Connect with us

National

സ്വന്തം നാട്ടുകാരുടെ പേരില്‍ കര്‍ണാടക, ഗോവ മന്ത്രിമാരുടെ കൊമ്പുകോര്‍ക്കല്‍

Published

|

Last Updated

പനാജി: സ്വന്തം നാട്ടുകാരുടെ പേരില്‍ കര്‍ണാടക, ഗോവ മന്ത്രിമാര്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു. ഗോവയിലെ വാസ്‌കൊയില്‍ ബെയ്‌ന ബീച്ചിലെ അനധികൃത പാര്‍പ്പിടകേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്ന ഗോവ സര്‍ക്കാറിന്റെ നടപടികള്‍ കര്‍ണാടക മന്ത്രി ആര്‍ വി ദേശ്പാണ്ഡെയെയാണ് ചൊടിപ്പിച്ചത്.
ബെയ്‌ന ബീച്ചിലെ അനധികൃത പാര്‍പ്പിടങ്ങളില്‍ താമസിക്കുന്നവരില്‍ മഹാഭൂരിപക്ഷവും കര്‍ണാടകക്കാരാണ്. ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇവരെ ദ്രോഹിക്കുന്ന നടപടികളുമായി ഗോവ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നപക്ഷം ബെംഗളൂരുവില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഗോവക്കാര്‍ക്കെതിരെ സമാന നടപടിക്ക് കര്‍ണാടക സര്‍ക്കാറും നിര്‍ബന്ധിതരാകുമെന്ന് ഉന്നത വിദ്യാഭ്യാസ- ടൂറിസം മന്ത്രി ആര്‍ വി ദേശ്പാണ്ഡെ തിരിച്ചടിച്ചു. കര്‍ണാടകക്കാരായ 15,000 മുതല്‍ 20,000 വരെ ഐ ടി ക്കാര്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിക്കുകയും ചെയ്തു. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സെകറെ ടെലഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് കര്‍ണാടക മന്ത്രി ദേശ്പാണ്ഡെ ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്.
ഗോവ ബീച്ചില്‍ നിരവധി അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുണ്ട്. ഇതില്‍ കര്‍ണാടകക്കാര്‍ താമസിക്കുന്നവ തിരഞ്ഞുപിടിച്ചാണ് ഗോവന്‍ സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. ഇവരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിഛേദിച്ചിരിക്കുന്നു- കര്‍ണാടക മന്ത്രി ദേശ്പാണ്ഡെ വാര്‍ത്താ ലേഖകരോട് വിശദീകരിച്ചു.
എന്നാല്‍ കര്‍ണാടക മന്ത്രിയുടെ ആരോപണത്തെ ഗോവന്‍ മുഖ്യമന്ത്രി പര്‍സേകര്‍ ശക്തിയായി നിഷേധിച്ചു. ആരെയും തിരഞ്ഞുപിടിച്ച് കുടിയൊഴിപ്പിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. അനധികൃത കെട്ടിടങ്ങളില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്. അനധികൃത കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ആര്‍ക്കെങ്കിലും പ്രത്യേകമായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാനാകില്ലെന്നും പര്‍സേകര്‍ വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുതെന്ന് കര്‍ണാടക മന്ത്രിയോട് ഗോവ മുഖ്യമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.

Latest