Connect with us

Gulf

റമസാനിലെ പ്രാദേശിക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ്ക്രസന്റ് 1.27 കോടി ചിലവിടും

Published

|

Last Updated

അബുദാബി: വിശുദ്ധ റമസാനിലും ഈദ് ദിനത്തിലും രാജ്യത്തിനകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രാദേശികമായി കൂടുതല്‍ ജനങ്ങളിലേക്ക് വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിച്ചെല്ലാനുള്ള ഒരുക്കങ്ങളാണ് അതോറിറ്റി ആരംഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതിനായുള്ള നീക്കിയിരുപ്പ് സംഖ്യയും ഇരട്ടിയിലധികമാക്കിയിട്ടുണ്ട്.
വരുന്ന റമസാനിലും ഈദ് ദിനത്തിലുമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റി നീക്കിവെച്ച തുക 1.27 കോടി ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം ഇത് അരക്കോടിയിലും താഴെയായിരുന്നു. റമസാനിലെ ഇഫ്താര്‍ തമ്പുകള്‍, മാംസ വിതരണം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായങ്ങള്‍, അനാഥ സംക്ഷണം തുടങ്ങിയ മേഖലകളിലാണ് പ്രാദേശിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുക.
രാജ്യത്തെ വിധവകള്‍, വിവാഹമോചിതകള്‍, നിര്‍ധന വിദ്യാര്‍ഥികള്‍, പ്രത്യേക പരിചരണമാവശ്യമുള്ളവര്‍, അനാഥകള്‍ എന്നിവര്‍ക്ക് ഈ വര്‍ഷം കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ കഴിഞ്ഞയാഴ്ച അബുദാബിയില്‍ ചേര്‍ന്ന അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായതായി അധികൃതര്‍ വെളിപ്പെടുത്തി. സഹായത്തിനര്‍ഹരായവര്‍ നേരത്തെ തന്നെ അതോറിറ്റിയുടെ പ്രാദേശിക ആസ്ഥാനങ്ങളില്‍ അപേക്ഷ സമര്‍പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു എ ഇ റെഡ്ക്രസന്റ് അതോറിറ്റി ലോകരാഷ്ട്രങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ ജീവകാരുണ്യ സംവിധാനമാണ്. തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.