Connect with us

Kerala

നിയമവിരുദ്ധ മരുന്ന് പരസ്യങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോളര്‍

Published

|

Last Updated

തിരുവനന്തപുരം: നിയമവിരുദ്ധമായി മരുന്നുകള്‍ വില്‍ക്കുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ വ്യാപകമാകുന്നതിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍. സ്വയം ചികിത്സക്കും മരുന്ന് ഉപയോഗത്തിനും ഉതകുന്ന രീതിയിലുള്ള എല്ലാ പരസ്യങ്ങളും നിരോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മരുന്നുകളെ സംബന്ധിച്ച് അത്ഭുതകരമായി ഫലപ്രാപ്തിയും വ്യാജമായ അവകാശവാദങ്ങളും ഉന്നയിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ഹൃദ്രോഗം, മദ്യപാനം നിര്‍ത്താന്‍, സൗന്ദര്യം നിലനിര്‍ത്താന്‍, ലൈംഗികാസക്തി വര്‍ധിപ്പിക്കാന്‍, ബുദ്ധി വികാസത്തിനും ഓര്‍മക്കുറവിനും എന്നിങ്ങനെ വിവിധ തലക്കെട്ടുകളോടു കൂടിയ വിവിധ അലോപ്പതി, ആയുര്‍വേദ മരുന്നുകളുടെ പരസ്യങ്ങളാണ് കണ്ടുവരുന്നത്. വിവിധതരം രോഗാവസ്ഥകള്‍ മരുന്നുകള്‍ മുഖേനെ ഭേദമാക്കാമെന്ന് യാതൊരു അവകാശവാദവും ഉന്നയിക്കരുതെന്ന് കേന്ദ്ര നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കഷണ്ടി, അകാലനര, അമിതവണ്ണം, ബുദ്ധിമാന്ദ്യം, എയ്ഡ്‌സ്. അന്ധത, പ്രമേഹം തുടങ്ങി 51 ഇനം രോഗാവസ്ഥകളാണ് നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. ലൈംഗികത വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ എന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍, ഇത്തരം പരസ്യങ്ങളും ക്ലാസിഫൈഡ്‌സ് വിഭാഗത്തില്‍ ധാരാളം കണ്ടുവരുന്നുണ്ട്.
പൊതു ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉളവാക്കുന്ന ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. തെറ്റിദ്ധാരണമൂലമുള്ള അശാസ്ത്രീയമായ മരുന്നുപയോഗം സമൂഹത്തിന്റെ പൊതുവിലുള്ള ആരോഗ്യാവസ്ഥക്ക് വെല്ലുവിളിയാണ്. വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട നാഡീവ്യൂഹ ഉത്തേജക മരുന്നുകളോ, സ്റ്റീറോയിഡുകളോ അവയുടെ ചേരുവകള്‍ അടങ്ങിയിട്ടുള്ള അതിവീര്യമുള്ള രാസവസ്തുക്കളോ ആകാം ഇത്തരം പരസ്യങ്ങള്‍വഴി വില്‍ക്കപ്പെടുന്നത്. പരസ്യങ്ങള്‍വഴി വില്‍ക്കപ്പെടുന്ന അശാസ്ത്രീയമായ മരുന്നുപയോഗത്തിലൂടെ പൊതുജനങ്ങളുടെ ആരോഗ്യത്തിന്റെയും ജീവന്റെയും നിലനില്‍പ്പ് ഭീഷണിയിലാണ്. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പത്ര മാധ്യമങ്ങളും പൊതുജനങ്ങളും ബോധവാന്മാരാകണമെന്നും ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍ പറയുന്നു.

Latest