തൃശൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം

Posted on: April 14, 2015 6:27 pm | Last updated: April 14, 2015 at 6:27 pm

crimeതൃശൂര്‍: അരിമ്പൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുന്നത്തങ്ങാടി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദര്‍ശനത്തിനുശേഷം റോഡിലൂടെ നടന്ന പോയ ഇരുപതുകാരിയാണ് ആക്രമിക്കപ്പെട്ടത്.

പിന്നിലൂടെ വന്ന ചുവന്ന കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അരിമ്പൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. പരുക്കേറ്റു വീണ പെണ്‍കുട്ടിയെ നാട്ടുകാരായ സ്ത്രീകള്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിച്ചെത്തിയ കാര്‍ രണ്ടാംതവണ ഇവരെയും ഇടിച്ചു വീഴ്ത്തി. വീട്ടമ്മമാരായ അമൃത, ശ്യാമള , പത്മിനി, രമ്യ എന്നിവര്‍ക്കും വിദ്യാര്‍ഥിയായ രാഹൂലിനുമാണ് പരുക്കേറ്റത്. ഇതില്‍ അമൃത, പത്മിനി, ശ്യാമള എന്നിവരുെട നില ഗുരുതരമാണ്.

നിര്‍ത്താതെ പോയ കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാലക്കല്‍ റോഡരികിലാണ് കണ്ടെത്തിയത്. കാര്‍ ഓടിച്ചിരുന്ന പ്രതി കാറളം സ്വദേശി ഷിബിനായി തിരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായുള്ള പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.