യുവാവിന്റെ കൊലപാതകം: പ്രതികള്‍ പിടിയില്‍

Posted on: April 17, 2015 5:32 am | Last updated: April 17, 2015 at 12:32 am

മാന്നാര്‍: ബാന്റ്്‌സെറ്റ് കലാകാരനായ കൊല്ലം പള്ളിപ്പുറത്ത് അനുഗ്രഹാ നഗറില്‍ 181 ാം നമ്പര്‍ വീട്ടില്‍ റ്റാന്‍സലിന്റെ മകന്‍ ഡസ്റ്റമന്‍(26) കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍.
ക്വട്ടേഷന്‍ സംഘാംഗങ്ങളായ അറൂനൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍(സായിപ്പ്-26), മാങ്കാംകുഴി കല്ലിമേല്‍ വരിക്കലേത്ത് റോബിന്‍(24)എന്നിവരാണ് അറസ്റ്റിലായത്.
15ന് വൈകിട്ട് നാലിന് തിരുവല്ലയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്നലെ മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 13ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. സായിപ്പെന്നു വിളിക്കുന്ന ബിബിന്‍ പുറകില്‍നിന്നു പിടിച്ചുകൊടുക്കുകയും റോബിന്‍ ഡസ്റ്റമിനെ കുത്തുകയുമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കുത്തുകൊണ്ട് റോഡില്‍ കിടന്ന ഡസ്റ്റമന്റെ അടുത്തേക്കെത്തിയ സുഹൃത്തുക്കളെ പ്രതികള്‍ വിരട്ടിയോടിച്ചു.
ഇവര്‍ നേരത്തേയും കൊലപാതകകേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു. ബിബിന്‍ മാവേലിക്കര സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ പെട്ടയാളും റോബിന്‍ ഒരു കൊലപാതക കേസിലെ പ്രതിയുമാണ്. ഏഴോളം മാരകമായ മുറിവുകള്‍ ഡസ്റ്റമനിന്റെ ശരീരത്തില്‍ കണ്ടത്തിയിരുന്നു.