റേഷന്‍ ഭക്ഷ്യധാന്യം ഈ മാസം കുറയില്ല

Posted on: April 18, 2015 12:00 am | Last updated: April 18, 2015 at 5:19 pm
SHARE

rationcard-keralaതിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഈ മാസം വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ മാറ്റമില്ല. കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചതിനാല്‍ എ പി എല്‍ കാര്‍ഡുടമകള്‍ക്കുള്ള ഭക്ഷ്യധാന്യം പത്ത് കിലോഗ്രാമില്‍നിന്ന് ആറായി കുറക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ വിതരണം പതിവുപോലെ നടക്കും. ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ട് രൂപാ നിരക്കില്‍ അഞ്ച് കിലോഗ്രാം ഗോതമ്പും വിതരണം ചെയ്യും.
എ പി എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ പത്ത് കിലോഗ്രാം അരിയും എ പി എല്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പത്ത് കിലോഗ്രാം അരി കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലും ലഭിക്കും. എ പി എല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 6.70 രൂപ നിരക്കിലും എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരിയും അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി പ്രതിമാസം പത്ത് കിലോഗ്രാം അരിയും വിതരണം ചെയ്യും.
കിലോഗ്രാമിന് 13.50 രൂപ നിരക്കില്‍ ബി പി എല്‍, എ എ വൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ലഭിക്കും. കൂടാതെ വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് എല്ലാ ബി പി എല്‍, എ എ വൈ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം സ്‌പെഷ്യല്‍ പഞ്ചസാര 13.50 രൂപക്ക് ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17/18 രൂപ നിരക്കില്‍ ഈ മാസം ലഭിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ ഇവ ചോദിച്ചു വാങ്ങണം. പരാതികളും നിര്‍ദേശങ്ങളും 1967 എന്ന ടോള്‍ ഫ്രീ നമ്പറിലോ 1800-425-1550 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലോ ഭക്ഷ്യമന്ത്രിയുടെ ഓഫീസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫീസ്, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ അറിയിക്കാം.