Connect with us

Kerala

പിയേഴ്‌സന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

തൊടുപുഴ: രാഷ്ട്രീയ നിരീക്ഷകനും മുന്‍ സി പി എം നേതാവുമായ എം എന്‍ പിയേഴ്‌സന്റെ മകന്‍ ശ്യാമപ്രസാദിനെ (18) തട്ടിക്കൊണ്ടുപോയ കേസില്‍ മുന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കുമളി അമരാവതി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുര (28), കുമളി അട്ടപ്പള്ളം പുത്തന്‍പുരയ്ക്കല്‍ രതീഷ് (27), പാമ്പാടുംപാറ അത്തിക്കാന്‍പുരം മുടിത്താനം വീട്ടില്‍ സാബു (37) എന്നിവരെയാണ് തട്ടിക്കൊണ്ടുപോകലിന് ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴക്കും തടഞ്ഞുവെച്ചതിനു ആറ് മാസം തടവിനും തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി കെ അരവിന്ദ ബാബു ശിക്ഷിച്ചത്. സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള ആദ്യ നാല് പ്രതികളെ കോടതി വെറുതെ വിട്ടു. ജാമ്യത്തിലിറങ്ങിയ അഞ്ചാം പ്രതി ഒളിവിലാണ്.
ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയായിരുന്ന ശ്യാമപ്രസാദിനെ 2008 ആഗസ്റ്റ് 27നാണ് കാണാതായത്. അന്ന് പിയേഴ്‌സണ്‍ വിളിച്ചപ്പോള്‍ ശ്യാമപ്രസാദിനെ ഫോണില്‍ കിട്ടാതിരിക്കുകയും ഹോസ്റ്റലില്‍നിന്ന് വിവരം ലഭിക്കാതെ വരികയും ചെയ്തതിനാല്‍ പിയേഴ്‌സന്റെ നിര്‍ദേശപ്രകാരം ഹോസ്റ്റല്‍ അധികൃതര്‍ ഇടുക്കി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് പുലര്‍ച്ചെ ടിവിയില്‍ ഫഌഷ് ന്യൂസ് കണ്ട് പ്രതികള്‍ ശ്യാമപ്രസാദിനെ കട്ടപ്പനക്കുള്ള ബസില്‍ കയറ്റിവിട്ടു. ഇതിന് എട്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ അഞ്ചിന് ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ വടക്കന്‍ പറവൂര്‍ ചിറ്റാട്ടുകര പള്ളത്ത് ജയിന്‍ (40), സി പി എം പറയക്കടവ് ബ്രാഞ്ച് സെക്രട്ടറി ചെറുമണത്തല പൊന്നപ്പന്‍ (39), ചെറിയപല്ലന്‍ തുരുത്ത് ലിജു (33), കൂത്താട്ടുകുളം വെളിയന്നൂര്‍ കൈതമറ്റത്തില്‍ ജോസന്‍ (37), നെടുങ്കണ്ടത്ത് കണ്ടക്ടറായ നിര്‍മ്മലപുരം പുതുവല്‍ പുത്തന്‍വീട്ടില്‍ വിനോദ് (29) എന്നിവരെ തൊടുപുഴ ഡി വൈ എസ് പി. കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. ശേഷിക്കുന്നവര്‍ പിന്നീടാണ് അറസ്റ്റിലായത്. ഇതില്‍ ആദ്യ നാല് പേരെയാണ് കോടതി വിട്ടയച്ചത്. അഞ്ചാം പ്രതി വിനോദാണ് ഒളിവിലുള്ളത്.
അക്കാലത്ത് ഏറെ ദുരൂഹത ഉയര്‍ത്തിയ സംഭവമാണിത്. പ്രതികളില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയും ഉണ്ടായിരുന്നത് വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കി. ഒരു കാലത്ത് സി പി എമ്മിന്റെ വിപ്ലവനേതാവായിരുന്ന എന്‍ മാധവന്റെ മകനാണ് പിയേഴ്‌സണ്‍. വി ബി ചെറിയാന്റെ നേതൃത്വത്തിലുണ്ടായ സേവ് സി പി എം ഫോറവുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ സി പി എം നടപടിയെടുത്തത്.

Latest