വിദഗ്ധ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത വിസ അനുവദിക്കാന്‍ ഡി ഇ ഡിയുടെ ശിപാര്‍ശ

Posted on: April 14, 2015 6:11 pm | Last updated: April 14, 2015 at 6:11 pm

1060522893ദുബൈ: വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത വിസ അനുവദിക്കാന്‍ ഡി ഇ ഡി (ദുബൈ ഇക്കണോമിക് കൗണ്‍സില്‍) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് വിസ നല്‍കാന്‍ ഡി ഇ ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഉള്‍പെടെയുള്ള സുപ്രധാനമായ ശുപാര്‍ശകളാണ് ദുബൈ സര്‍ക്കാറിനെ ഉപദേശിക്കാന്‍ രൂപീകൃതമായ ഡി ഇ ഡി നല്‍കിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത് ഉള്‍പെടെ അഞ്ച് വിഭാഗങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ ഉതകുന്ന പാക്കേജിനെക്കുറിച്ചും സര്‍ക്കാറിന് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊഫഷണല്‍ സേവന സ്ഥാപനമായ സിലോയിറ്റെയുമായി സഹകരിച്ചാണ് ശുപാര്‍ശകള്‍ തയ്യാറാക്കിയത്. റിട്ടയര്‍മെന്റ് വിസക്കുള്ള നടപടി ക്രമം ലഘൂകരിക്കുക, പാപ്പരായവര്‍ക്കെതിരായ ക്രിമിനല്‍ നടപടി ക്രമം ലഘൂകരിക്കുക, ചെക്ക് മടങ്ങുന്ന കാര്യത്തിലും നടപടി ക്രമം ലഘൂകരിക്കുക, താമസത്തിനുള്ള അവകാശങ്ങളിലെ ഔദ്യോഗിക പ്രക്രിയകളും ജി സി സി രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കലുമെല്ലാം നല്‍കിയ ശുപാര്‍ശകളില്‍ ഉള്‍പ്പെടും. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ അതി വിദഗ്ധരായ വിദേശ പ്രൊഫഷണലുകള്‍ക്ക് വിസ അനുവദിക്കുകയാണ് ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
വിസാ നടപടി ക്രമങ്ങളിലെ ലഘൂകരണവും വിരമിച്ചവര്‍ക്കുള്ള വിസയിലെ നൂലാമാലകള്‍ ഒഴിവാക്കുന്നതും കൂടുതല്‍ നിക്ഷേപം ദുബൈയിലേക്ക് എത്താന്‍ ഇടയാക്കും. എമിറേറ്റിന്റെ സാമ്പത്തിക ഭദ്രതക്കും ഇത് സഹായകമാവും. 2014ല്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പെന്‍ഷന്‍ സ്‌കീം നടപ്പാക്കാന്‍ ആലോചിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ശുപാര്‍ശ.
വളരെ ചുരുങ്ങിയ കാലയളവില്‍ വിവിധ രംഗങ്ങളില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്ന എമിറേറ്റാണ് ദുബൈ. ഇത്തരം കാര്യങ്ങളില്‍ അയല്‍ എമിറേറ്റുകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ബഹുദൂരം മുമ്പിലാണ് ദുബൈയുടെ സ്ഥാനം. ഈ രംഗത്ത് ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നത് സിങ്കപ്പൂരും ഹോങ്കോംങ്ങുമാണ്. ദുബൈയില്‍ ഡി ഇ ഡി നല്‍കിയ ശുപാര്‍ശകളില്‍ പലതും അധികം വൈകാതെ നടപ്പായേക്കുമെന്നാണ് സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.