Connect with us

Articles

നേതാജിക്ക് എന്താണ് സംഭവിച്ചത്

Published

|

Last Updated

മൂന്ന് തരം മനുഷ്യരെ നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളെ സഹായിച്ചവര്‍, പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങളെ ഉപേക്ഷിച്ച് പോയവര്‍, നിങ്ങളെ ആ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടവര്‍. നേതാജി ഒരിക്കലല്ല; പലവട്ടം ഇങ്ങനെ പറഞ്ഞിട്ടുണ്ടത്രെ. നേതാജി പറഞ്ഞുവെച്ച ഈ വാക്കുകള്‍ക്ക് അന്നും ഇന്നും ഒരു പോലെ പ്രസക്തിയുണ്ടെന്ന് ചരിത്രവും വര്‍ത്തമാനവും അനുഭവങ്ങളും നമ്മളെ പഠിപ്പിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ ദുരൂഹതയായി ഇന്നും നിലനില്‍ക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെ ചുറ്റിപ്പറ്റി പുതിയ വര്‍ത്തമാനങ്ങളുണ്ടാകുമ്പോള്‍ ഒരു പക്ഷെ പ്രതി സന്ധിയിലേക്ക്്് തള്ളിവിട്ടവരെയും പ്രതിസന്ധിക്കാലത്ത്് ഉപേക്ഷിച്ചവരെക്കുറിച്ചുമെല്ലാം പുതിയ തിരിച്ചറിവ് ലഭിച്ചെന്നു വരാം. അധികാരത്തിന്റെ പിന്നിലൊതുങ്ങാന്‍ ഒരിക്കലും താത്പര്യമില്ലാതെ നാടിനു വേണ്ടി മാത്രം ജീവിച്ച ഒരുമനുഷ്യനെച്ചൊല്ലി അദ്ദേഹത്തിന്റെ തിരോധാനം കഴിഞ്ഞുള്ള ഏഴ് പതിറ്റാണ്ടിന് ശേഷവും പുതിയ വാദമുഖങ്ങളും ചര്‍ച്ചകളും വരുന്നത്് എന്തു കൊണ്ടായിരിക്കും. 20 വര്‍ഷം തുടര്‍ച്ചയായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്താനൊരുങ്ങുമ്പോള്‍ ആരുടെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുക, റിപ്പോര്‍ട്ട്്് പരസ്യപ്പെടുത്തുന്നതിന് പിന്നില്‍ ആര്‍ക്കാണ് രാഷ്ട്രീയ ലക്ഷ്യം. ഇങ്ങനെ ചോദ്യങ്ങള്‍ നിര നിരയായി ഉയര്‍ന്നു വരുമ്പോഴും നേതാജിയുടെ തിരോധാനത്തെ കുറിച്ചുള്ള സത്യമറിയാനുള്ള ആഗ്രഹം ലോകത്തിനുള്ളില്‍ ഇങ്ങനെ തിങ്ങി വിങ്ങി നിറയുന്നുണ്ടെന്ന കാര്യം ആരും അറിയാതെ പോകരുത്. 1948 മുതല്‍ രണ്ട് പതിറ്റാണ്ട് കാലം നേതാജിയെയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിച്ചവര്‍ക്ക്്് ലോകമുന്നയിക്കുന്ന ഈ ചോദ്യത്തിന് മറുപടി പറയാനുള്ള ചെറിയ ബാധ്യതയെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്്്.
