നഷ്ടത്തിലേക്ക് കൂപ്പുകുത്തി ബി എസ് എന്‍ എല്‍; അവസാന ആണിയുമായി കേന്ദ്ര സര്‍ക്കാര്‍

Posted on: April 18, 2015 5:18 am | Last updated: April 18, 2015 at 12:19 am

BSNL_9തിരുവനന്തപുരം; സ്വകാര്യവത്കരണത്തിനൊരുങ്ങി ബി എസ് എന്‍ എല്ലിനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. 39,000 കോടിയുടെ കരുതല്‍ ധനമുണ്ടായിരുന്ന ബി എസ് എന്‍ എല്‍ ഇപ്പോള്‍ ഒരു നീക്കിയിരിപ്പുമില്ലാത്ത സ്ഥാപനമായി. സാമ്പത്തിക നഷ്ടം ആവര്‍ത്തിച്ചിട്ടും അത് നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ല. ഗ്രാമീണ നഷ്ടം നികത്താനെന്ന പേരില്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശിപാര്‍ശ ചെയ്ത 1250 കോടി രൂപയും വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സ്‌പെക്ട്രം തിരിച്ച് നല്‍കിയ വകയില്‍ നല്‍കേണ്ട 6724 കോടി രൂപയും ഇതുവരെ നല്‍കിയിട്ടില്ല. ബി എസ് എന്‍ എല്ലിന്റെ 70,000 വരുന്ന ടവറുകള്‍ക്ക് മാത്രമായി കമ്പനി രൂപവത്കരിക്കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിനെ (എം ടി എന്‍ എല്‍) ബി എസ് എന്‍ എല്ലില്‍ ലയിപ്പിക്കാനും ഭൂമി, കെട്ടിടം എന്നിവ പ്രത്യേക കമ്പനിയിലേക്ക് മാറ്റാനും തീരുമാനമുണ്ട്.

