ജനതാ പാര്‍ട്ടികളുടെ ലയനം

Posted on: April 18, 2015 6:00 am | Last updated: April 17, 2015 at 11:51 pm

SIRAJ.......മതേതതര ഇന്ത്യക്ക് കരുത്ത് പകരുന്ന നീക്കമാണ് ജനതാപാര്‍ട്ടികളുടെ ലയനം. മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, ദേവെഗൗഡയുടെ ജനതാദള്‍ സെക്യുലര്‍, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, കമല്‍ മൊറാര്‍കയുടെ സമാജ്‌വാദി ജനതാപാര്‍ട്ടി എന്നീ കക്ഷികളാണ് മുലായമിന്റെ നേതൃത്വത്തില്‍ ഒരേ ചിഹ്നവും പതാകയുമായി ഒറ്റക്കക്ഷിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
1977-ല്‍ ജയപ്രകാശ് നാരായണന്‍ രൂപം നല്‍കിയതും ദേശീയ രാഷ്ട്രീയത്തില്‍ വന്‍ശക്തിയായി വളര്‍ന്നതുമായ പഴയ ജനതാപാര്‍ട്ടിയില്‍ നിന്ന് വിഘടിച്ചുപോയവയാണ് ഈ കക്ഷികള്‍. നേതാക്കളുടെ അധികാര മോഹത്തിന്റെയും അവസരവാദ രാഷ്ട്രീയത്തിന്റെയും ഫലമായി സംഭവിച്ച പിളര്‍പ്പും ചേരിതിരിവും തങ്ങള്‍ക്കേല്‍പിച്ച തിരിച്ചടികളായിരിക്കണം അഭിപ്രായ ഭിന്നതകളും വിദ്വേഷവും മറന്നു ഒന്നിച്ചുനില്‍ക്കാന്‍ നേതൃങ്ങളെ പ്രേരിപ്പിച്ചത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ബി ജെ പി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിയെങ്കിലും, മതേതര ഇന്ത്യയെ വിഴുങ്ങാന്‍ തക്ക കരുത്ത് പാര്‍ട്ടി ആര്‍ജിച്ചിട്ടില്ലെന്ന് ലോക് സഭാ തിരഞ്ഞടുപ്പിലെ വോട്ടിംഗ് നില വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മാത്രമായി ലഭിച്ചത് 31 ശതമാനം വോട്ടാണ്. സഖ്യകക്ഷികളുടെ ഏഴ് ശതമാനം ചേര്‍ന്നാലും എന്‍ ഡി എ സഖ്യത്തിന് 38 ശതമാനമേ എത്തൂ. 62 ശതമാനം പേരും വര്‍ഗീയ സഖ്യത്തിന് എതിരാണെന്നര്‍ഥം. അവര്‍ക്ക് ലഭിച്ച 38 ശതമാനത്തില്‍ നിന്ന് ഭരണവിരുദ്ധ വോട്ടും വികസനത്തെക്കുറിച്ച മോദിയുടെ പൊള്ളയായ പ്രചാരണത്തില്‍ അകപ്പെട്ടവരുടെ വോട്ടും മാറ്റിനിര്‍ത്തിയാല്‍ സംഘപരിവാറിന്റെ ഹിന്ദുത്വ ആശയത്തിനുള്ള വോട്ട് തുലോം കുറവാണെുന്ന് കാണാം. എന്നിട്ടും അധികാരത്തിലേറാന്‍ അവര്‍ക്ക് സഹായകമായത് മതേതര കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പായിരുന്നു. സംഘ്പരിവാറിന്റെ ശക്തിപ്രകടനമല്ല, മതേതര കക്ഷികളുടെ ദൗര്‍ബല്യവും ശൈഥില്യവുമാണ് യഥാര്‍ഥത്തില്‍ പൊതുതിരഞ്ഞെടുപ്പില്‍ ദൃശ്യമായത്. സെപ്തംബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇത് ബോധ്യപ്പെടുത്തുന്നു. അന്ന് യു പിയില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കാതിരക്കാനായി ബി എസ് പി തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്നപ്പോള്‍ ബി ജെ പിയെ പുറം തള്ളി സമാജ് വാദി പാര്‍ട്ടി നല്ല മുന്നേറ്റം നടത്തുകയുണ്ടായി. രാജ്യത്ത് ശക്തമായ ഒരു മതേതര കക്ഷിയോ സഖ്യമോ ഉരുത്തിരിഞ്ഞു വന്നാല്‍ ബി ജെ പിയെ തടയിടാനാകുമെന്നതാണ് ഇതിന്റെ പാഠം.