1964 മേയ് 27ന് നെഹ്‌റു മരിച്ചെങ്കിലും നാല് വര്‍ഷത്തേക്കു കൂടി നിരീക്ഷണം തുടര്‍ന്നിരുന്നുവെങ്കില്‍ ഇതിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടായേക്കാമെന്ന് ഒരിന്ത്യന്‍ പൗരന്‍ സംശയിച്ചാല്‍ അതിനെ അങ്ങിനെ വെറുതേ തള്ളിക്കളയാനുമാവില്ല. നിരീക്ഷണം മാത്രമല്ല ബോസിന്റെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ പകര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നുവത്രെ. ആഭ്യന്തര, വിദേശ യാത്രകളില്‍ ചാരന്‍മാര്‍ കുടുംബാംഗങ്ങളെ പിന്തുടരാറുണ്ടായിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ആരെയൊക്കെയാണ് ഇവര്‍ കാണുന്നതെന്നും എന്താണ് ഇവരുടെ സംഭാഷണത്തില്‍ ഉയരുന്നതെന്നും ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചറിയാന്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുളള കത്തുകള്‍പോലും ജവഹര്‍ ലാല്‍ നെഹ്‌റു സര്‍ക്കാരിന്റെ കാലത്ത് പരിശോധിക്കപ്പെട്ടിരുന്നതിന്റെ പൂര്‍ണ രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ലോകമഹായുദ്ധത്തിന് ശേഷം ആസ്ത്രിയയില്‍ നിന്ന് നേതാജിയുടെ ഭാര്യ എമിലി ഷെങ്കല്‍ അയച്ച കത്തുകളാണ് പുറത്തു വന്നത്. കൊല്‍ക്കത്തയിലുളള നേതാജിയുടെ അനന്തരവന്‍ ശിശിര്‍ കുമാര്‍ ബോസിനയച്ച കത്തുകളാണ് ഇത്. ഈ കത്തുകള്‍ ശിശിറിന്റെ കൈയിലെത്തുന്നതിനു മുമ്പ് മറ്റു പലരും വായിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ ഒട്ടേറെ കത്തുകളുടെ പകര്‍പ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകളിലുണ്ട്. കഴിഞ്ഞ അമ്പത് വര്‍ഷമായി ഈ കത്തുകള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ അലമാരകളില്‍ വിശ്രമിക്കുകയായിരുന്നുവത്രെ. പഴയ രേഖകള്‍ മാറ്റുന്നതിനായി ഇവയെല്ലാം തരം തിരിച്ചപ്പോഴാണ് ഈ കത്തുകള്‍ കണ്ടെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ദേശീയ പുരാരേഖകളിലേക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍ മാറ്റുന്നത്.1948 മുതല്‍ 68 വരെ നേതാജിയുടെ കുടുംബം സര്‍ക്കാരിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു. ഇന്ത്യയിലും വിദേശത്തുമുളള ഇവരുടെ യാത്രകളിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇവരെ പിന്തുടര്‍ന്നു. ഇവര്‍ ആരൊയൊക്കെ കാണുന്നു എന്ത് സംസാരിക്കുന്നു തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വിശദമായി നിരീക്ഷിക്കപ്പെട്ടിരുന്നു.
1957ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍ കെല്‍പ്പുള്ള ഏക നേതാവ് ബോസ് മാത്രമായിരുന്നുവെന്നും ബോസ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ തിരിച്ചെത്തുമോ എന്ന സംശയമാകണം ചാര പ്രവര്‍ത്തനത്തിനു കാരണമെന്നും ഇപ്പോള്‍ തന്നെ ചിലര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നേതാജി ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ പ്രധാനമന്ത്രി പദം നല്‍കേണ്ടി വന്നേനെയെന്ന വാദവും ഇതിനകം ചിലര്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷ വരും നാളുകളില്‍ വലിയ ചര്‍ച്ചകള്‍ക്കു തന്നെയാണ് ഇത് വഴിവെക്കുക.എന്തു തന്നെയായാലും നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കു തന്നെയായിരിക്കും പഴയ സര്‍ക്കാര്‍ രേഖകളുടെ പുതിയ വെളിപാടുകള്‍ വഴിതുറക്കുക. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും അതിന് ശേഷവും ഭാരതീയ യുവത്വത്തെ വല്ലാതെ ആവേശം കൊള്ളിച്ച നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. ജീവിതകാലം മുഴുവന്‍ ഒരു വിപ്ലവകാരിയുടെ തീക്ഷ്ണത അദ്ദേഹം അണയാതെ സൂക്ഷിച്ചിരുന്നു. ഇന്ത്യയുടെ മോചനത്തിന് സായുധ സമരം ആവശ്യമാണ് എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ പിറവിയും അങ്ങനെയായിയിരുന്നു. 