പാനൂര്‍ കൊലപാതകം:ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെന്ന് സൂചന

Posted on: April 18, 2015 4:59 am | Last updated: April 17, 2015 at 11:59 pm

തലശ്ശേരി: പാനൂര്‍ വടക്കെ പൊയിലൂരില്‍ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ പാറയുള്ള പറമ്പത്ത് പള്ളിച്ചാലില്‍ വിനോദന്‍ കൊലക്കേസന്വേഷണം പുരോഗമിക്കവെ ദേശവാസിയായ ഒരു യുവാവ് പോലീസ് കസ്റ്റഡിയിലായതായി സൂചന. ഇയാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നും വിവരമുണ്ട്. കൊല നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് സി പി എം ചൂണ്ടിക്കാട്ടുന്നവരുടെ പട്ടികയിലില്ലാത്തതിനാല്‍ കൂടുതല്‍ വ്യക്തത ഉണ്ടായെങ്കില്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. കേസന്വേഷണത്തിന് സഹായിക്കുന്ന ചില വിവരങ്ങള്‍ കസ്റ്റഡിയിലുള്ളയാളില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായും വിവരമുണ്ട്. ഇതനുസരിച്ച് പ്രതികളെ പോലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ പൊയിലൂര്‍ സ്വദേശികളായ മൂന്നംഗ സംഘത്തെ തില്ലങ്കേരിക്കടുത്ത മച്ചൂര്‍ മലയിലെ ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ പോലീസ് പിടികൂടിയതായ വിവരവുമുണ്ട്. രാഷ്ട്രീയക്കാര്‍ നല്‍കുന്ന പട്ടിക പ്രകാരം കേസെടുത്ത് അന്വേഷണം നടത്തേണ്ടതില്ലെന്നും നേരായ തെളിവുകളോടെയാകണം അറസ്റ്റെന്നുമാണ് അന്വേഷണസംഘത്തിന് മേലധികാരികളില്‍ നിന്നുള്ള നിര്‍ദേശം.
ഡി വൈ എസ് പി. പ്രേമരാജന്റെ മേല്‍നോട്ടത്തില്‍ പേരാവൂര്‍ സി ഐ. ജോഷി ജോസഫാണ് കേസന്വേഷിക്കുന്നത്. പാനൂര്‍ സബ് ഡിവിഷന്റെ ചുമതലയുള്ള തലശ്ശേരി എ എസ് പി. പ്രദീഷ് കുമാര്‍ അവധിയിലാണ്. തൊട്ടുതാഴെയുള്ള പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി ബെന്നി സംഘപരിവാറിന്റെയും സി പി എമ്മിന്റെയും നോട്ടപ്പുള്ളിയായതിനാല്‍ ആരോപണങ്ങള്‍ ഒഴിവാക്കാനാണ് വിനോദ് കൊലക്കേസന്വേഷണം ഏല്‍പ്പിക്കാതിരുന്നതെന്നറിയുന്നു. വിജിലന്‍സിലേക്ക് മാറിപ്പോവുന്ന ബെന്നിക്ക് പകരം കോസ്റ്റല്‍ സെക്ഷനില്‍ നിന്നും രത്‌നകുമാര്‍ പാനൂരിലെത്തും. വിനോദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഏറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പാനൂരിലെ ക്രമസമാധാന ചുമതല ജില്ലാ പോലീസിനും ഇപ്പോള്‍ വെല്ലുവിളിയായിരിക്കുകയാണ്. പകയും തിരിച്ചടികളും പരമ്പരകളായി അരങ്ങേറുന്ന പാനൂരിലും പരിസരപ്രദേശങ്ങളിലും അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദ്രുതകര്‍മസേനയുള്‍പ്പെടെ വന്‍ ജാഗ്രതയാണ് പ്രദേശത്ത് പുലര്‍ത്തുന്നത്്.