വി എസ് ക്ഷണിതാവ് മാത്രം; ബാലനും എളമരവും സി സിയില്‍

Posted on: April 19, 2015 1:40 pm | Last updated: April 19, 2015 at 11:16 pm

vs sadവിശാഖപട്ടണം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സി പി എം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പ്രായാധിക്യം ചൂണ്ടിക്കാണിച്ചാണ് നടപടിയെങ്കിലും സി സിയിലെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തിയിട്ടുണ്ട്. വി എസിന് പുറമെ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയും സി സിയില്‍ നിന്ന് ഒഴിവായി. എ കെ ബാലന്‍, എളമരം കരീം എന്നിവരാണ് കേരളത്തില്‍ നിന്ന് പുതുതായി സി സിയിലെത്തിയവര്‍. എണ്‍പതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന പി കെ ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തി. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, മല്ലുസ്വരാജ്യം, മുഹമ്മദ് അമീന്‍ എന്നിവരും സി സിയിലെ പ്രത്യേകം ക്ഷണിതാക്കളാണ്.
ഇവര്‍ക്കു പുറമെ ഡല്‍ഹിയില്‍ പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ മുരളീധരന്‍, വിജു കൃഷ്ണന്‍ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കളായുണ്ട്. രാജേന്ദ്ര മെഗി, സഞ്ജയ് പരാട്ടെ, അരുണ്‍കുമാര്‍, എന്നിവരാണ് മറ്റ് സ്ഥിരം ക്ഷണിതാക്കള്‍. കേന്ദ്ര കമ്മിറ്റിയില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്. കരീമിനും ബാലനും പുറമെ ശ്രീപദ് ഭട്ടാചാര്യ, രാമചന്ദ്ര ഡോം, മിനതി ഘോഷ്, അഞ്ജു കര്‍, ഗൗതം ദാസ്, അവധേഷ് കുമാര്‍, അലി കിഷോര്‍ പട്‌നായ്ക്ക്, സീതാരാമുലു, സുരേന്ദര്‍ സിംഗ്, ഓംകാര്‍ ഷാദ്, വിജയ് മിശ്ര, എസ് ദേബ്‌റോയ്, ജഗ്മതി സംഗ്വാന്‍, മഹേന്ദ്ര സിംഗ്, ഹിരാലാല്‍ യാദവ് എന്നിവരാണ് പുതുമുഖങ്ങള്‍. ഇവരില്‍ മൂന്ന് പേര്‍ വനിതകളാണ്.
വി എസിനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി പി ബി യോഗത്തില്‍ രൂക്ഷമായ ഭിന്നതയുണ്ടായെന്നാണ് വിവരം. പാര്‍ട്ടി സമ്മേളനം തന്നെ ബഹിഷ്‌കരിച്ച വി എസിന് ഒരു പദവിയും നല്‍കരുതെന്ന് പിണറായി വിജയന്‍ പി ബി യോഗത്തില്‍ നിലപാട് സ്വീകരിച്ചപ്പോള്‍ സീതാറാം യെച്ചൂരി വി എസിന് വേണ്ടി രംഗത്തുവന്നു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ വി എസിനെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്നാണ് ക്ഷണിതാവാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണയും പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് വി എസിനെ സി സിയില്‍ നിലനിര്‍ത്തിയത്. പ്രത്യേക ക്ഷണിതാവ് മാത്രമായതോടെ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് വരുന്ന ഘട്ടത്തിലൊന്നും അതില്‍ പങ്കെടുക്കാന്‍ വി എസിന് കഴിയില്ല.
പാര്‍ട്ടി തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് വി എസ് തീരുമാനത്തോട് പ്രതികരിച്ചു. പ്രായം ഒരു ഘടകമാണല്ലോയെന്നായിരുന്നു വി എസിന്റെ മറുപടി.