1897 ജനുവരി 23ന് കട്ടക്കിലാണ് അദ്ദേഹം ജനിച്ചത്. കല്‍ക്കത്തയില്‍ നിന്ന് മെട്രിക്കുലേഷനും തത്വശാസ്ത്രത്തില്‍ ബിരുദവും നേടി. കോളജ് ജീവിതമാണ് ബോസിനുള്ളിലെ പ്രതികരണ ചിന്തയേയും രാഷ്ട്രീയ ബോധത്തേയും വളര്‍ത്തിയെടുത്തത്. ഉപരിപഠനാനന്തരം കേംബ്രിഡ്ജിലെത്തിയ ബോസ് വിപ്ലവകാരിയുടെ മനസുമായാണ് ഇന്ത്യയില്‍ തിരികെ എത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസിലും ദേശീയ പ്രസ്ഥാനത്തിലും ആകൃഷ്ടനായി പ്രവര്‍ത്തിച്ചുവെങ്കിലും താമസിയാതെ അത് തന്റെ പാതയല്ലെന്ന് ബോസ് തിരിച്ചറിഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ നായകനായ ഗാന്ധിജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസില്‍ നിന്ന് വിടുതല്‍ തേടി. തുടര്‍ന്ന് 1943 മേയ് മാസത്തില്‍ ജപ്പാന്റെ സഹായത്തോടെ അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ ആര്‍മി രൂപവത്കരിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി നേതാജി പല രാജ്യങ്ങളും സന്ദര്‍ശിക്കുകയും ബ്രിട്ടനെതിരെ സായുധ യുദ്ധത്തിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. നിരവധി യുവാക്കള്‍ നേതാജിക്ക് പിന്നില്‍ അണിനിരന്നു. ഇതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി, നേതാജി മരണപ്പെട്ടുവെന്ന വാര്‍ത്ത ലോകമെങ്ങും പരന്നത്.
ബ്രിട്ടീഷുകാരോട് പോരാടുന്നതിനിടയില്‍ 1945 ആഗസ്റ്റ് 18ന് ഫോര്‍മോസയിലെ (ഇന്നത്തെ തായ്‌വാന്‍) തെയ്‌ഹോകു വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് നേതാജി കൊല്ലപ്പെട്ടു എന്നതാണ് ഇന്നും പരക്കെയുള്ള വിശ്വാസം. എന്നാല്‍ ഈ വാര്‍ത്തയുടെ വിശ്വാസ്യതയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് അന്നും ഇന്നും ശക്തി കുറഞ്ഞിട്ടില്ല. എന്നാല്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ലെന്നും റഷ്യയില്‍ ജീവിച്ചിരിക്കുന്നുവെന്നും സൂചിപ്പിക്കുന്ന രേഖകളും പില്‍ക്കാലത്ത് ചിലര്‍ പുറത്തു വിട്ടു. അതേ സമയം ഈ വിഷയത്തില്‍ അന്വേഷണം മുന്നോട്ട് പോയില്ല. ഇംഗ്ലീഷുകാരായ മൌണ്ട്ബാറ്റണ്‍, മക്ആര്‍തര്‍ എന്നിവര്‍ നിയമിച്ച അന്വേഷക സംഘങ്ങളും, ബ്രിട്ടീഷ് അമേരിക്കന്‍ കൌണ്ടര്‍ ഇന്റലിജന്‍സ് സര്‍വീസുമാണ് വിമാനാപകട വാര്‍ത്തയെ പൂര്‍ണമായും തള്ളിക്കളഞ്ഞത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ പതനത്തോടെ, കൂടുതല്‍ തയ്യാറെടുപ്പുകള്‍ക്കായി നേതാജി റഷ്യയിലേക്ക് ചേക്കേറിയിരിക്കാം എന്ന വിശ്വാസമാണ് ഇതോടെ ബലപ്പെട്ടത്. ഇവിടെയാണ് നേതാജിയുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ തുടങ്ങുന്നത്.
1945 ആഗസ്റ്റ് 18ന് തായ്‌വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നായിരുന്നു ഇക്കാലത്തെല്ലാം പുറം ലോകം വിശ്വസിച്ചതും ലോകത്തെ വിശ്വസിപ്പിച്ചതും. എന്നാല്‍ ആ മരണവാര്‍ത്ത പിന്നീട് ചുരുളഴിക്കാന്‍ കഴിയാത്ത നിഗൂഢതയായി മാറി. നേതാജിയുടെ ചിതാഭസ്മവും അവശിഷ്ടങ്ങളുമായി സൂക്ഷിച്ചിരുന്നതൊന്നും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേതല്ല എന്ന ഞെട്ടിക്കുന്ന വെളിപ്പടുത്തലുകള്‍ പുറത്തു വന്നു. ഇതോടെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ശക്തി കൂടി. സുഭാഷ് ചന്ദ്ര ബോസ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടി ലോകത്തിലെ തന്നെ ചരിത്ര ഗവേഷകര്‍ അലയുമ്പോള്‍ സര്‍ക്കാറിന് സത്യത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ഇത്ര കൊല്ലം കഴിഞ്ഞിട്ടും നേതാജി എവിടെ എന്ന കാര്യത്തില്‍ ആര്‍ക്കും മറുപടിയൊട്ടുണ്ടാക്കാനും കഴിഞ്ഞില്ല.
