Connect with us

Gulf

കയറ്റുമതി: യു എ ഇക്ക് 16-ാം സ്ഥാനം

Published

|

Last Updated

അബുദാബി: ഏറ്റവും കൂടുതല്‍ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇക്ക് 16-ാം സ്ഥാനം. ലോക വ്യാപാര സംഘടന പുറത്തുവിട്ട പട്ടികയിലാണ് യു എ ഇ 16-ാം സ്ഥാനം നേടിയത്. ഈയിടെ ജനീവയിലാണ് ലോക വ്യാപാരത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന റിപ്പോര്‍ട്ട് ലോക വ്യാപാര സംഘടന പുറത്തുവിട്ടത്. മിന മേഖലയില്‍ നിന്ന് ഒന്നാം സ്ഥാനത്തും യു എ ഇ എത്തിയിട്ടുണ്ട്.
ലോക വ്യാപകമായുള്ള കയറ്റുമതിയുടെ 1.4 ശതമാനം നിര്‍വഹിക്കുന്നത് കൊച്ചുരാജ്യമായ യു എ ഇയാണ്. 35,900 കോടി യു എസ് ഡോളറാണ് യു എ ഇയുടെ മൊത്തം കയറ്റുമതി. 2014ല്‍ മധ്യ പൗരസ്ത്യ ദേശത്തു നിന്നു നടന്ന മൊത്തം കയറ്റുമതിയുടെ 28 ശതമാനവും യു എ ഇയായിരുന്നു കൈകാര്യം ചെയ്തത്. ഓരോ വര്‍ഷവും യു എ ഇയുടെ കയറ്റുമതിയില്‍ നാലു ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തപ്പെടുന്നത്. 2014ല്‍ യു എ ഇയുടെ ഇറക്കുമതി മേഖലയിലെ മൊത്തം ഇറക്കുമതിയുടെ 33 ശതമാനമായിരുന്നു. സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കിടയില്‍ 19-ാം സ്ഥാനമാണ് യു എ ഇക്ക് ഉള്ളത്. 7,200 കോടി ഡോളറിന്റെ സേവനങ്ങളാണ് യു എ ഇ മൊത്തം ഇറക്കുമതി ചെയ്തത്.
യൂറോപ്യന്‍ യൂണിയന്‍ പട്ടികയില്‍ 13-ാം സ്ഥാനമാണ് കയറ്റുമതിയില്‍ ലഭിച്ചത്. സേവനങ്ങള്‍ കയറ്റുമതി ചെയ്ത രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇയുടെ സ്ഥാനം 25 ആയിരുന്നു. 1,700 കോടി ഡോളറിന്റെ സേവനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്.
രാജ്യാന്തര വ്യാപാര രംഗത്ത് സുപ്രധാനമായ പങ്കാണ് യു എ ഇ വഹിക്കുന്നതെന്ന് സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി വ്യക്തമാക്കി. രാജ്യത്തിന്റെ വ്യാപാര നയം, മികച്ച പശ്ചാത്തല സൗകര്യം, തന്ത്രപരമായ കിടപ്പ് തുടങ്ങിയവയെല്ലാം നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വികസനം ത്വരിതപ്പെടുത്തുന്നതിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചതായും അല്‍ മന്‍സൂരി പറഞ്ഞു.

Latest