മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന

Posted on: April 12, 2015 7:23 pm | Last updated: April 13, 2015 at 12:32 am

sanjay routമുംബൈ: മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ശിവസേന എം പിയുടെ വാദം വിവാദമാവുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും കാരണം. അവരുടെ വോട്ടവകാശം എടുത്തുകളയുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നുമാണ് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് എം പിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ റൗട്ട് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ കോളത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

മുസ്‌ലിംകളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നിടത്തോളം കാലം അവര്‍ക്ക് ഭാവിയില്ല. അതുകൊണ്ടാണ് മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തു കളയണമെന്ന് ബാല്‍ താക്കറെ നേരത്തെ ആവശ്യപ്പെട്ടത്. അത് ശരിയുമാണ്. അവരുടെ വോട്ടവകാശം എടുത്തു മാറ്റുന്ന ദിവസം മതേതരവാദികള്‍ എന്നവകാശപ്പെടുന്നവരുടെ യഥാര്‍ഥ മുഖം വെളിപ്പെടുമെന്നും ലേഖനത്തില്‍ പറയുന്നു.

റൗട്ടിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ശിവസേനയ്ക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്ന വിശദീകരണവുമായി നേതൃത്വം രംഗത്തെത്തി.