കോണ്‍ഗ്രസിലായിരുന്നു നേരത്തെ ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിച്ചിരുന്നത്. രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും ഭരണകാലത്തെ മൃദുഹിന്ദുത്വ സമീപനവും അതിന്റെ പരിണതിയായി സംബവിച്ച ബാബ്‌രി തകര്‍ച്ചയും മതേതര വിശ്വാസികളെ കോണ്‍ഗ്രസുമായി അകറ്റി. കോണ്‍ഗ്രസിന്റെ തകര്‍ച്ചയും വര്‍ഗീയ ഫാസിസത്തിന്റെ മുന്നേറ്റവും തുടങ്ങിയത് അവിടെ നിന്നാണ്. ബി ജെ പിയുടെ വര്‍ഗീയ അജന്‍ഡകളില്‍ നിന്നും കോണ്‍ഗസിന്റെ നവലിബറല്‍ നയങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനായി പിന്നീട് പലപ്പോഴായി വിശാല ഇടതുഐക്യത്തിനും മൂന്നാം ബദലിനും നീക്കങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. 2008 ജൂലൈയില്‍ ബി എസ് പി നേതാവ് മായാവതിയുടെ വസതിയില്‍ ഇടതുപാര്‍ട്ടികളും ബി എസ് പി, ജനതാദള്‍(എസ്), രാഷ്ട്രീയ ലോക്ദള്‍ തുടങ്ങി പത്തോളം പാര്‍ട്ടികളും ചേര്‍ന്നു ഒരു ദേശീയ ബദല്‍ രൂപവത്കരിച്ചിരുന്നുവെങ്കിലും അത് ഏറെക്കാലം നീണ്ടുനന്നില്ല. 2013 ജൂലൈയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇടതു പാര്‍ട്ടികളുടെ കണ്‍വെന്‍ഷനില്‍ മറ്റൊരു മൂന്നാം ബദല്‍ പ്രഖ്യാപനമുണ്ടായെങ്കിലും അതും പ്രഖ്യാപനത്തിലൊതുങ്ങി. ഇനിയും അത്തരമൊരു പരീക്ഷണം വേണ്ടെന്നാണ് വിശാഖപട്ടണത്ത് നടന്ന സി പി എം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ മതേതര വിശ്വാസികള്‍ പ്രതീക്ഷയോടെയാണ് ജനതാ പാര്‍ട്ടികളുടെ ലയനത്തെ നോക്കിക്കാണുന്നത്. മതേതര ജനാധിപത്യ കക്ഷികള്‍ സങ്കുചിതമായ കക്ഷിതാത്പര്യങ്ങള്‍ക്കും അധികാര ആസക്തിക്കും അതീതമായി ജനങ്ങളുടെ ക്ഷേമവും സൈ്വര ജീവിതവും പിന്നാക്ക വിഭാഗങ്ങളുടെ ഉദ്ധാനവും ലക്ഷ്യമാക്കി ഒന്നിച്ചുനിന്നാല്‍ മതേതര ഇന്ത്യ അവരുടെ പിന്നില്‍ ഒന്നിച്ചുനില്‍ക്കും. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ ശക്തമായ മറുപക്ഷമില്ലാത്ത സ്ഥിതിവിശേഷം ഹിന്ദുത്വ ശക്തികള്‍ മുതലെടുക്കുകയാണെന്ന വസ്തുത മതേതര പ്രസ്ഥാനങ്ങള്‍ ഗൗരവത്തോടെ കാണണം. എന്നാല്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമുള്ള പാര്‍ട്ടികളുടെ യോജിപ്പ് ചില സംസ്ഥാനങ്ങള്‍ക്കപ്പുറം ദേശീയ തലത്തില്‍ ബി ജെ പിയെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല, കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റു മതേതര കക്ഷികളെ കൂടി ചേര്‍ത്തുള്ള ഒരു സഖ്യമാണ് ഇന്നിന്റെ ആവശ്യം. അതിനുള്ള തുടക്കമാകട്ടെ ‘ജനതകളു’ടെ ലയനം.