ആയിരത്തോളം കുടിയേറ്റക്കാരെ ഇറ്റാലിയന്‍ ചരക്ക് കപ്പലുകള്‍ രക്ഷപ്പെടുത്തി

Posted on: April 12, 2015 5:46 am | Last updated: April 12, 2015 at 8:46 am

റോം: ലിബിയന്‍ തീരത്ത് മൂന്ന് ചെറുബോട്ടുകളില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയ ആയിരത്തോളം കുടിയേറ്റക്കാരെ ഇറ്റാലിയന്‍ ചരക്ക് കപ്പലുകള്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒരാള്‍ മരിച്ച നിലയിലായിരുന്നുവെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന പറഞ്ഞു. തങ്ങള്‍ അപകടത്തില്‍പ്പെട്ടതായി കുടിയേറ്റക്കാര്‍ സാറ്റലൈറ്റ് ഫോണ്‍വഴി അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ സിസിലി തുറമുഖത്തെത്തിക്കുകയായിരുന്നുവെന്ന് തീരസംരക്ഷണ സേന പറഞ്ഞു. എന്നാല്‍ കുടിയേറ്റക്കാര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മധ്യപൗരസ്ത്യ ദേശത്തുനിന്നും ആഫ്രിക്കയില്‍നിന്നും അഭയാര്‍ഥികളും കുടിയേറ്റക്കാറും ലിബിയവഴി സിസിലിയിലെത്തി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ സാഹസിക യാത്ര നടത്തുന്നത് പതിവാണ്. ഇത്തരത്തില്‍ കടല്‍മാര്‍ഗം യാത്ര നടത്തിയ 3,500 ഓളം പേര്‍ കഴിഞ്ഞ വര്‍ഷം മാത്രം മുങ്ങിമരിച്ചിട്ടുണ്ട്. ഈ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ മെഡിറ്ററേറിയന്‍ കടലില്‍ 480 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.