എന്നിട്ടും 1945 ആഗസ്റ്റ് 18ന് ബോസ് തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്നായിരുന്നു ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക ഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയെ നിയോഗിച്ചിരുന്നു. പാര്‍ലിമെന്റില്‍ പത്ത് വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തിന്റെ ഫലമായാണ് 1956ല്‍ ഷാനവാസ് ഖാന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ബന്ധിതനായിത്തീര്‍ന്നത്. ഈ രണ്ട് കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ പാര്‍ലിമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം രണ്ട് റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. പിന്നീട് 1999ല്‍ വാജ്പയിയുടെ ഭരണകാലത്ത് മുഖര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. 1945ല്‍ മേല്‍പ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അതേ സമയം നേതാജി മരിച്ചത് വിമാനാപകടത്തിലല്ലെന്നും സൈബീരിയയിലെ സോവിയറ്റ് തടവറയിലാണ് മരിച്ചതെന്നുമുള്ള രേഖകളും പുറത്തു പ്രചരിച്ചു. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലായ യുകുത്സ്‌കില്‍ വെച്ചാണ് നേതാജി മരിച്ചതെന്നായിരുന്നു പുതിയ രേഖകള്‍ നല്‍കിയ വാര്‍ത്ത. തിരോധാനത്തെക്കുറിച്ച് അന്വഷിച്ച കോസാല കമ്മീഷന് മുന്നില്‍ കോണ്‍ഗ്രസ് എംപിയും നയതന്ത്രജ്ഞനുമായിരുന്ന സത്യനാരായണന്‍ സിന്‍ഹ നല്‍കിയ മൊഴിയിലാണ് സോവിയറ്റ് ജയിലില്‍ നേതാജി ഉണ്ടായിരുന്നുവെന്ന പരാമര്‍ശങ്ങള്‍ ഉണ്ടായത്. 45ാം നമ്പര്‍ സെല്ലിലായിരുന്നു നേതാജി താമസിച്ചിരുന്നത്. സോവിയറ്റ് രഹസ്യ പോലീസായ എന്‍കെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു സിന്‍ഹയുടെ മൊഴി. എന്നാല്‍ കമ്മീഷന്‍ ഈ വാദം തള്ളുകയായിരുന്നു. വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്ന സുഭാഷ് ചന്ദ്രബോസ് ഇന്നും ഒരു അജ്ഞാത സ്ഥലത്ത് ജീവിച്ചിരിക്കുന്നുവെന്ന വാദവുമായി ഇടക്കാലത്ത്് ഭാരതീയ ശുഭസ് സേന എന്ന സംഘടനയും രംഗത്തെത്തിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് കീഴിലാണ് ഇത്തരമൊരു അപൂര്‍വ സത്യവാങ്ങ്മൂലം സമര്‍പ്പിക്കപ്പെട്ടത്. സുരക്ഷ ഉറപ്പ് നല്‍കിയാല്‍ അദ്ദേഹത്തെ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും നേതാജിയുടെ തിരോധാനത്തിന് പിന്നിലെ നിഗൂഢത പുറത്തു കൊണ്ടു വരാനായി ആരംഭിച്ച ഈ സംഘടന കോടതിയെ അറിയിച്ചു. നേതാജി ജീവിച്ചിരിക്കുന്നു എന്നത് സമര്‍ത്ഥിക്കാനായി 1997ല്‍ നേതാജി മരിച്ചതായി കണക്കാക്കരുതെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയും, നേതാജിയുടെ മരണവാര്‍ത്തയില്‍ സംശയം പ്രകടിപ്പിച്ച് 1946ല്‍ ബ്രിട്ടീഷ് ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യ ടെലിഗ്രാം സന്ദേശവും സത്യവാങ്ങ്മൂലത്തില്‍ പ്രതിപാദിച്ചിരുന്നു.എന്നാല്‍ 1897ല്‍ ജനിച്ച നേതാജി ഇന്നും ജീവിച്ചിരിക്കുന്നു എന്ന ഭാരതീയ ശുഭസ് സേനയുടെ ഈ വാദം തീര്‍ത്തും അവിശ്വസനീയമാണെന്ന് അന്ന് മദ്രാസ് ഹൈക്കോടതിയിലെ മറ്റ് ജഡ്ജുമാര്‍ അഭിപ്രായപ്പെടുകയായിരുന്നു.
