Connect with us

National

സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കാന്‍ സി പി എം

Published

|

Last Updated

വിശാഖപട്ടണം: സി പി എമ്മിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കാന്‍ മുന്‍ഗണന നല്‍കുന്ന രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മറുപടിയോടെയാണ് പാര്‍ടി കോണ്‍ഗ്രസ് കരട് അംഗീകരിച്ചത്. കരട് റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയില്‍ 44 പ്രതിനിധികള്‍ പങ്കെടുത്തു. 473 ഭേദഗതികള്‍ ഉയര്‍ന്നതില്‍ 55 എണ്ണം അംഗീകരിച്ചു. കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. സംഘടനാപരമായ തിരുത്തലുകള്‍ക്കായി നിശ്ചയിച്ച പാര്‍ട്ടി പ്ലീനം ഈ വര്‍ഷം തന്നെ ചേരും.

പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് 1978 ലെ സാല്‍ക്കിയ പ്ലീനം സംഘടന വിപുലീകരിക്കുന്നതിനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന് പാര്‍ട്ടി നല്ല ശ്രമം തന്നെ നടത്തിയതായി പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തി. 14ാം പാര്‍ട്ടി കോണ്‍ഗ്രസ് സാല്‍ക്കിയ പ്ലീനം നിര്‍ദേശങ്ങളില്‍ ഭേദഗതികള്‍ വരുത്തി. തുടര്‍ന്നുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളും ആവശ്യമായ ഭേദഗതികള്‍ വരുത്തി. എങ്കിലും സംഘടനാപരമായി ഗണ്യമായ വളര്‍ച്ച നേടി, സ്വതന്ത്ര ശക്തിയായി വളരുന്നതിന് പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയതായി പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള അറിയിച്ചു.
സംഘടനാ കാര്യങ്ങളില്‍ വരുത്തേണ്ട മാറ്റം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി പ്ലീനം ചേരും. പി ബി ആദ്യം ഒരു ചോദ്യാവലി തയ്യാറാക്കി സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റികള്‍ പാര്‍ട്ടി സംഘടന സംബന്ധിച്ചും ബഹുജന സംഘടനകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. അതാതിടത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്തിയും അവ മറികടക്കാനുള്ള മാര്‍ഗങ്ങളും ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ അണിനിരത്താന്‍ ചെയ്യേണ്ട കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും. ഈ റിപ്പോര്‍ട്ടുകള്‍ പഠിച്ച് പി ബി തയ്യാറാക്കുന്ന കരട് കേന്ദ്ര കമ്മിറ്റിയില്‍ വെക്കും. ആവശ്യമായ ഭേദഗതികള്‍ വരുത്തി റിപ്പോര്‍ട്ട് സംസ്ഥാനഘടകങ്ങള്‍ക്ക് അയക്കും. സംസ്ഥാന ഘടകങ്ങള്‍ അവരുടെ അഭിപ്രായം പി ബിയെും സി സിയെയും അറിയിക്കും. ഇവ കൂടി പരിഗണിച്ച് പരിഷ്‌കരിച്ച റിപ്പോര്‍ട്ടാകും പ്ലീനത്തില്‍ സമര്‍പ്പിക്കുക.
മോദി സര്‍ക്കാറിന്റെയും ബി ജെ പിയുടെയും വലതുപക്ഷ അടിച്ചമര്‍ത്തലുകള്‍ ചെറുക്കാനുള്ള ശക്തമായ പ്രതികരണം വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനംചെയ്തു. പോരാട്ടത്തില്‍ മതനിരപേക്ഷ ജനാധിപത്യശക്തികളെ അണിനിരത്തണം. അധ്വാനിക്കുന്ന ജനങ്ങള്‍ക്കുമേലുള്ള നവലിബറല്‍ ആക്രമണം ചെറുക്കാന്‍ വിവിധ വിഭാഗങ്ങളിലെ തൊഴിലെടുക്കുന്ന ജനങ്ങളെ അണിനിരത്തും. ബി ജെ പി – ആര്‍ എസ് എസ് അച്ചുതണ്ടിന്റെ വര്‍ഗീയ അജന്‍ഡ രാഷ്ട്രീയമായി തുറന്നുകാട്ടും.
വര്‍ഗീയവിപത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികളെ വിപുലമായി അണിനിരത്തുക എന്നതാണ് പ്രധാന കടമയായി കണക്കാക്കുന്നത്. സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം ശക്തിപ്പെടുത്തണമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നേരിട്ട് ഇടപെടുകയും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പൊരുതുകയും വേണം.
പാര്‍ട്ടി സ്വതന്ത്രമായ പങ്ക് വിപുലപ്പെടുത്തുന്നതിലും ശക്തിയും ബഹുജനാടിത്തറയും വര്‍ധിപ്പിക്കുന്നതിലും അങ്ങേയറ്റം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വര്‍ഗ ബഹുജന പ്രശ്‌നങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഊന്നല്‍ നല്‍കണം. ഇടതു ജനാധിപത്യ മുന്നണിയുടെ മുന്നോട്ടുള്ള പുരോഗതിക്കായി ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുകയും വിപുലമാക്കുകയും അധ്വാനിക്കുന്ന ജനങ്ങളെയാകെയും പാര്‍ട്ടിക്കു പിന്നില്‍ അണിനിരത്തുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം, പാര്‍ട്ടിയെ നിരന്തരം വെല്ലുവിളിക്കുന്ന വി എസിനെ നിലക്കുനിര്‍ത്തുന്നതില്‍ ദേശീയ നേതൃത്വം പരാജയപ്പെട്ടെന്ന് കേരളഘടകം ചൂണ്ടിക്കാട്ടി. കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എളമരം കരീമാണ് വിഷയം ഉന്നയിച്ചത്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി എസിന്റെ നടപടി വെല്ലുവിളിയാണ്. ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ല. പി ബി കമ്മീഷന്റെ പ്രവര്‍ത്തനം വൈകുന്നതിലുള്ള അതൃപ്തിയും എളമരം കരീം പ്രകടിപ്പിച്ചു.

Latest