Connect with us

National

ഛത്തിസ്ഗഢില്‍ വീണ്ടും നക്‌സല്‍ ആക്രമണം; 17 വാഹനങ്ങള്‍ കത്തിച്ചു

Published

|

Last Updated

റായ്പൂര്‍: ഏറ്റുമുട്ടലില്‍ ഏഴ് പ്രത്യേക ദൗത്യസേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഛത്തിസ്ഗഢില്‍ വീണ്ടും ആക്രമണം. ബസ്തര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. 17 വാഹനങ്ങള്‍ ആക്രണത്തില്‍ കത്തിച്ചാമ്പലായി. അതേസമയം ആര്‍ക്കെങ്കിലും ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ബര്‍ബാസ്പൂരിലെ ഇരുമ്പയിര് ഖനന കേന്ദ്രം റെയ്ഡ് ചെയ്ത നക്‌സലുകള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ കത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ട ശേഷം നക്‌സലുകള്‍ കാട്ടിലേക്ക് ഓടിമറഞ്ഞു. ട്രക്കുകള്‍, ജെ സി ബി തുടങ്ങിയ വാഹനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉന്നതതല പോലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി. സംഭവത്തിലുള്‍പ്പെട്ട തീവ്രവാദികളെ പിടികൂടാനായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൗത്യസേനാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ല. മോശം കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രദേശവുമാണ് സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിന് കാരണം. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായി അഡീഷനല്‍ ഡയരക്ടര്‍ ഓഫ് പോലീസ് ആര്‍ കെ വിജി പറഞ്ഞു. ദുര്‍ഘടമായ ഭൂപ്രദേശത്തിലൂടെ മെല്ലെയാണ് സൈന്യം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റുകള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് സൈന്യം മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് വീണ്ടുമൊരു ആക്രമണത്തിനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണ് സുഖ്മ വനമേഖല.
ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ പിദ്‌മെല്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് ഛത്തീസ്ഗഢ് പോലീസിലെ പ്രത്യേക ദൗത്യസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ഓപറേഷനിടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ശങ്കര്‍ റാവു ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
61 അംഗ ദൗത്യസേനാംഗങ്ങളെ മാവോയിസ്റ്റുകള്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു.

Latest