിലൂന്നിയ ഇരുപത് ദര്‍സുകള്‍ സ്ഥാപിക്കലാണ് മുഖ്യപദ്ധതി. കിഴക്കന്‍മേഖലയിലെ ഹനഫി കര്‍മധാരയനുസരിച്ചുള്ള മുസ് ലീം കുട്ടികള്‍ക്ക് ഉന്നത പഠനത്തിന് ഹനഫി ശരീഅത്ത് കോളജിനുള്ള തറക്കല്ലിടല്‍ കര്‍മം ഇതിന്റെ ഭാഗമായി നടക്കും. ജില്ലയിലെ ഇരുപത് മദ്‌റസാധ്യാപകരെ ആദരിക്കും.
കോര്‍ഡോവ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച് കൊണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ഉപശമനം – പാലിയേറ്റീവ് കെയര്‍ നല്‍കുന്ന കാരുണ്യ സംരംഭത്തിന് പുറമെ കോര്‍ഡോവ റസിഡന്‍സി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മവും നടക്കും. ഹസനിയ്യ സ്ഥാപക നേതാക്കളിലൊരാളായ ബാപ്പു മുസ്‌ലിയാരുടെ നാമധേയത്തില്‍ റിസര്‍ച്ച് ആന്റ് റഫന്‍സിനുള്ള ബൃഹത്തായ ലൈബ്രറി സ്ഥാപിക്കും. ജാമിഅഹസനിയ്യ സമ്മേളനം 24, 25, 26 തീയതികളില്‍ കല്ലേക്കാട് ഹസനിയ്യ നഗറില്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കും. 24ന് വൈകീട്ട് നാലിന് ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ സംയുക്തഖാസി എന്‍ അലി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജലസേചന മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
ആത്മീയ സദസ്സ്, ചരിത്രസദസ്സ്, ചരിത്രസെമിനാര്‍, മീറ്റ് ഇന്‍ ദി വാലി ഓഫ് കോര്‍ഡോവ, പ്രസ്ഥാനിക -ആദര്‍ശ- പ്രവാസി മീറ്റുകള്‍, ഉലമ സമ്മേളനം, സൗഹൃദസമ്മേളനം എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കും. 26ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗവും നടത്തും. പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ സയ്യിദ് അലി ബാഖവി തങ്ങളെയും ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ആദരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, മാരായമംഗലം അബ്ദുറര്‍ഹ്മാന്‍ ഫൈസി, സിറാജുല്‍ ഉലമ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, പേരോട് അബ്ദുറഹ് മാന്‍ സഖാഫി, അമാനല്ല ഹസ്രത്ത് കോയമ്പത്തൂര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, മീഡിയ സെല്‍ ഹസൈനാര്‍ നദ്‌വി, ട്രഷറര്‍ കെ നൂര്‍മുഹമ്മദ് ഹാജി, കെ ഉമര്‍മദനി വിളയൂര്‍, എം വി സിദ്ദീഖ് സഖാഫി, സുലൈമാന്‍ ചുണ്ടമ്പറ്റ പങ്കെടുത്തു