Connect with us

Malappuram

കേസ് നടത്തിപ്പിനായി ചേളാരി വിഭാഗം കോടികള്‍ പിരിക്കുന്നു

Published

|

Last Updated

തിരൂരങ്ങാടി: വിവിധ കേസുകളുടെ നടത്തിപ്പിനായി ചേളാരി സുന്നി വിഭാഗം കോടികള്‍ സമാഹരിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ വിവിധ മഹല്ലുകളില്‍ സുന്നി വിഭാഗവുമായുള്ള കേസുകള്‍ക്കു പുറമെ നോളജ് സിറ്റി, തിരുകേശം തുടങ്ങിയവയിലും കോടതി വ്യവഹാര ചെലവിലേക്കായാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുന്നത്. ഇത് സംബന്ധമായി റെയ്ഞ്ച് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും റെയ്ഞ്ച് സെക്രട്ടറിമാര്‍ മദ്‌റസാ പ്രധാനാധ്യാപകരെ വിളിച്ചുചേര്‍ത്ത് ഫണ്ട് പിരിവ് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ മദ്‌റസകളിലേയും ഓരോ കുട്ടിയില്‍ നിന്നും നൂറ് രൂപ വീതം പിരിച്ചെടുക്കാനാണ് നിര്‍ദേശം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരിലാണ് പണം പിരിക്കുന്നത്.

സുന്നികളുമായി നിലവിലുള്ളതും പുതുതായി വരുന്നതുമായ സ്ഥാപന കേസുകളും അടിപിടി കേസുകളുമെല്ലാം സംഘടന നേരിട്ട് തന്നെ കൈകാര്യം ചെയ്യുന്നതിനാണ് ഫണ്ട് സ്വരൂപിക്കുന്നത്. കേസുകളില്‍ എത്ര ഭീമമായ തുക വന്നാലും പ്രഗത്ഭരായ അഭിഭാഷകരെ വെച്ച് കേസ് നടത്താനാണ് പണം സ്വരൂപിക്കുന്നതെന്നാണ് വിശദീകരണം. ഇരു വിഭാഗവും ഒരുമിച്ച് നടത്തുന്നവയും നിഷ്പക്ഷമായി നടക്കുന്നവയുമായ സ്ഥാപനങ്ങള്‍ സ്വന്തമാക്കാനും സുന്നി പ്രവര്‍ത്തകരെ കമ്മിറ്റികളില്‍ നിന്ന് പുറത്താക്കാനും ഇവര്‍ അണികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കുഴപ്പങ്ങള്‍ സൃഷ്ടിച്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നാല്‍ ഇതിന്റെ പേരില്‍ വരുന്ന നിയമപ്രശ്‌നങ്ങള്‍ മേല്‍ഘടകം ഏറ്റെടുക്കുമെന്നും ചേളാരി വിഭാഗം നേതൃത്വം അണികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഫണ്ട് പിരിവിനെകുറിച്ച് നിര്‍ദേശം നല്‍കാന്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പല മദ്‌റസകളിലേയും പ്രധാനാധ്യാപകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. വിവിധ സംഘടനക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ പഠിക്കുന്ന മദ്‌റസകളില്‍ ചേളാരി വിഭാഗത്തിന്റെ കേസുകള്‍ക്കായി പണം പിരിക്കാന്‍ സാധിക്കുകയില്ലെന്ന് പ്രധാന അധ്യാപകര്‍ യോഗത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, നേതൃത്വത്തിന്റെ നിര്‍ദേശം നടപ്പിലാക്കാതെ പറ്റില്ലെന്ന ഭീഷണി ചിലയിടങ്ങളില്‍ ഉയര്‍ന്നിട്ടുണ്ടത്രെ.

Latest