കൊന്നപ്പൂക്കളുടെ സ്വര്‍ണരാശി

Posted on: April 15, 2015 3:58 am | Last updated: April 14, 2015 at 10:02 pm

konnapooപ്രകൃതിയുടെ സൗന്ദര്യം ആവാഹിച്ചെടുത്ത് പൂക്കുന്ന കൊന്നകളുടെ കാലമാണ് വിഷു. പുതുവസ്ത്രം, കണി, കൈനീട്ടം, പലതരം പുഴുക്കുകള്‍, നാടന്‍ കളികള്‍, ഫലവൃക്ഷങ്ങള്‍ തരുന്ന കായ്കനികള്‍, വിളവെടുപ്പ്, പടക്കം പൊട്ടിക്കല്‍- ആകപ്പാടെ ആവാസം മനുക്ഷ്യനൊപ്പം ലോഹ്യം ചേരുന്ന ദിവസം. ലോകത്തെവിടെ ജീവിച്ചാലും ഋതുക്കള്‍ തരുന്ന ഓര്‍മകള്‍ മലയാളിയെ ആഘോഷനിര്‍ഭരമാക്കാറുണ്ട്. അതാകട്ടെ, ഒത്തുചേരലിന്റെ ഉത്സവമാകുന്നു. പി കുഞ്ഞിരാമന്‍ നായര്‍
‘കാത്തിരിയ്ക്കുമീ
ശൂന്യമാര്‍ഗത്തില്‍
കൂത്തുമാടത്തില്‍
പേര്‍ത്തുമീ വിഷു വേലനാള്‍’ എന്ന് പാടിയപ്പോള്‍ വൈലോപ്പിള്ളി
‘ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും’ എന്നു പറഞ്ഞാണ് വിഷുവിനെ ഏതിരേറ്റത്. കത്തിനില്‍ക്കുന്ന സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സഞ്ചരിക്കുമ്പോള്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ കൊന്നപ്പൂക്കള്‍ വിരിയുന്നു. മഞ്ഞ നിറമുള്ള കണിവെള്ളരിയും വിളവാകുന്നു. മരച്ചില്ലയിലിരുന്ന് വിഷുപ്പക്ഷി പാടുന്നു:
‘വിത്തും കൈക്കോട്ടും
അച്ഛന്‍ കൊമ്പത്ത്
അമ്മ വരമ്പത്ത്
കള്ളന്‍ ചക്കേട്ടു
കണ്ടാല്‍ മിണ്ടണ്ട
കൊണ്ടായി തിന്നോട്ടെ…’
കൃഷിയുടെ പുതുവര്‍ഷപ്പിറവി കേരളത്തില്‍ മാത്രമല്ല. തമിഴ്‌നാട്ടില്‍ വര്‍ഷപ്പിറവി, അസമില്‍ ബിഹു, കര്‍ണാടക- ആന്ധ്രയില്‍ യുഗാദി എന്നിങ്ങനെയൊക്കെ പേരുകളില്‍ ആഘോഷിക്കുന്നു. വിഷുവിന് കണി കണ്ടതിന് ശേഷം കൈനീട്ടം വാങ്ങി പാടത്ത് ചാലിടുകയായിരുന്നു പഴയ രീതി. കലപ്പയില്‍ കെട്ടിയ കാളകളെക്കൊണ്ടായിരുന്നു പാടം വട്ടത്തില്‍ പൂട്ടിയിരുന്നത്. ചാലിടുന്നത് കിഴക്ക് ദിക്കിലേക്കാണ്. ഒരര്‍ഥത്തില്‍ വിഷു പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു.
ആമസോണ്‍ കാടുകളിലെയും ആന്തമാന്‍ ദ്വീപ് സമൂഹങ്ങളിലെയും കാനഡയിലെ തീരദേശങ്ങളിലെയും കാട്ടുജാതിക്കാരും മീന്‍ പിടിത്തക്കാരും ഇന്ത്യയിലെ കൃഷിക്കാരായ സാധാരണക്കാരും നിലനില്‍പ്പിന് വേണ്ടി പോരാടുന്ന വര്‍ത്തമാന കാലത്ത് ജൈവലോകം നിലനിര്‍ത്താനായി നമുക്ക് വീണ്ടുവിചാരമാരംഭിക്കാം.
