Connect with us

Business

ഇന്ത്യന്‍ വിപണിയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി

Published

|

Last Updated

ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും മുന്നേറി. പ്രമുഖ ക്രൈഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസും ഫിച്ചും ഇന്ത്യന്‍ വിപണിയുടെ റേറ്റിംഗ് ഉയര്‍ത്തിയത് വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നമ്മുടെ വിപണിയിലുള്ള താല്‍പര്യം വര്‍ധിക്കാന്‍ അവസരം ഒരുക്കും. സെന്‍സെക്‌സ് 620 പോയിന്റും നിഫ്റ്റി 195 പോയിന്റും ഉയര്‍ന്നു.
മൂഡീസ് ഇന്‍വെസേ്റ്റഴ്‌സ് ഇന്ത്യന്‍ വിപണിയുടെ റേറ്റിംഗ് സ്‌റ്റേബിളില്‍ നിന്ന് പോസീറ്റീവാക്കി. പുതിയ സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ വരുന്ന ഒരു വര്‍ഷ കാലയളവില്‍ വന്‍ നിക്ഷേപത്തിന് താല്‍പര്യം കാണിക്കാം. മറ്റൊരു ക്രൈഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചും റേറ്റിംഗ് ഉയര്‍ത്തി.
വിദേശ ഫണ്ടുകള്‍ 1,608 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതിന്റെ കരുത്തില്‍ മുന്‍ നിരയിലെ 30 ഓഹരികളില്‍ 23 എണ്ണവും നേട്ടത്തിലേക്ക് നീങ്ങി.
റിയാലിറ്റി, സ്റ്റീല്‍, വിഭാഗം ഇന്‍ഡക്‌സുകള്‍ അഞ്ച് ശതമാനത്തില്‍ ഏറെ മുന്നേറി. എഫ് എം സി ജി, കണ്‍സ്യുമര്‍ ഡ്യൂറബിള്‍ഡ്, ടെക്‌നോളജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ വിഭാഗം ഓഹരികളും ശ്രദ്ധിക്കപ്പെട്ടു. അതേ സയം ഫാര്‍മ ഓഹരികള്‍ കരുത്തു നിലനിര്‍ത്താന്‍ ക്ലേശിച്ചു. ആര്‍ ഐ എല്‍ ഓഹരി വില 8.3 ശതമാനം വര്‍ധിച്ചു. ഇന്‍ഫോസീസ് ടെക്‌നോളജി, റ്റി സി എസ്, ഡോ. റെഡീസ്, എം ആന്‍ഡ് എം, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, ഐ റ്റി സി, സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ്മ, ടാറ്റാ പവര്‍, എല്‍ ആന്‍ഡ് റ്റി എന്നിവയുടെ നിരക്ക് ഉയര്‍ന്നു.
സെന്‍സെക്‌സ് 28,223 വരെ താഴ്ന്ന ശേഷം വാരാന്ത്യം 28,907 ലേക്ക് കയറി. വാരാന്ത്യം സൂചിക 28,789 ലാണ്. ഈ വാരം 29,116-29,353 ല്‍ പ്രതിരോധവും 28,432 ലും 27,985 ല്‍ താങ്ങുമുണ്ട്.
നിഫ്റ്റി വാരാരംഭത്തില്‍ തന്നെ മുന്നേറ്റത്തിന് തുനിഞ്ഞു. വാരാന്ത്യം നിഫ്റ്റി 8,780 ലാണ്. ഈവാരം 8,850-8,920 നെയാണ് ഉറ്റുനോക്കുന്നത്. സൂചികയുടെ താങ്ങ് 8643-8506 ലാണ്. നിഫ്റ്റിയും സെന്‍സെക്‌സും അതിന്റെ 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ്. അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ചെവ്വാഴ്ച വിപണി അവധിയാണ്.
പോയവാരം ബി എസ് ഇ യില്‍ 18,245 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 94,742 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മുന്‍വാരം ഇത് യഥാക്രമം 8,236 കോടിയും 47,640 കോടി രൂപയുമായിരുന്നു.
വ്യവസായിക മേഖലയില്‍ നിന്നുള്ള തിളക്കമാര്‍ന്ന റിപ്പോര്‍ട്ടുകള്‍ വെളളിയാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിംഗിനു ശേഷം പുറത്തുവന്നതിന്റെ ആവേശം ഇന്ന് ഇടപാടുകളുടെ തുടക്കത്തില്‍ സൂചികയില്‍ പ്രതീക്ഷിക്കാം. ആര്‍ ബി ഐ പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിര്‍ത്തി.
അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ മികവിലാണ്. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ ബാരലിന് 51 ഡോളറിലും സ്വര്‍ണം ഔണ്‍സിന് 1,207 ഡോളറുമാണ്.
ഏഷ്യയിലെ ഇതര വിപണികളും തിളക്കമാര്‍ന്ന പ്രകടനം കഴിഞ്ഞവാരം കാഴ്ചവെച്ചു. ജപ്പാനില്‍ നിക്കി സൂചിക 15 വര്‍ഷങ്ങളിലെ ഏറ്റവും മികച്ച റേഞ്ചിലേക്ക് കുതിച്ചു. ചൈനീസ് ഓഹരി സൂചികയായ ഷാംഗ്ഹായി ഏഴര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചിലാണ്. ഹോങ്കോംഗ്, ഫിലിപ്പൈന്‍സ് മാര്‍ക്കറ്റുകളും മികവിലാണ്.