ആവിഷ്‌കാര സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാനാകരുത്: സുപ്രീം കോടതി

Posted on: April 18, 2015 6:00 am | Last updated: April 17, 2015 at 11:31 pm

supreme courtന്യൂഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, നേതാജി സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയ ചരിത്ര നേതാക്കളെ നിന്ദിക്കാന്‍ ഉപയോഗപ്പെടുത്തരുതെന്ന് സുപ്രീം കോടതി. ചരിത്ര നേതാക്കളെ വിമര്‍ശിക്കുന്നത് ശിക്ഷാര്‍ഹമല്ല. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 292-ാം വകുപ്പില്‍ ഉള്‍പ്പെടുന്ന തരത്തില്‍ ഒരു വ്യക്തിയെ അസഭ്യമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഭരണഘടന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവര്‍ പറഞ്ഞു.
മഹാത്മാ ഗാന്ധിയെ കുറിച്ച് 1984ല്‍ രചിച്ച അപകീര്‍ത്തികരമായ കവിത പ്രസിദ്ധീകരിച്ചതിന് ചുമത്തിയ ക്രിമനില്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാധകര്‍ നല്‍കിയ ഹരജി പരഗണിക്കുകയായിരുന്നു സുപ്രീം കോടതി. മറാത്തി കവിയായ ദത്താത്രേയ ഗുര്‍ജാറിന്റെ ‘ഗാന്ധി മാല ബേട്‌ല ഹോത്ത’ (ഞാന്‍ ഗാന്ധിയെ കണ്ടു) എന്ന കവിതയില്‍ ഗാന്ധിജിയെ ആഖ്യാതാവായാണ് ചിത്രീകരിക്കുന്നത്. അസഭ്യമായ ഭാഷ കവിതയില്‍ ഉപയോഗിക്കുന്നുണ്ട്.
മഹാത്മാ ഗാന്ധി ഒരു പ്രതീകമല്ല. ഗാന്ധിജി പുരാണേതിഹാസ കഥാപാത്രമല്ലെന്നും അസഭ്യമായ ഭാഷ ഉപയോഗിക്കുന്നത് കവിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെയും ഫാലി എസ് നരിമാന്റെയും വാദങ്ങള്‍ക്കൊടുവിലായിരുന്നു നിരീക്ഷണം. വിധി പറയാനായി കേസ് കോടതി മാറ്റിവെച്ചു.