ഊട്ടി പുഷ്‌പോത്സവം മെയ് 15ന് തുടങ്ങും

Posted on: April 15, 2015 3:35 am | Last updated: April 15, 2015 at 12:38 am

OOTY.PH. .  2.ഊട്ടി: പ്രസിദ്ധമായ 119ാമത് ഊട്ടി പുഷ്പമഹോത്സവം മെയ് 15, 16, 17 തീയതികളില്‍ നടക്കും. പൂക്കളുടെ മഹോത്സവത്തിന് ഊട്ടി സസ്യോദ്യാനം ഒരുങ്ങി. വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്. പച്ചവിരിച്ച പരവതാനിയില്‍ വിവിധ വര്‍ണങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ചരിത്രത്തില്‍ ഇടംനേടിയ പുഷ്പനഗരി. പുഷ്പമേളക്ക് മുമ്പ് തന്നെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. പതിനായിരത്തിലേറെ പുഷ്പങ്ങളുടെ വൈവിധ്യമൊരുക്കിയാണ് ഇത്തവണ ഊട്ടി സഞ്ചാരികളുടെ മനംകവരുക. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇടംനേടിയതാണ് ഊട്ടിയുടെ പെരുമ. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളാണ് ഊട്ടിയിലുള്ളത്. പൂക്കാലത്തെ അവിസ്മരണീയമാക്കാനാണ് തമിഴ്‌നാട് ടൂറിസം വകുപ്പിന്റെ തീരുമാനം. വിദേശികളടക്കമുള്ള പതിനായിരങ്ങളാണ് പുഷ്പമേളയുടെ പതിവ് വിരുന്നുകാര്‍. ഇത് കൂടാതെ നാട്ടുകാരും വസന്തോത്സവത്തിന് വന്നെത്തും.
ഇന്ത്യയിലെ ഏറ്റവും വലിയ പൂക്കളുടെ ശേഖരമാണ് റോസ് ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. പനിനീര്‍പ്പൂക്കളുടെ വന്‍ശേഖരമാണിവിടെ തയ്യാറാക്കി യിരിക്കുന്നത് . തമിഴ്‌നാട് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയോട് ചേര്‍ന്നുള്ള സസ്യോദ്യാനത്തില്‍ പത്തേക്കര്‍ പച്ചപ്പുല്‍ മൈതാനമാണ് പുഷ്പ പ്രദര്‍ശനത്തിന്റെ പ്രധാന കേന്ദ്രം. 1847-ല്‍ വില്യം ഗ്രഹാം മാക്‌ഐവര്‍ ആണ് സസ്യോദ്യാനം സ്ഥാപിച്ചത്. യൂറോപ്പിന്റെ കാലാവസ്ഥയുള്ള ഊട്ടിയെ ജോണ്‍ സള്ളിവനാണ് കണ്ടെത്തിയത്. ഊട്ടിയിലെ കന്തേരിമുക്കിലാണ് ആദ്യത്തെ കെട്ടിടം നിര്‍മിച്ചത്. 1896ലാണ് ഊട്ടി സസ്യോദ്യാനത്തില്‍ ആദ്യത്തെ പുഷ്പമേള നടന്നത്. ഊട്ടിയില്‍ വിരിയുന്ന പൂക്കള്‍ ലോകം മുഴുവന്‍ സുഗന്ധം പരത്തുകയാണ്. നിറക്കൂട്ടുകളുടെ ലോകത്തേക്ക് സ്വാഗതമോതി നഗരത്തിലും പരിസരത്തും കൂറ്റന്‍ ബോര്‍ഡുകളും ഫഌക്‌സുകളും സ്ഥാനംപിടിച്ചു കഴിഞ്ഞു. സൗരഭ്യവും സൗന്ദര്യവും തേടി അവധി ദിവസങ്ങളില്‍ ധാരാളം സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് അധികവും. 60 ഏക്കര്‍ സ്ഥലത്തില്‍ പകുതിയോളം പൂക്കളുടെ ശേഖരമാണുള്ളത്. വിദേശ രാജ്യത്തില്‍ നിന്നടക്കമുള്ള വിവിധങ്ങളായ പൂക്കളാണ് ഇവിടെയുള്ളത്. ജര്‍ബറ, ലില്ലിയം, ഡാലിയ, കാര്‍ണീഷ്യം, മാരിഗോള്‍ഡ് തുടങ്ങിയ ഇനങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. പുഷ്പങ്ങളാല്‍ തീര്‍ക്കുന്ന വിവിധ കലാരൂപങ്ങള്‍ ഇവിടെ സൃഷ്ടിക്കും.
മലകളുടെ റാണിയായ നീലഗിരി സഞ്ചാരികളുടെ പറുദീസയാണ്. മെയ് 2, 3 തീയതികളില്‍ കോത്തഗിരി നെഹ് റു പാര്‍ക്കില്‍ നടക്കുന്ന പച്ചക്കറി മേളയോടെയാണ് വസന്തോത്സവത്തിന് തുടക്കം കുറിക്കുന്നത്. മെയ് 8, 9 തീയതികളില്‍ ഗൂഡല്ലൂരില്‍ സുഗന്ധവ്യഞ്ജന പ്രദര്‍ശനമേള നടക്കും. മെയ് 9, 10 തീയതികളില്‍ ഊട്ടി വിജയനഗരം റോസ് ഗാര്‍ഡനില്‍ റോസാപ്പൂ പ്രദര്‍ശനവും, മെയ് 23, 24 തിയതികളില്‍ കുന്നൂര്‍ സിംസ് പാര്‍ക്കില്‍ പഴവര്‍ഗ്ഗങ്ങളുടെ മേളയും നടക്കും.
കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് പുഷ്പമഹോത്സവം നടക്കുന്നത്. വസന്തോത്സവം പ്രമാണിച്ച് ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള മതിയായ സൗകര്യം ഇല്ലാത്തതാണ് ഏറ്റവും വലിയ കുറവുകളിലൊന്ന്. വാഹന പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ടൂറിസംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. വാഹനങ്ങളുടെ ആധിക്യം കാരണം ഊട്ടിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്.