Connect with us

Gulf

ഡ്രീം ജംമ്പ്, കാഴ്ചക്കാര്‍ക്ക് അത്ഭുതമായി

Published

|

Last Updated

ദുബൈ: മറീനയിലെ 99 നിലകളുള്ള കെട്ടിടത്തില്‍ നിന്നു നടത്തിയ സാഹസിക കായിക ഇനമായ ഡ്രീം ജംമ്പ് കാഴ്ചക്കാര്‍ക്ക് അത്ഭുതമായി. ദുബൈ മറീനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പ്രിന്‍സസ് ടവറില്‍ നിന്നാണ് ഉരുക്കുകയറില്‍ ബന്ധിച്ച പ്രത്യേക സുരക്ഷാ ബെല്‍റ്റ് ധരിച്ച് നിരവധി യുവാക്കള്‍ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. ഇത്തരത്തില്‍ കെട്ടുന്ന ഉരുക്കു കയറിനെ സിപ്‌ലൈന്‍ എന്നാണ് വിളിക്കുന്നത്. 40ല്‍ അധികം സാഹസികരാണ് പാരച്ച്യൂട്ടിന്റെ സഹായമില്ലാതെ ഇരുമ്പു കയറിലൂടെ താഴേക്ക് പറന്നത്.

രാവിലെ കെട്ടിടത്തിലെ താമസക്കാര്‍ ഉണര്‍ന്നെഴുന്നേറ്റത് ചാട്ടക്കാരുടെ ആരവങ്ങളിലേക്കായിരുന്നു. ബഹളം കേട്ട് ഉണര്‍ന്നവര്‍ കണ്ടത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചരിച്ചുകെട്ടിയ കയറിലൂടെ ഒന്നിനു പുറകില്‍ ഒന്നായി പാറിപോകുന്ന യുവാക്കളെയാണ്. നെഞ്ചിലൂടെ ചുറ്റി അരയില്‍ ഉറപ്പിച്ച സുരക്ഷാ ബെല്‍റ്റിന്റെ ഒരൊറ്റപിടുത്തം മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
ലോക വ്യാപകമായി നടക്കുന്ന ഡ്രീം ജംമ്പ് പരിപാടിയുടെ ഭാഗമായിരുന്നു മറീനയിലെയും സാഹസിക പ്രകടനം. എഴുന്നേറ്റ് കാപ്പികുടിക്കവേ ജനലിന് പുറകിലൂടെ മനുഷ്യര്‍ പാറിപ്പോവുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നുവെന്ന് പ്രിന്‍സസ് ടവറിലെ താമസക്കാരില്‍ ഒരാളായ കാള്‍ അഡിസണ്‍ വ്യക്തമാക്കി. കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ നിന്നു ചാടുന്നതിന് സാക്ഷിയാവാന്‍ കാള്‍ തന്റെ ഉറ്റസുഹൃത്തുക്കളില്‍ ചിലരെ ഫഌറ്റിലേക്ക് ക്ഷണിച്ചിരുന്നു. മനുഷ്യര്‍ ഇത്തരത്തില്‍ താഴോട്ട് കുതിക്കുന്നത് ഏവരെയും അല്‍ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്ന അനുഭവമായിരുന്നു. സാക്ഷിയായവര്‍ക്കൊന്നും ആ ദൃശ്യം ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തില്‍ ഒരു കാഴ്ച ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉയരങ്ങളില്‍ നിന്ന് പാരച്യൂട്ടിലും മറ്റുമായി താഴോട്ട് ചാടി പരിചയമുള്ളവരായിരുന്നു പരിപാടിയില്‍ പങ്കാളികളായത്. ദുബൈ നഗരത്തിന്റെ ഏറ്റവും മനോഹരമായ ആകാശ ദൃശ്യവും ഉള്‍പെട്ടിരുന്നു. താഴോട്ടുള്ള കുതിപ്പ് ആരംഭിക്കുമ്പോള്‍ വിവിധ വികാരങ്ങളാണ് ഹൃദയത്തില്‍ നിറഞ്ഞതെന്നും അത് വാക്കുകളിലേക്ക് പകര്‍ത്താന്‍ സാധിക്കില്ലെന്നും ഡ്രീം ജംമ്പിന്റെ ഭാഗമായ ബെയ്‌സ് ജംമ്പര്‍മാരില്‍ ഒരാളായ വിന്‍സ് റഫറ്റ് വ്യക്തമാക്കി. ഇത്തരം ചാട്ടം ദുബൈയിലാവുമ്പോള്‍ മനോഹരമായ കെട്ടിടക്കാഴ്ചകളും പാം ജുമൈറയുടെ ദൃശ്യവും ഹൃദയത്തില്‍ ആഴത്തില്‍ രേഖപ്പെടുത്തപ്പെടും. പ്രകൃതി ഭംഗിയുള്ള മറ്റിടങ്ങളില്‍ നിന്നു ചാടുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് ദുബൈ മറീനയിലെ ചാട്ടം സമ്മാനിച്ചതെന്നും വിന്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്നു ചാടിയും ഈ യുവാവ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചാടുകയെന്നത് കടുത്ത മാനസിക സമ്മര്‍ദവും ഉത്കണ്ഠയും സൃഷ്ടിക്കും. പ്രത്യേകിച്ച് ചാടാനുള്ള നിമിഷം എണ്ണി തയ്യാറായി നില്‍ക്കുമ്പോള്‍. ദുബൈയില്‍ ഇത്തരം ഒരു സാഹസിക പ്രകടനം നടത്തുന്നതായി അറിയിച്ചപ്പോഴേ ഞങ്ങള്‍ എല്ലാം പ്രചോദിതരായിരുന്നുവെന്നും വിന്‍സ് വ്യക്തമാക്കി.
ജീവിതത്തിലെ വേറിട്ട ഒരു അനുഭവമായിരുന്നു പാരച്യൂട്ടില്ലാതെയുള്ള ഡ്രീം ജംമ്പ് പരിപാടിയെന്ന് ആദ്യമായി പങ്കെടുത്ത മാക്‌സ് സ്റ്റാന്റണ്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘനേരം നാം വീണുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ അനുഭവിച്ചാലെ ബോധ്യപ്പെടൂ. താഴെ എത്തിയപ്പോള്‍ ആ അനുഭവം ഒരിക്കല്‍ കൂടി ലഭിച്ചെങ്കിലെന്ന് ആശിക്കുമെന്നും ഈ യുവാവ് മനസ് തുറന്നു.
കയറില്‍ തൂങ്ങിയുള്ള ചാട്ടത്തിന്റെ എല്ലാ അതിരുകളും ലംഘിച്ച പരിപാടിയാണ് തങ്ങള്‍ ദുബൈയില്‍ സംഘടിപ്പിച്ചതെന്നും സംഘാടകരായ സ്‌കൈഡൈവ് ദുബൈയുടെ ചെയര്‍മാന്‍ നാസര്‍ അല്‍ നിയാദി വ്യക്തമാക്കി.

---- facebook comment plugin here -----

Latest