ശൈഖ് മുഹമ്മദ് ദുബൈ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു

Posted on: April 12, 2015 6:25 pm | Last updated: April 12, 2015 at 6:25 pm

1794027889ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ ബട്ടര്‍ ഫ്‌ളൈ ഗാര്‍ഡനും മിറക്കിള്‍ ഗാര്‍ഡനും സന്ദര്‍ശിച്ചു. മകള്‍ ശൈഖ ജലീലയും മകന്‍ ശൈഖ് സായിദും ഒപ്പുമുണ്ടായിരുന്നു. അല്‍ ബര്‍ഷയിലെ ബട്ടര്‍ ഫ്‌ളൈ ഗാര്‍ഡനിലാണ് വെള്ളിയാഴ്ച കുടുംബ സമേതം ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ പൂമ്പാറ്റകളുടെ ഉദ്യാനങ്ങളില്‍ ഒന്നാണിത്. ഇതോടുബന്ധിച്ച് പൂമ്പാറ്റകളുടെ മ്യൂസിയവുമുണ്ട്. 4,500 ചതുരശ്ര മീറ്ററാണ് ഈ ഉദ്യാനത്തിന്റെ വിസ്തൃതി. ഇതില്‍ 2,000 ചതുരശ്ര മീറ്റര്‍ പൂമ്പാറ്റകള്‍ക്കായുള്ള ഗോപുരങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കയാണ്. ഓരോ ഗോപുരത്തിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 വിഭാഗങ്ങളില്‍ പെട്ട പൂമ്പാറ്റകളെയാണ് പാര്‍പിച്ചിരിക്കുന്നത്. ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനില്‍ 120ല്‍ അധികം വിഭാഗങ്ങളില്‍പെട്ട പൂച്ചെടികളും ഉള്‍പ്പെടുത്തിട്ടുണ്ട്.
ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്റെയും മിറക്കിള്‍ ഗാര്‍ഡന്റെയും നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കമ്പനിയായ അകാര്‍ ലാന്റ് സ്‌കേപ്പിംഗ് സര്‍വീസസ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ റഹാല്‍ ശൈഖ് മുഹമ്മദിന് ഉദ്യാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊടുത്തു.
ശൈഖ് മുഹമ്മദ് ഉദ്യാനങ്ങളുടെ രൂപകല്‍പനയെ പ്രശംസിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കാണ് ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ നിര്‍വഹിക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ പ്രോട്ടോകോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.