Connect with us

Kozhikode

പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ

Published

|

Last Updated

കോഴിക്കോട്: ബേപ്പൂര്‍ തമ്പി റോഡ് മഠത്തില്‍ പറമ്പില്‍ ലോഹിതാക്ഷന്റെ മകള്‍ വിപിനയുടെ ആത്മഹത്യക്ക് കാരണക്കാരനായ പ്രതി പ്രജീഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബേപ്പൂര്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്തമാസം എട്ടിന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ബേപ്പൂര്‍ വില്ലേജ് ഓഫീസ് പരിസരത്താണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്.
കഴിഞ്ഞ നവംബര്‍ പതിനാലിനാണ് വിപിന വാടകവീട്ടില്‍ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം പ്രജീഷാണെന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസിന്റെ കൈവശമുണ്ടെന്നും എന്നാല്‍ മരണം നടന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും ഇന്നേവരെ ഇതുമായി ബന്ധപ്പെട്ട് പ്രജീഷിനെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
ബിരുദധാരിയായ വിപിന 2002ല്‍ വിവാഹിതയായി ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ഉണ്ട്. സ്വരചേര്‍ച്ച ഇല്ലായ്മ കാരണം 2007 കുടുംബകോടതിമുഖേന ബന്ധം വേര്‍പ്പെടുത്തി. പിന്നീട് മീഞ്ചന്തയിലും കോഴിക്കോട്ടുമുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ജോലി ചെയ്യവേ അതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രജീഷുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി 2012 നവംബറില്‍ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടു പോയി ഫറോക്ക് പെരുമുഖത്ത് വാടകവീട്ടില്‍ താമസിച്ചു വരികയുമായിരുന്നു.
ഇതിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് വാടകവീട്ടില്‍ വെച്ചാണ് വിപിന ആത്മഹത്യചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 22ന് വിപിനയുടെ അച്ഛന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഡിസംബര്‍ നാലിന് സിറ്റി പോലീസ്‌കമ്മീഷണര്‍ക്കും, കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കും, ചെറുവണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ആക്ഷന്‍കമ്മിറ്റിയും വിപിനയുടെ അച്ഛനും വീണ്ടും പരാതി നല്‍കി.
എന്നാല്‍ കേസന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് അറിയിച്ചതല്ലാതെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഡിസംബര്‍ 27ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. സെഷന്‍സ് കോടതിയില്‍ പ്രജീഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. എന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലയെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രതിയായ പ്രജീഷ് കോണ്‍ഗ്രസ്സ് (ഐ ) മാങ്കാവ് ബ്ലോക്ക് സെക്രട്ടറിയും ഉന്നതതലത്തില്‍ ബന്ധമുളളയാളും ആയതിനാലാണ് പോലീസ് ഈ കേസില്‍ നിഷ്‌ക്രിയത്വം പാലിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി സെക്രട്ടറി സുമാ ബാലകൃഷണന്‍ അന്വേഷണത്തിനു വരികയും വിപിനയുടെ അച്ഛനുമായി കാര്യങ്ങള്‍ അന്വേഷിക്കുയു ചെയ്തു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാന്വേഷണത്തില്‍ നിന്ന് പ്രജീഷിനെ ഒഴിവാക്കിയതായാണ് അറിയുന്നതെന്നും.
എന്നാല്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് മേഖലാ ചെയര്‍മാനായി പ്രതി ഇപ്പോഴും തുടരുകയാണെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ നഗരാസൂത്രണ ചെയര്‍പേഴ്‌സണ്‍ ടി രജനി പ്രസിഡന്റായും, ടി പി അബ്ദുറഹ്മാന്‍ കണ്‍വീനറുമായാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ നഗരാസൂത്രണ ചെയര്‍ പേഴ്‌സണ്‍ ടി രജനി, ടി പി അബ്ദുറഹ്മാന്, കരുവള്ളി ശശി, പി മാധവദാസ്, മുരളി ബേപ്പൂര്‍, വിപിയുടെ പിതാവ് കെ ലോഹിതാക്ഷന്‍ പങ്കെടുത്തു

Latest