നിരവധി കേസുകളിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

Posted on: April 12, 2015 5:10 am | Last updated: April 12, 2015 at 12:11 am

തൃശൂര്‍: ക്വട്ടേഷന്‍ കൊലപാതകം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഒമ്പതു വര്‍ഷത്തിനുശേഷം തൃശൂര്‍ ക്രൈംബ്രാഞ്ച് ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ് പി ആര്‍ കെ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരന്റെ സംഘത്തിലെ മുപ്ലിയം സ്വദേശി അരങ്ങത്ത് വീട്ടില്‍ ജോഷിദാസി(40)നെയാണ് എസ് ഐ കെ ജെ ചാക്കോയുടെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2006 ഫെബ്രുവരി 11ന് വൈത്തിരി ജംഗിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരീമിനെയും ഡ്രൈവറെയും വാഹനമടക്കം തട്ടിക്കൊണ്ടുപോകുകയും വയനാട് ചുരത്തിന് അടിവാരത്തുള്ള റബ്ബര്‍ എസ്‌റ്റേറ്റിലേക്ക് വലിച്ചെറിയുകയും ചെയ്ത കേസില്‍ ജോഷി ദാസിനെയും സംഘത്തെയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജോഷി ദാസ് കോടാലി ശ്രീധരനോടൊപ്പം കവര്‍ച്ചകള്‍ നടത്തുകയും ഈ കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുമ്പ് ഒളിവില്‍ പോകുകയുമായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ഇയാള്‍ മുംബൈയിലുണ്ടെന്ന രഹസ്യ വിവരം ലഭിക്കുകയായിരുന്നു. മുംബൈയിലെ പ്രധാന വാഹന നിര്‍മാതാക്കളുടെ പുതിയ വാഹനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന ജോലിചെയ്യുന്നതിനാല്‍ സ്ഥിരമായി താമസസ്ഥലത്ത് എത്താറില്ലെന്ന് മനസ്സിലാക്കിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്. തിരുവനന്തപുരത്ത് ഒരു സ്വകാര്യസ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ബാബു വര്‍ഗീസും അബ്ദുല്‍ കരീമും തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ബാബു വര്‍ഗീസ് കുപ്രസിദ്ധ ഗുണ്ടയായ കോടാലി ശ്രീധരന്റെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയും, ജോഷിദാസ്, അനിലന്‍ എന്നിവരടങ്ങിയ പത്തംഗ സംഘം അബ്ദുല്‍ കരീമിനെ അക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്ന കേസ് പീന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറുകയും, ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ഈ കേസിലെ സൂത്രധാരനായിരന്ന ബാബു വര്‍ഗീസ് കേസിന്റെ വിചാരണക്ക് മുമ്പ് മരണപ്പെട്ടു. 2005ല്‍ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാസര്‍കോട് ബിന്ദു ജ്വല്ലറി ഉടമയെയും മകനെയും വെട്ടി പരുക്കേല്‍പ്പിച്ച കേസിലും, മലപ്പുറം ജില്ലയിലെ മുട്ടിച്ചിറയില്‍ തൂബാ ജ്വല്ലറി ഉടമയെ അക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലും, ജോഷി ദാസ് പ്രതിയാണ്. 2006ല്‍ കോടാലി ശ്രീധരന്റെ സംഘത്തോടൊപ്പം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ വെച്ച് കുഴല്‍പണ വിതരണക്കാരനെ ആക്രമിച്ച 80 ലക്ഷം രൂപ കവര്‍ച്ച നടത്തിയതിന് ഗുണ്ടല്‍പേട്ട പോലീസും കേസെടുത്തിട്ടുണ്ട്.