ബി എസ് എന്‍ എല്‍ സിം കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന നെറ്റ് പാക്കേജ് ഇല്ലാതാക്കാനാണ് ഏറ്റവും പുതിയ തീരുമാനം. നെറ്റ് ന്യൂട്രാലിറ്റി അനുസരിച്ചുള്ള പാക്കേജാണ് നിലവിലുള്ളത്. ഒരു പാക്കേജില്‍ തന്നെ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാകും രീതിയിലാണിത് . ഇതൊഴിവാക്കി ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം പാക്കേജ് ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. ഇത് നടപ്പായാല്‍ ഫേസ് ബുക്ക്, വാട്‌സ് ആപ്പ്, ഇ-മെയില്‍ തുടങ്ങി ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം പാക്കേജ് ഉപയോഗിക്കേണ്ടിവരും. ഉപയോക്താക്കള്‍ സ്വകാര്യ ടെലികോം കമ്പനികളിലേക്ക് വഴിമാറുകയാകും ഫലം.
ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ബി എസ് എന്‍ എല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി നഷ്ടത്തിലാണ്. നഷ്ടം നികത്താനും സ്ഥാപനം ലാഭകരമാക്കാനുമുള്ള നടപടികളല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ലാന്‍ഡ് ലൈന്‍ സേവനം നിര്‍വഹിക്കുന്നതാണ് ബി എസ് എന്‍ എല്ലിന്റെ നഷ്ടത്തിന് പ്രധാന കാരണം. 2013-14ല്‍ ലാന്‍ഡ് ലൈന്‍ സേവനത്തിന്റെ ഭാഗമായി 14979 കോടി രൂപയാണ് നഷ്ടം. മൊത്തം നഷ്ടം 7085 കോടിയും. സര്‍ക്കാറിന്റെ സാമൂഹിക ബാധ്യത നിര്‍വഹിക്കുന്നതിന് ഗ്രാമീണ മേഖലയിലും വിദൂര പിന്നാക്ക പ്രദേശങ്ങളിലും ബി എസ് എന്‍ എല്‍ ആണ് ലാന്‍ഡ് ലൈന്‍ സേവനം നല്‍കുന്നത്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം 8000 കോടിയിലധികം രൂപയാണ് നഷ്ടമാകുന്നത്. നഷ്ടം നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് 2000 സെപ്തംബറില്‍ മന്ത്രിസഭാ തീരുമാനമുണ്ടായെങ്കിലും തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകുകയായിരുന്നു. മാത്രമല്ല, മൊബൈല്‍ രംഗത്തുള്ള വികസന സാധ്യതകളെ സര്‍ക്കാര്‍ ബോധപൂര്‍വം അട്ടിമറിക്കുകയും ചെയ്തു.
സ്വകാര്യ കമ്പനികള്‍ക്ക് മൊബൈല്‍ ലൈസന്‍സ് നല്‍കി അഞ്ച് വര്‍ഷത്തിനു ശേഷമാണ് ബി എസ് എന്‍ എല്ലിന് 2002ല്‍ ലൈസന്‍സ് ലഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് മൊബൈല്‍ മേഖലയിലെ രണ്ടാമത്തെ കമ്പനിയായി മാറാന്‍ ബി എസ് എന്‍ എല്ലിന് കഴിഞ്ഞിരുന്നു. എന്നാല്‍, വളര്‍ച്ചക്ക് തടസ്സമായി മൊബൈല്‍ കണക്ഷന്‍ വര്‍ധിപ്പിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെണ്ടര്‍ നടപടി സര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാക്കി. ആദ്യഘട്ടത്തില്‍ 4.5 കോടിയും പിന്നീട് 9.3 കോടിയും കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള മെഗാ ടെണ്ടറുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. അതിനാല്‍ മൊബൈല്‍ രംഗത്ത് മുന്നേറാന്‍ ബി എസ് എന്‍ എല്ലിന് കഴിഞ്ഞില്ല. നിലവില്‍ മൊബൈല്‍ രംഗത്ത് ബി എസ് എന്‍ എല്ലിന്റെ വിപണി വിഹിതം 8.09 ശതമാനം മാത്രമാണ്. ത്രി ജി, ബ്രോഡ് ബാന്‍ഡ്, വയര്‍ലെസ്, സ്‌പെക്ട്രം എന്നിവ ബി എസ് എന്‍ എല്ലിന് അനുവദിച്ച ശേഷമാണ് സ്വകാര്യ കമ്പനികള്‍ക്കായി ലേലം നടന്നത്. എന്നാല്‍, പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ലേലത്തുക കണക്കാക്കി ബി എസ് എന്‍ എല്ലിന്റെ കരുതല്‍ ധനത്തില്‍നിന്നും 18500 കോടി രൂപ സര്‍ക്കാറിന് നല്‍കേണ്ടി വന്നു. കൂടാതെ കമ്പനി രൂപവത്കരണ ഘട്ടത്തില്‍ 7500 കോടി വായ്പ നല്‍കിയെന്ന പേരില്‍ പലിശയിനത്തില്‍ 12500 കോടി രൂപ ഈടാക്കി. ഇതോടെ 39000 കോടി രൂപ കരുതല്‍ ധനമുണ്ടായിരുന്ന ബി എസ് എന്‍ എല്ലിന്റെ നീക്കിയിരിപ്പ് ഇല്ലാതാകുകയും. തുടര്‍ന്ന് ഫോര്‍ ജി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏറ്റെടുക്കാനാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.
ലാന്‍ഡ് ലൈന്‍ സേവനങ്ങളും മൊബൈല്‍ വികസന സ്തംഭനവുമാണ് ബി എസ് എന്‍ എല്ലിന്റെ നഷ്ടത്തിന് കാരണമെന്നിരിക്കെ ജീവനക്കാരുടെ വേതനച്ചെലവാണ് നഷ്ട കാരണമെന്നു പറഞ്ഞ് ജീവനക്കാരെ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ ്‌സര്‍ക്കാര്‍ ചെയ്തത്. ഇതിനായി നിയോഗിച്ച ഡെലോയിറ്റി കണ്‍സള്‍ട്ടന്റിന്റെ നിര്‍ദേശ പ്രകാരം 70000ല്‍ അധികം ജീവനക്കാരെ ഒഴിവാക്കണമെന്നാണുള്ളത്. ഓഫീസര്‍മാരെ ഉള്‍പ്പെടെ കരാറടിസ്ഥാനത്തില്‍ നിയമിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്‌പെക്ട്രം ലേലത്തോടെ ടെലികോം കമ്പോളത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടായിട്ടുണ്ട്. 1.1 ലക്ഷം കോടി രൂപയാണ് ലേലത്തിലൂടെ സര്‍ക്കാറിന് ലഭിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ഉപയോക്താക്കളില്‍നിന്നും ഈ തുക ഈടാക്കും. ഇതിനായി ടെലികോം താരിഫ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ട്രായിയും ചാര്‍ജ് വര്‍ധനക്ക് അനുകൂല നിലപാടിലാണ്. ഈ ഘട്ടത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ആയിരിക്കും ജനങ്ങള്‍ക്ക് ആശ്വാസകരമെന്നിരിക്കെ സ്ഥാപനത്തെ നഷ്ടത്തിലാക്കി ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റേത്.
ബി എസ് എന്‍ എല്ലിനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബി എസ് എന്‍ എല്‍ യൂനിയനുകളുടെയും അസോസിയേഷനുകളുടെയും സംയുക്തഫോറം ഈമാസം 21,22 തീയതികളില്‍ പണിമുടക്കും. ബി എസ് എന്‍ എല്‍ മേഖലയിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് യൂനിയനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് സംബന്ധിച്ച് യൂനിയന്‍ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.