റഷ്യയില്‍ വെച്ച് ജോസഫ് സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ഒന്നും ചെയ്തില്ലെന്നും ഏറ്റവുമൊടുവില്‍ സുബ്രഹ്മണ്യന്‍ സ്വാമിയും വെളിപ്പെടുത്തലുമായെത്തി. ജസ്റ്റിസ് മനോജ് മുഖര്‍ജി കമ്മീഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തല്‍ നടത്തിയത്. വിമാനാപകടത്തില്‍ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യന്‍ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്‍ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ല്‍ തൂക്കിലേറ്റുകയോ ശ്വാസം മുട്ടിച്ച് കൊല്ലുകയോ ചെയ്‌തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഇതിനിടെ അയോധ്യക്കു സമീപം ഫൈസാബാദില്‍ 1985 വരെ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസിക്ക് നേതാജിയുമായുള്ള അസാമാന്യരൂപസാദൃശ്യവും ചില ഗവേഷകരില്‍ ചില സംശയങ്ങള്‍ക്കിടയാക്കി. 2005 ജനുവരിയില്‍ തായ്‌വാന്‍ ഗവണ്‍മെന്റ്, മേല്‍പ്പറഞ്ഞ വിമാനാപകടം നടന്നിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഈ സംശയം ബലപ്പെട്ടു. മുഖസാദൃശ്യത്തിലും ഉയരത്തിലും രൂപത്തിലും പെരുമാറ്റത്തിലും നേതാജിയെ അനുസ്മരിപ്പിച്ച സന്യാസി. നേതാജിയുടെ അതേ വട്ടക്കണ്ണടയും സ്വര്‍ണവാച്ചും ധരിച്ചിരുന്നു. 1950കളില്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബര്‍ 16നാണത്രെ അന്തരിച്ചത്. സന്യാസിയായി ജീവിച്ച സുഭാഷ്‌ബോസ്, നെഹ്‌റുവിന്റെ നിര്യാണവേളയില്‍ ഡല്‍ഹിയിലെത്തിയിരുന്നുവെന്നും അഭ്യൂഹമുണ്ടായിരുന്നു. നെഹ്‌റുവിന്റെ ചിതയ്ക്കരികില്‍ സന്യാസിയെ കണ്ടുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതും സ്ഥിരീകരിക്കപ്പെട്ടില്ല. ഇക്കാര്യത്തില്‍ പിന്നീട് സര്‍ക്കാറിന്റെ വിശദീകരണവും വന്നു. ഇത് നേതാജിയല്ലെന്ന് നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് മുഖര്‍ജി കമ്മിഷന്‍ വിധിച്ചു. ബാബയുടെ പല്ലില്‍ നടത്തിയ ഡി എന്‍ എ പരിശോധനാ പ്രകാരമായിരുന്നു തീരുമാനം. ഭാരതത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ഒരു ധീരദേശാഭിമാനിയുടെ തിരോധാനം ഇനിയും ഒരു കടങ്കഥയായി എന്തുകൊണ്ടാണ് തുടരുന്നത്. ദുരൂഹത നീക്കാന്‍ ആര്‍ക്കാണ് തടസ്സം, അല്ലെങ്കില്‍ ആരാണ് തയ്യാറാകാത്തത്. ചോദ്യങ്ങള്‍ ഇനിയും ഉയര്‍ന്നു വന്നേക്കാം. മറുപടി പറയാനുള്ള ഭരണ കൂടത്തിന് നിര്‍ബന്ധമായും ബാധ്യതയുണ്ടെന്ന് ഇനിയും ആരെങ്കിലും ഓര്‍മ്മിപ്പിക്കേണ്ടതുണ്ടോ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest