Connect with us

Editorial

മന്ത്രിമാരുടെ യാത്രക്കും വേണ്ടേ നിയന്ത്രണം?

Published

|

Last Updated

ഗവര്‍ണര്‍മാരുടെ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭരണ ചുമതലയുള്ള സംസ്ഥാനത്തിന് പുറത്തേക്ക് നടത്തുന്ന യാത്ര ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ 20 ശതമാനമാക്കി ചുരുക്കി. വര്‍ഷത്തില്‍ 73 ദിവസത്തില്‍ കൂടുതല്‍ അവര്‍ സംസ്ഥാനത്തിന് പുറത്തുപോകരുത്. മാതൃ സംസ്ഥാനത്തേക്കുള്ള യാത്ര ചുരുക്കണമെന്നും നിര്‍ദേശമുണ്ട്. വിദേശ യാത്രകള്‍ക്ക് ആറാഴ്ചയും സംസ്ഥാനാന്തര സ്വകാര്യ യാത്രകള്‍ക്ക് രണ്ടാഴ്ചയും ഔദ്യോഗിക യാത്രകള്‍ക്ക് ഏഴ് ദിവസവും മുമ്പായി രാഷ്ട്രപതിയില്‍ നിന്ന് അനുമതി വാങ്ങുകയും വേണം. അപേക്ഷയില്‍ യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടായിരിക്കണമെന്നും അപേക്ഷ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആഭ്യന്തരമന്ത്രിയും സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
നിയമപരമായി സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. കാര്യമായ ജോലിയൊന്നുമില്ലാത്ത ഭരണാധികാരി. നിയമസഭ പാസാക്കുന്ന ബില്ലുകളിലും ഓര്‍ഡിനന്‍സുകളിലും ഒപ്പുവെക്കുകയും ചില ശിക്ഷാ വിധികളില്‍ ഇളവനുവദിക്കുകയും ചെയ്യുക തുടങ്ങി ചുരുക്കം ചില കാര്യങ്ങളിലപ്പുറം ഭരണരംഗത്ത് ശ്രദ്ധേയമായ ഒരു പങ്കും ഇവര്‍ക്കില്ല. സര്‍ക്കാര്‍ വക രമ്യഹര്‍മങ്ങളില്‍ മെയ്യനങ്ങാതെ വെറുതെ സമയം തള്ളിനീക്കുകയാണ് ഈ മേധാവികള്‍. കൂട്ടിലടച്ച തത്തയെപ്പോലെയുള്ള ഈ ജീവിത്തില്‍ മുഷിപ്പനുഭവപ്പെടുന്നത് കൊണ്ടായിരിക്കണം, ചില ഗവര്‍ണര്‍മാര്‍ നിരന്തരം യാത്രകളിലാണ്. നിയമിതമായ സംസ്ഥാനങ്ങളില്‍ അവരുടെ സാന്നിധ്യം ചുരുക്കമായിരിക്കും. അലവന്‍സ് ആന്റ് പ്രിവിലേജസ് നിയമത്തില്‍ ഭേദഗതി വരുത്തി യാത്രകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഭരണകൂടം തീരുമാനിച്ചതിന്റെ പശ്ചാത്തലമിതാണ്.
ഗവര്‍ണര്‍മാരുടെ അധികാരം കടലാസില്‍ ഒതുങ്ങുന്നതിനാല്‍ അവരുടെ സാന്നിധ്യം കൊണ്ട് ഭരണരംഗത്ത് കാര്യമായ ഗുണമില്ലെങ്കിലും, അവര്‍ നടത്തുന്ന യാത്രകളുടെ ഭാരം പൊതുഖജനാവിനാണെന്നതിനാല്‍ ഇപ്പോഴത്തെ നിയന്ത്രണം നാടിനു ഗുണകരമാണ്. എന്നാല്‍ പാഴ്‌ചെലവുകള്‍ ഒഴിവാക്കാനുള്ള ഇത്തരം നടപടികള്‍ ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ മാത്രം മതിയോ? മന്ത്രിമാര്‍ക്കും ആവശ്യമല്ലേ ഇതുപോലുള്ള നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും. ഭരണപരമായി ധാരാളം ഉത്തരവാദിത്വമുള്ളവരാണ് മന്തിമാര്‍. അവര്‍ക്കിടയിലുമുണ്ട് അനിവാര്യമല്ലാത്ത യാത്രകള്‍ നിരന്തരം നടത്തുകയും ഇതുവഴി ഭരണകാര്യങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നവര്‍. നരേന്ദ്രമോദി തന്നെയാണ് ഈ പട്ടികയില്‍ മുന്‍പന്തിയില്‍. പ്രധാനമന്ത്രി പദത്തിലെ ആദ്യത്തെ പതിനൊന്ന് മാസങ്ങള്‍ക്കകം അദ്ദേഹം നടത്തിയ വിദേശ യാത്രകള്‍ മുന്‍ പ്രധാനമന്ത്രിമാരുടെ യാത്രകളുമായി തുലനം ചെയ്യുമ്പോള്‍ ഒരു റെക്കോര്‍ഡാണ്. എന്‍ ആര്‍ ഐ പ്രധാനമന്ത്രിയെന്നാണ് രാഷ്ട്രീയ പ്രതിയോഗികള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അമേരിക്ക, ജപ്പാന്‍, ബ്രസീല്‍, കാനഡ, ആസ്‌ത്രേലിയ, നേപ്പാള്‍, ഭൂട്ടാന്‍, ഫിജി, മൗറീഷ്യസ്, ശ്രീലങ്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി ഒരു ഡസനിലേറെ രാഷ്ട്രങ്ങള്‍ ഇതിനകം അദ്ദേഹം സന്ദര്‍ശിച്ചു കഴിഞ്ഞു. ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ ആരെയും ഏല്‍പ്പിക്കാതെയാണ് അടിക്കടി അദ്ദേഹം വിദേശയാത്ര നടത്തുന്നതെന്നും ആരോപണമുണ്ട്. അധികാരത്തിലെത്തിയ ശേഷം ആദ്യം മോദി നടത്തിയ യാത്ര ബ്രസീലിലേക്കാണ്. അന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതല ആരെ ഏല്‍പ്പിക്കണമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒടുവില്‍ ആരെയും ഏല്‍പ്പിക്കാതെയാണ് പോയത്. കഴിഞ്ഞ മാസം ദ്വീപ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോഴും ഇതായിരുന്നു അവസ്ഥ. ചുമതലകള്‍ ആരെയും ഏല്‍പ്പിച്ചില്ല. ഇതേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ “അധിക ദിവസമൊന്നുമില്ലല്ലോ, വെറും രണ്ട് ദിവസത്തെ കാര്യമല്ലേ. ചെയ്യേണ്ട കാര്യങ്ങളെല്ലാം അദ്ദേഹം എഴുതി സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം ഇവിടെയില്ലെങ്കിലും അതെല്ലാം നടക്കു”മെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. റിമോട്ട് കണ്‍ട്രോള്‍ ഭരണം!
പ്രധാനമന്ത്രിയുടെ അഭാവത്തില്‍ ആഭ്യന്തരമന്ത്രിയെ ചുമതല ഏല്‍പ്പിക്കുകയാണ് കീഴ്‌വഴക്കം. എന്നാല്‍ മോദിയുടെ ദ്വീപ് രാഷ്ട്ര സന്ദര്‍ശന വേളയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജപ്പാനിലായിരുന്നു. മറ്റൊരു പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന അരുണ്‍ ജയ്റ്റ്‌ലി യു കെയിലും. പ്രധാനമന്ത്രിയുള്‍പ്പെടെ മൂന്ന് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ ഒരുമിച്ച് വിദേശ യാത്രക്കു പോയത് അപൂര്‍വ സംഭവമാണ്. മറ്റു രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ ഉടമ്പടികള്‍ക്ക് രൂപം നല്‍കാനും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം സഹായകമായേക്കാം. എന്നാല്‍ അതിനും വേണ്ടേ ഒരതിര്? അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ചെലവില്‍ പരമാവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുക എന്നതിലുപരി ഭരണരംഗത്ത് എന്തെങ്കിലും പരിഷ്‌കാരമോ ഗുണമോ ലക്ഷ്യമാക്കിയല്ല പലരുടെ കാര്യത്തിലും ഇത്തരം യാത്രകളെന്നത് വിസ്മരിക്കാവതല്ല.

Latest