വിഷുക്കണിയെ കുറിച്ച് മലബാര്‍ ഗസറ്റില്‍(പുറം104) ഇങ്ങനെ കാണാം: ‘കണിക്കുള്ള സാധനങ്ങള്‍ ഒരു ഗ്രന്ഥം, സ്വര്‍ണം കൊണ്ട് ഒരു ആഭരണം, പുതിയ അലക്കിയ മുണ്ട്, നാണയങ്ങള്‍, ഓട് കൊണ്ടുണ്ടാക്കിയ വാല്‍ക്കണ്ണാടി, വെള്ളരി, രണ്ടായി മുറിച്ച നാളികേരം, കുറേ മാങ്ങ, ഒരു ചക്ക, ഇതിന്റെയെല്ലാം മുകളില്‍ കുറേ കൊന്നപ്പൂവുകള്‍. ഈ വക സാധനങ്ങള്‍ ഒരു ഓട്ടുതളികയില്‍ ഒരുക്കിയാണ് കണിയൊരുക്കുന്നത്. തലേദിവസം രാത്രി മുഴുവന്‍ കണിക്കു വെച്ച താലത്തിന്റെ രണ്ട് പുറവും ഓരോ വിളക്ക് കത്തിച്ചുവെക്കുകയും ചെയ്യുന്നു. വിഷുനാള്‍ വെളിച്ചമാവുന്നതിന് മുമ്പേ തറവാട്ടിലെ ഓരോ അംഗങ്ങളായി കണ്ണ് മിഴിക്കാതെ ഈ കണിയുടെ അരികില്‍ ഒരു പായമേല്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നതിന് ശേഷം കണ്ണ് മിഴിക്കാന്‍ പറയപ്പെടുകയും കണി വേണ്ട വിധം കാണുകയും ചെയ്യുന്നു. തറവാട്ടിലെ മെമ്പര്‍മാര്‍ എല്ലാവരും കണി കണ്ട് കഴിഞ്ഞാല്‍ അതെടുത്ത് ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോയി അവരെ കാണിക്കുന്നു’
ഔഷധമെന്ന നിലയില്‍ കണിക്കൊന്നക്ക് ആയൂര്‍വേദത്തില്‍ വലിയ സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ക്കേ പുറമേക്ക് പുരട്ടുന്ന ലേപനങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ത്വക്‌രോഗങ്ങള്‍ക്കും മറ്റും ഔഷധവീര്യമുള്ള കൊന്ന ചേര്‍ന്ന മരുന്ന് ഫലപ്രദമാണത്രേ. കൃമിയുടെ ഉപദ്രവം, നീര്‍വീക്കം, അലര്‍ജി, ഗ്യാസ്ട്രബിള്‍ തുടങ്ങിയവക്ക് കണിക്കൊന്ന ഔഷധമാണ്. ചിലര്‍ക്കുണ്ടാകുന്ന അമിതമായ മൂത്രം പോക്കിന് ഇത് ഉപയോഗിക്കാം. കൊന്നപ്പട്ട ചേര്‍ത്തുണ്ടാക്കുന്ന ഔഷധം പ്രമേഹം, കുഷ്ഠം, ജ്വരം, ത്വക്‌രോഗങ്ങള്‍, ഛര്‍ദി എന്നിവ ഇല്ലാതാക്കുന്നു. അതുകൊണ്ട് വഴിയരികില്‍ കൊന്ന പൂത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ ഇത് സൗന്ദര്യം മാത്രമല്ല, ഔഷധം കൂടിയാണെന്ന് വിഷുവിന് ഓര്‍മിക്കാം.
നാമൊരിക്കലും സമരാത്രം തരുന്ന സമഭാവന ഓര്‍ക്കാറില്ല. മണ്ണില്‍ നിന്ന്, കണി രാഗത്തില്‍ നിന്ന്, പൂക്കളും കിളികളും നിറഞ്ഞ തണ്ണീര്‍ പന്തലില്‍ നിന്നൊഴിഞ്ഞ് ആന്റിന കുട ചൂടിയ വീടിലെ സ്വീകരണമുറിയിലേക്ക് നമ്മള്‍ ഒതുക്കപ്പെട്ടിരിക്കുന്നു. ആഗോളീകരണ പ്രളയത്തില്‍ ആവാസം മാനവികതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴാണ് പൗരഗതിയിലെ ഇടപെടലാകുന്നത്.
‘ഒരു മരം വെട്ടിയാല്‍
ഒരു മകന്‍ നഷ്ടം
ഒരമ്മ നഷ്ടം’
വട്ടനിറ, കൊട്ടനിറ, പത്തായം നിറ എന്നിവയൊക്കെ മലയാളി മറന്നുകഴിഞ്ഞു. പാട്ട് മാത്രമല്ല, മലയാണ്മയുമായി ചേര്‍ന്ന എല്ലാറ്റിനോടും മെല്ലെ മെല്ലെ മലയാളി വിട പറയുകയാണ്. ഇന്നത്തെ കേരളത്തിന് കശുമാങ്ങയുടെ മണമോ ചക്കയും മങ്ങയും പഴുത്ത് നില്‍ക്കുന്ന കാഴ്ചയോ ഇല്ല. പുന്നെല്ലരിച്ചോറിന്റെ രുചി പേലും അറിയില്ല. തമിഴന്റെ ലോറിയിലെത്തിച്ചുതരുന്ന കാര്‍ഷിക വിഭവങ്ങളുമായി നമ്മുടെ ചന്തകള്‍ ഉണരുന്നു. കാര്‍ഷിക വ്യവസ്ഥ മൃതവ്യവസ്ഥയായതോടെ എല്ലാം ആഘോഷമായി. വിഷുവിന്റെ പുതവര്‍ഷപ്പിറവി കര്‍ഷകന്റേതാണ്. വയലുകള്‍ തരിശായിടത്ത് എന്തിന് വിത്തും കൈക്കോട്ടും? എന്തായാലും ഒത്തുചേരാനും പ്രൃകതിയെ ഓര്‍ക്കാനും ഇത്തരം ഉത്സവങ്ങള്‍ വേദിയൊരുക്കുന്നത് തന്നെയാണ് വിഷുവിന്റെ പ്രസക്തി.