ബ്രാന്‍ഡിലെ പുതുമകളുമായി തീമ ഗ്രൂപ്പ് യു എ ഇ വിപണിയിലേക്ക്

Posted on: April 17, 2015 7:00 pm | Last updated: April 17, 2015 at 7:00 pm

ദുബൈ: തീമ ഗ്രൂപ്പ് തങ്ങളുടെ ബ്രാന്‍ഡില്‍ സമ്പൂര്‍ണമായ പരിഷ്‌കാരങ്ങള്‍ വരുത്തി വിപണിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുമെന്ന് സെയില്‍സ് മാനേജര്‍മാരായ ജെബിന്‍ റോഷ് പറമ്പത്ത്, റസല്‍ മൂക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1996 മുതല്‍ യു എ ഇയിലെ റിയല്‍ എസ്റ്റേറ്റ്, ഫുഡ്സ്റ്റഫ്, കംമ്പ്യൂട്ടര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ തീമ ഗ്രൂപ്പ് രൂപത്തിലും ഭാവത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായി വളര്‍ച്ചയുടെ പാതയില്‍ പുത്തന്‍ചുവടുകള്‍ വെയ്ക്കാനൊരുങ്ങുകയാണ്.
ഇതിനോടനുബന്ധിച്ച് തീമാ ഗ്രൂപ്പ് ദുബൈ ജബല്‍ അലി ഫ്രീസോണില്‍ ആരംഭിക്കുന്ന ഫാക്ടറിയും വെയര്‍ഹൗസും ഇന്ന് (വെള്ളി) പ്രവര്‍ത്തനമാരംഭിക്കും. യു എ ഇയിലെയും മറ്റു ജി സി സി രാജ്യങ്ങളിലെയും തീമ ഗ്രൂപ്പിന്റെ സ്വാധീനം പതിന്മടങ്ങായി ഉയര്‍ത്താനാണ് സമ്പൂര്‍ണമായ ബ്രാന്‍ഡ് പരിഷ്‌ക്കാരത്തിന് മുതിര്‍ന്നതെന്ന് തീമ ഗ്രൂപ്പ് എം ഡി മുസ്തഫ മുഹമ്മദ് ചേരിയില്‍ പറഞ്ഞു. പുതിയ കാലത്തിന്റെ വാണിജ്യ സാധ്യതകളെ വിലയിരുത്തുകയും യു എ ഇയിലെ സവിശേഷമായ സാഹചര്യങ്ങളെ കണക്കിലെടുത്തുമാണ് പൂര്‍ണമായ ബ്രാന്‍ഡ് രൂപാന്തരണം എന്ന ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തീമാ ഗ്രൂപ്പിന്റെ റീബ്രാന്റിങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനിയുടെ പുതിയ ലോഗോ ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. തീമ ഗ്രപ്പിന്റെ ചെയര്‍മാന്‍ കാമിസ് ആതിക് ബിന്‍ ലഹിജ്, ഡയറക്ടര്‍മാരായ ഹൈദര്‍ തങ്ങള്‍, സലീം പറമ്പത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ നൗഷാദ് ചേരിയില്‍, ഫാദില്‍ ബിന്‍ മനാഫ് പങ്കെടുത്തു.