Connect with us

Kerala

ഫ്രാന്‍സിസ് ജോര്‍ജിനായി ജോസഫ് വിഭാഗം പിടിമുറുക്കുന്നു

Published

|

Last Updated

തൊടുപുഴ: പി സി ജോര്‍ജിനെ നീക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പിടിമുറുക്കി കേരളാ കോണ്‍ഗസ് ജോസഫ് വിഭാഗം. സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി ജെ ജോസഫിന്റെ വലംകൈയുമായ ഫ്രാന്‍സിസ് ജോര്‍ജിനെ ഏക വൈസ് ചെയര്‍മാനാക്കണമെന്ന് പി ജെ ജോസഫ് കെ എം മാണിയോട് ആവശ്യപ്പെട്ടു. ഇതോടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പുതിയ തര്‍ക്കം ഉടലെടുക്കുന്നതായാണ് സൂചന.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് മുമ്പ് ജോസഫ് വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍, ജോര്‍ജിനെ നീക്കിയെങ്കിലും പുതിയ വൈസ് ചെയര്‍മാന്റെ കാര്യം യോഗം ചര്‍ച്ച ചെയ്തില്ല. രണ്ട് വൈസ് ചെയര്‍മാന്മാരെ നിയമിക്കാനും അതില്‍ ഒന്ന് ജോസഫ് വിഭാഗത്തിന്് നല്‍കാനുമാണ് കെ എം മാണിയുടെ നീക്കം. എന്നാല്‍ ഇത് അനുവദിക്കില്ലെന്നു ജോസഫ് വിഭാഗം പറയുന്നു.
കേരളാ കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ എം ജോര്‍ജിന്റെ മകനായിട്ടും ഫ്രാന്‍സീസ് ജോര്‍ജിന്് ജോസഫ്-മാണി ലയനത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നത് വസ്തുതയാണ്. 64 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമാണ് ഫ്രാന്‍സീസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്ന് രണ്ട് വട്ടം എം പിയായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് ആവശ്യപ്പെടണമെന്ന് ജോസഫ് വിഭാഗം സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയത്ത് ജോസ് കെ മാണിയുടെ സീറ്റ് ഉറപ്പാക്കാനായി മാണി ഈ ആവശ്യത്തില്‍ നിന്ന് തന്ത്രപൂര്‍വം വഴുതിമാറുകയായിരുന്നുവെന്ന ആരോപണം അന്നേ ഉള്ളതാണ്. പിന്നീട് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോഴും ഫ്രാന്‍സിസ് ജോര്‍ജ് തഴയപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പി സി ജോസഫ് ഉപേക്ഷിച്ച കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതു മാത്രമാണ് ഫ്രാന്‍സിസ് ജോര്‍ജിനുണ്ടായ നേട്ടം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് മത്സരിക്കാതിരുന്നാല്‍ തൊടുപുഴ സീറ്റിലേക്ക് ഫ്രാന്‍സിസ് ജോര്‍ജ് പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വിദൂര സാധ്യത മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഏക വൈസ് ചെയര്‍മാന്‍ സ്ഥാനം ഫ്രാന്‍സിസ് ജോര്‍ജിന് നേടിക്കൊടുക്കാന്‍ പി ജെ ജോസഫ് കിണഞ്ഞു ശ്രമിക്കുന്നത്.

Latest