മതംമാറ്റ നിരോധ നിയമം കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ പെട്ടതല്ല

Posted on: April 17, 2015 5:47 am | Last updated: April 17, 2015 at 12:48 am

ന്യൂഡല്‍ഹി: മതംമാറ്റ നിരോധത്തിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കില്ലെന്ന് നിയമ മന്ത്രാലയത്തിന്റെ ഉപദേശം. ആഭ്യന്തര മന്ത്രാലയത്തിന് ഈയടുത്ത് നിയമ മന്ത്രാലയം അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മതംമാറ്റ നിരോധ നിയമം പൊതു സമാധാനക്രമത്തിന്റെ അധികാരപരിധിയില്‍ വരുന്നതും സംസ്ഥാന വിഷയമാണെന്നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ പറഞ്ഞിട്ടുണ്ടെന്ന 1977ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിയമ മന്ത്രാലയം ഈ നിലപാട് സ്വീകരിച്ചത്.
റേവ് സ്റ്റെയ്ന്‍സ്ലോസും മധ്യപ്രദേശ് സര്‍ക്കാറും തമ്മിലുള്ള കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. മധ്യപ്രദേശും അന്നത്തെ ഒറീസയും നടപ്പിലാക്കിയ മതംമാറ്റ നിയമം കോടതി ശരിവെക്കുകയായിരുന്നു. മതംമാറ്റ നിരോധ നിയമം നടപ്പാക്കാന്‍ കേന്ദ്രത്തിന് യാതൊരു അധികാരവുമില്ലെന്ന് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യെപ്പെടുന്ന നിയമങ്ങള്‍ ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ് രണ്ടിലെ എന്‍ട്രി ഫസ്റ്റിലാണ് ഉള്‍പ്പെടുക. ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്നത് നിരോധിക്കുന്നത് മൂലം സമൂഹ മനഃസാക്ഷിയെ ദോഷമായി ബാധിച്ച് ക്രമസമാധാന നില വഷളാകുന്നത് ഒഴിവാക്കുകയാണ് ഇതുകാണ്ട് ഉദ്ദേശിക്കുന്നത്. ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതംമാറ്റ നിരോധ നിയമം നിലവിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മതംമാറ്റം ഭരണഘടനയുടെ 25 ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചുള്ള മതസ്വാതന്ത്ര്യത്തിലാണ് പെടുന്നത്.
മതംമാറ്റ നിരോധ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിന് തടയിടുന്നതാണ് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം. മതംമാറ്റ നിരോധ നിയമ വിഷയത്തില്‍ ദേശീയ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതരമതസ്ഥരെ ഹിന്ദുമതത്തിലേക്ക് മാറ്റുന്ന പരിവാര്‍ സംഘടനകളുടെ ഘര്‍വാപസി വിവാദമാക്കുകയും അതിനെതിരെ മുറുമുറുപ്പുയരുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച അനിവാര്യമാണ്. മതംമാറ്റ നിരോധ നിയമം കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ചിന്തിക്കണം. രാജ്‌നാഥ് സിംഗ് പറഞ്ഞു.