എക്‌സ്‌പോ 2020 ലോഗോക്ക് മത്സരത്തില്‍ 15,000 പേര്‍ രജിസ്റ്റര്‍ ചെയ്തു

Posted on: April 21, 2015 7:28 pm | Last updated: April 21, 2015 at 7:28 pm

ദുബൈ: ദുബൈ എക്‌സ്‌പോ 2020ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലോഗോ രൂപകല്‍പനയില്‍ ഈ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് സഹമന്ത്രിയും ബ്യൂറോ ദുബൈ എക്‌സ്‌പോ 2020 ഉന്നതാധികാര സമിതി ഡയറക്ടറുമായ റീം ബിന്‍ത് ഇബ്‌റാഹീം അല്‍ ഹാഷിമി വ്യക്തമാക്കി. മത്സരത്തിലേക്ക് ഇതുവരെ 15,000ല്‍ അധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദുബൈ എക്‌സ്‌പോക്കായി ലോഗോ രൂപകല്‍പന ചെയ്യുന്നതില്‍ കൂടുതല്‍ പേര്‍ പങ്കാളിയാവണമെന്നും ഏറ്റവും മികച്ച ലോഗോ രൂപകല്‍പനക്കായി നാം ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും അല്‍ ഹാഷിമി അഭ്യര്‍ഥിച്ചു. ദുബൈ എക്‌സ്‌പോ വേള്‍ഡ് എക്‌സ്‌പോ ചരിത്രത്തില്‍ എല്ലാ അര്‍ഥത്തിലും ഓര്‍മിക്കപ്പെടുന്നതായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. എക്‌സ്‌പോയുടെ ചിത്രം വ്യക്തമാവുന്നതിനൊപ്പം നാം ആരാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതുകൂടിയായ ലോഗോയാണ് വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡിസൈനുകള്‍ ഏറെ വിലപ്പെട്ടതാണ്.
യു എ ഇയില്‍ ജീവിക്കുന്ന ഏവരെയും ലോഗോ ഡിസൈനിംഗിലേക്ക് ഹാര്‍ദമായി സ്വാഗതം ചെയ്യുകയാണ്. എല്ലാവരിലുമുള്ള സര്‍ഗാത്മകതയും എക്‌സ്‌പോയോടുള്ള വൈകാരികതയും പ്രചോദനവുമെല്ലാം ലോഗോയെ ഏറ്റവും മികച്ചതാക്കാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ജീവിക്കുന്ന സര്‍ഗാത്മകമായ മനസുള്ളവര്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് ലോഗോ രൂപകല്‍പന. www.expo2020dubai.ae/logocompetition എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. ഒരു ലക്ഷം ദിര്‍ഹവും മുമ്പ് എക്‌സ്‌പോ നടന്ന മൂന്നു നഗരങ്ങളിലേക്ക് വിനോദ യാത്രയുമാണ് സമ്മാനം. ഇതോടൊപ്പം രണ്ടുപേര്‍ക്ക് ഉപയോഗിക്കാവുന്ന ദുബൈ എക്‌സ്‌പോ 2020നുള്ള സീസണ്‍ പാസും നല്‍കും. ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണവുമുണ്ടാവും.