ഷാര്‍ജയില്‍ ഗതാഗത മേഖലയില്‍ വികസന വിപ്ലവം

Posted on: April 18, 2015 5:56 pm | Last updated: April 18, 2015 at 5:56 pm

IMG-20150414-WA0015ഷാര്‍ജ: എമിറേറ്റ്‌സില്‍ ഗതാഗത മേഖലയില്‍ വന്‍ വികസന വിപ്ലവത്തിനു തുടക്കം കുറിച്ചു. ഗതാഗത സൗകര്യം വര്‍ധിപ്പിച്ചാണ് വിപ്ലവത്തിനു തുടക്കമിട്ടത്. നിലവിലുള്ള റോഡുകള്‍ വികസിപ്പിച്ചും പുതിയവ പണിതും മറ്റുമാണ് ഗതാഗത സൗകര്യം കൂട്ടുന്നത്. രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഓവര്‍ ബ്രിഡ്ജുകളും സര്‍വീസ് റോഡുകളും ഇതിന്റെ ഭാഗമായി പണിതു വരികയാണ്. പുതിയ സിഗ്‌നലുകളും നിര്‍മിക്കുന്നുണ്ട്.
പ്രധാന റോഡുകളുടെ വികസന നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ശൈഖ് റാശിദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ജംഗ്ഷന്‍ അടച്ചിട്ടു. റോളയില്‍ നിന്നു അല്‍ വാനിലേക്കുള്ള പ്രധാന റോഡിലെ ജംഗ്ഷനാണിത്. ഖുര്‍ആന്‍ റൗണ്ട്എബൗട്ട്, വ്യവസായ മേഖല, അല്‍ ഗുബൈബ എന്നിവിടങ്ങളിലേക്കും ഈ ജംഗ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്. ഇതു വഴിയുള്ള ഗതാഗതം ഇപ്പോള്‍ ക്രമീകരിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലൂടെയാണ് ക്രമീകരണം. ഇതിനായി പുതിയ പാതകളും നിര്‍മിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയിലാണ് നടക്കുന്നത്. പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ സുഗമമാകും. നിലവില്‍ ഗതാഗത കുരുക്കനുഭവപ്പെടുന്ന പ്രധാന പാതകളിലൊന്നാണിത്. വളരെ വിശാലമായ ജംഗ്ഷനായിരുന്നു. വാഹനങ്ങളുടെ ആധിക്യം സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരുന്നു. അല്‍ വാനില്‍ നിന്നു എമിറേറ്റ്‌സ് റോഡിലേക്കും ഇതു വഴി പ്രവേശിക്കാന്‍ സാധിച്ചിരുന്നു.
കോര്‍ണീഷ് ഭാഗത്തും നാഷനല്‍ പെയിന്റ്‌സ് മേഖലയിലും റോഡ് വികസനം പുരോഗമിക്കുകയാണ്. അതിവേഗം വികസിച്ച പ്രദേശമാണ് നാഷനല്‍പെയിന്റ്. ഗതാഗത മേഖലയില്‍ വന്‍ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായത്. പാലങ്ങളും റൗണ്ട് എബൗട്ടുകളും നിര്‍മിച്ച് ഗതാഗത സൗകര്യം വര്‍ധിപ്പിച്ചു. വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്ന ഈ മേഖലയില്‍ ഇപ്പോള്‍ കുരുക്കിനു ശമനമുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഓവര്‍ ബ്രിഡ്ജും നിര്‍മിച്ചു.
കോര്‍ണീഷിലും വന്‍ ഗതാഗത വികസനമാണ് നടന്നുവരുന്നത്. ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലും റോഡുകള്‍ വികസിപ്പിച്ചു. ഈ ഭാഗത്ത് പുതിയ റോഡുകള്‍ നിര്‍മിച്ചു. പല ഭാഗങ്ങളിലും നിരവധി ജനവാസ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇവയില്‍ പലതും പുതിയ സ്ഥലങ്ങളിലാണ്. പാര്‍പ്പിട സമുച്ഛയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ ഭാഗങ്ങളിലേക്കെല്ലാം പുതിയ റോഡുകളാണ് പണിതുവരുന്നത്.
റോള മുസല്ലയിലും റോഡ് വികസനം പുരോഗമിക്കുകയാണ്. പുതിയ നഗരസഭ ആസ്ഥാനത്തിനു സമീപത്തുകൂടി മുസല്ല പാര്‍ക്കിനു സമീപത്തേക്കാണ് റോഡ് വീതികൂട്ടുന്നത്. നിര്‍മാണം അതിവേഗത്തിലാണ് നടക്കുന്നത്. സമീപത്തെ വില്ലകളും മറ്റും ഇതിനായി പൊളിച്ചു മാറ്റിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതു വഴിയുള്ള ഗതാഗതവും സുഗമമാകും. കുവൈത്ത് സ്‌ക്വയറിലേക്ക് എളുപ്പം എത്തിച്ചേരാനും ഈ പാതയിലൂടെ സാധിക്കും. ദുബൈ-ഷാര്‍ജ പ്രധാന റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
പലഭാഗത്തും വീതികൂട്ടിയാണ് കുരുക്കിനു അറുതിവരുത്തുന്നത്. എങ്കിലും ചില നേരങ്ങളില്‍ അതിരൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കുന്ന സ്ഥിതിവരാറുണ്ട്. അപകടങ്ങളോ മറ്റോ സംഭവിച്ചാലാണ് പ്രധാനമായും തടസ്സം അനുഭവപ്പെടുക.